പാലാ . സാമൂഹ്യതിന്മകള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് നന്മയുടെ നാവ് ഉണരണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സും കാരിത്താസ് ഇന്ത്യയും സംയുക്തമായി കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി നടപ്പിലാക്കുന്ന ലഹരി വിമുക്ത യജ്ഞമായ ‘സജീവ’ത്തിന്റെ രൂപതാതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
സാമൂഹ്യതിന്മകള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് നിഷ്‌ക്രിയാത്മക നിലപാട് മാറ്റി നന്മയുടെ വക്താക്കളാകാന്‍ നമുക്കാകണം. മയക്കുമരുന്ന് ഉപയോഗം ഭീതികരമായ വിധം വര്‍ധിച്ചു വരുന്നതും വിദ്യാര്‍ഥികളെ ലഹരിക്കെണിയില്‍പ്പെടുത്തുന്ന സംഭവങ്ങളും ഏറെ ഗൗരവപൂര്‍വം കാണേണ്ടതാണെന്നും പാലാ രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ലഹരി വിമുക്ത യജ്ഞമായ ‘സജീവ’ത്തിന്റെ രൂപതാതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്. പാലാ അല്‍ഫോന്‍സ കോളജില്‍ നടന്ന സമ്മേളനത്തില്‍ കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ അധ്യക്ഷത വഹിച്ചു. പാലാ ഡിവൈഎസ്പി എ.ജെ. തോമസ്, കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ റജീനാമ്മ ജോസഫ്, പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, മാതൃവേദി രൂപത ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍, എസ്എംവൈഎം രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഫാ. ജോസഫ് പുലവേലില്‍, ഫാ. മാത്യു പുന്നത്താനത്തുകുന്നേല്‍, ഡാന്റീസ് കൂനാനിക്കല്‍, സിജി ലൂക്‌സണ്‍, സെന്‍ജു ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വനിതാദിനത്തിനു മുന്നോടിയായി മയക്കുമരുന്നിനെതിരേ സ്ത്രീശക്തി എന്ന മുദ്രാവാക്യവുമായി പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി, മാതൃവേദി, എസ്എംവൈഎം, ഡിസിഎംഎസ്, വനിതാ സ്വാശ്രയസംഘങ്ങള്‍, കോളജ് വിദ്യാര്‍ഥിനികള്‍ എന്നിവരുടെ സഹകരണത്തോടെ അല്‍ഫോന്‍സ കോളജ് അങ്കണത്തില്‍നിന്ന് ആരംഭിച്ച വനിതകളുടെ ഇരുചക്ര വാഹനറാലി ഡിവൈഎസ്പി എ.ജെ. തോമസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ളാലം പള്ളി മൈതാനത്ത് വികാരി ഫാ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.