2023 ഏപ്രിൽ 30 – പ്രോലൈഫ് സൺഡേ
അമ്മമാരുടെയും , ഡോക്ടർമാരുടെയും, പിറക്കാതെ പോയ കുഞ്ഞുങ്ങളുടെയും മദ്ധ്യസ്ഥയായ വിശുദ്ധ ജിയന്ന ബെരേറ്റാ മോളയുടെ തിരുന്നാൾ ദിനമായ ഏപ്രിൽ 28 നോടടുത്ത ഞായറാഴ്ച എല്ലാ വർഷവും രൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും പ്രോലൈഫ് സൺഡേ ആയി ആചരിക്കുവാൻ ഇരിങ്ങാലക്കുട രൂപതാ മെത്രാൻ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ ആഹ്വാനം ചെയ്തു.
ഈ വർഷത്തെ പ്രോലൈഫ് ദിനാഘോഷവും പ്രോലൈഫ് ട്രസ്റ്റിന്റെ രണ്ടാം വാർഷികവും സംയുക്തമായി ആഘോഷിച്ച വേദിയിലാണ് അഭിവന്ദ്യ പിതാവ് ഈ പ്രഖ്യാപനം നടത്തിയത്.
പ്രോലൈഫ് സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും അതിന് വേണ്ട പദ്ധതികൾ നടപ്പിലാക്കുന്നതിനും പ്രോലൈഫ് സൺഡേ സഹായകരമാകുമെന്ന് പിതാവ് ചൂണ്ടികാട്ടി.
ഈ വർഷം ഏപ്രിൽ മാസം 30 ന് ആണ് പ്രോലൈഫ് സൺഡേ ആചരിക്കുക. കേരള കത്തോലിക്കാ സഭയിൽ പ്രോലൈഫ് പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് പിതാവ് അഭിപ്രായപ്പെട്ടു.
നാല് മക്കളെങ്കിലും വേണം എന്നാഗ്രഹിക്കുന്ന കുടുംബങ്ങളുടെ എണ്ണം വർദ്ധിച്ചു വരുന്നതിലൂടെ ജീവസംസ്കാo വളർന്നു വരുന്നതായി നമുക്ക് അനുമാനിക്കാനും സന്തോഷിക്കാനും ഇട നൽകുന്നു എന്നു പിതാവ് കൂട്ടി ചേർത്തു.
കേരളത്തിലെ യുവജങ്ങളുടെ , പ്രത്യേകിച്ച് കത്തോലിക്കാ യുവജനങ്ങളുടെ കുടിയേറ്റവും അതിനോടനുബന്ധിച്ച് മാതാപിതാക്കളുടെ ഒറ്റപ്പെടൽ, വൈകിയുള്ള വിവാഹം, കുടിയേറ്റം മുന്നിൽ കണ്ട് മക്കൾക്ക് ജന്മം നൽകാതിരിക്കുന്ന ദമ്പതികൾ മുതലായവയും , ശരിയായ മാലിന്യ സംസ്കരണ അവബോധം, പ്രകൃതി വിഭവങ്ങളുടെ ചൂഷണം മുതലായവ ഈ വർഷത്തെ പ്രോ ലൈഫ് സൺഡേയിൽ ചർച്ചാ വിഷയമാകേണ്ടതെന്ന് യോഗം വിലയിരുത്തി.
രൂപതാ വികാരി ജനറാളും പ്രോലൈഫ് ട്രസ്റ്റ് വൈസ് ചെയമാനുമായ വെരി. റവ. ഫാ. ജോസ് മഞ്ഞളി, ട്രസ്റ്റ് ഡയറക്ടർ റവ. ഫാ. ജോജി പാലമറ്റത്ത്, രൂപതാ ഫിനാൻസ് ഓഫീസർ റവ. ഫാ. ലിജോ കോങ്കോത്ത്, ട്രസ്റ്റ് സെക്രട്ടറി ശ്രീ ജോളി എടപ്പിള്ളി, കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ശ്രീ. ജോഷി പുത്തിരിക്കൽ, സി.സി.എം പ്രസിഡന്റ് ശ്രമതി ബിൻഷ ജോബി എന്നിവർ സംസാരിച്ചു.