ഫ്രാൻസിസ് പാപ്പായുടെ കോംഗോ – സൗത്ത് സുഡാൻ അപ്പസ്തോലിക സന്ദർശനത്തിനു ശേഷം ഇന്നലെ വൈകുന്നേരം (2023 ഫെബ്രുവരി 5) സൗത്ത് സുഡാനിൽ നിന്ന് വത്തിക്കാനിലേക്കുള്ള യാത്രയിൽ വിമാനത്തിൽ വച്ച് നടത്തിയ പത്രസമ്മേളനത്തിൽ സ്വവർഗ്ഗാനുരാഗത്തിന്റെ പേരിലുള്ള ക്രിമിനൽ വത്കരണത്തെക്കുറിച്ച് ഒരു പത്രപ്രവർത്തകൻ ചോദിച്ച ചോദ്യത്തിന്റെയും അതിന് മാർപാപ്പ നൽകിയ മറുപടിയുടെയും വിവർത്തനം താഴെ കൊടുക്കുന്നു…

പത്രപ്രവർത്തകൻ: പരിശുദ്ധ പിതാവേ, കോംഗോയിലേക്കും സൗത്ത് സുഡാനിലേക്കും അങ്ങ് അപ്പസ്തോലിക സന്ദർശനത്തിന് പുറപ്പെടുമ്പോൾ സ്വവർഗ്ഗരതിയുടെ ക്രിമിനൽവത്കരണത്തെ അങ്ങ് അപലപിച്ചിരുന്നല്ലോ? കഴിഞ്ഞ ദിവസം ഞാൻ കിൻഷാസയിൽ അഞ്ചു സ്വവർഗ അനുരാഗികളെ കണ്ടുമുട്ടി. അവരിൽ ഓരോരുത്തരെയും സ്വവർഗാനുരാഗത്തിന്റെ പേരിൽ സ്വന്തം കുടുംബത്തിൽ നിന്ന് തള്ളിക്കളയപ്പെട്ടവരും മാതാപിതാക്കളാൽ പുറത്താക്കപ്പെട്ടവരായിരുന്നു. തങ്ങൾക്ക് ഈ ദുരനുഭവം ഉണ്ടാകാൻ കാരണം മാതാപിതാക്കളുടെ മതവിശ്വാസം മൂലമാണെന്നാണ് അവർ എന്നോട് വ്യക്തമാക്കിയത്. അവരിൽ ചിലരെ ഭൂതോച്ചാടക പുരോഹിതരുടെ അടുത്തേക്ക് മാതാപിതാക്കൾ കൊണ്ടു പോകുന്നു, കാരണം അവർക്ക് അശുദ്ധാത്മാക്കൾ ബാധിച്ചതായി അവരുടെ കുടുംബങ്ങൾ വിശ്വസിക്കുന്നു. പരിശുദ്ധ പിതാവേ, അങ്ങയോടുള്ള എന്റെ ചോദ്യം ഇതാണ്: സ്വന്തം മക്കളെ പുറത്താക്കുന്ന, വേണ്ടെന്നുവെയ്ക്കുന്ന കോംഗോയിലെയും സൗത്ത് സുഡാനിലെയും ചില കുടുംബങ്ങളോടും പുരോഹിതരോടും മെത്രാന്മാരോടും അങ്ങേയ്ക്ക് എന്താണ് പറയാനുള്ളത്?

ഫ്രാൻസിസ് പാപ്പാ: ഈ വിഷയത്തെക്കുറിച്ച് ഇതിനുമുമ്പുള്ള രണ്ട് യാത്രകളിൽ ഞാൻ സംസാരിച്ചിരുന്നു. ഒന്ന് ബ്രസീലിലേക്ക് ഉള്ള യാത്രയിൽ: അന്ന് ഞാൻ പറഞ്ഞത്, സ്വവർഗാനുരാഗ പ്രവണതയുള്ള ഒരു വ്യക്തി ദൈവത്തിൽ വിശ്വസിച്ച്, ദൈവത്തെ അന്വേഷിച്ചാൽ അവനെ വിധിക്കുവാനോ, തടയുവാനോ ഞാൻ ആരാണെന്നായിരുന്നു…

രണ്ടാമത്തേത് അയർലണ്ടിൽ നിന്നും മടങ്ങിവരുന്ന യാത്രയിലായിരുന്നു: എന്റെ ഓർമ്മയിൽ അല്പം പ്രശ്നങ്ങൾ സൃഷ്ടിച്ച ഒരു യാത്രയായിരുന്നു അത്, കാരണം ആ ദിവസങ്ങളിലായിരുന്നു ആ കൗമാരക്കാരന്റെ കത്ത് പുറത്തിറങ്ങിയത്. അന്ന് ഞാൻ അവന്റെ മാതാപിതാക്കളോട് വ്യക്തമായി പറഞ്ഞു, സ്വന്തം ഭവനത്തിൽ ജീവിക്കുവാനുള്ള അവകാശം അവനുണ്ട്. സ്വവർഗ്ഗാനുരാഗ ഓറിയന്റേഷൻ ഉള്ള മക്കളെ മാതാപിതാക്കൾ സ്വന്തം ഭവനത്തിൽ നിന്ന് പുറത്താക്കാൻ പാടില്ല.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഞാൻ നൽകിയ ഒരു അഭിമുഖത്തിൽ ഞാൻ എന്തോ പറഞ്ഞിരുന്നു, വ്യക്തമായി ഓർക്കുന്നില്ല. സ്വവർഗ്ഗാനുരാഗത്തിന്റെ ക്രിമിനൽവത്കരണം ഒരു വലിയ പ്രശ്നം ആണ്. അത് നിസാരമായി തള്ളിക്കളയാനുള്ളതല്ല. വിദഗ്ധരുടെ കണക്കുകൂട്ടൽ അനുസരിച്ച് ലോകമെമ്പാടുമുള്ള ഏകദേശം 50 രാജ്യങ്ങൾ ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വവർഗ്ഗാനുരാഗത്തെ ക്രിമിനൽവത്കരണം നടത്തുന്നു എന്നതാണ് സത്യം.

ഈ 50 രാജ്യങ്ങളിൽ ഏകദേശം 10 രാജ്യങ്ങൾ സ്വവർഗാനുരാഗത്തെ പ്രത്യക്ഷമായോ പരോക്ഷമായോ വധശിക്ഷ കൊണ്ട് നേരിടുന്നുണ്ട്, ഇത് അന്യായം ആണ്. സ്വവർഗാനുരാഗ പ്രവണതയുള്ള വ്യക്തികളും ദൈവത്തിന്റെ മക്കൾ ആണ്. ദൈവം അവരുടെ കൂടെയുണ്ട്. ദൈവം അവരെ സ്നേഹിക്കുന്നു. സ്വവർഗാനുരാഗ പ്രവണതയുടെ പേരിൽ ഒരാൾക്ക് വധശിക്ഷ നൽകുകയോ അവരെ ഇല്ലാതാക്കുകയോ ചെയ്യുന്നത് അനീതിയും പാപവുമാണ്.

ഇന്ന് ദുരുദ്ദേശത്തോടെ ഉയർന്നുവന്നിരിക്കുന്ന പല ഗ്രൂപ്പുകളെ പറ്റിയല്ല, മറിച്ച് ഓരോ വ്യക്തികളെക്കുറിച്ചാണ് ഞാൻ പറയുന്നത്.

സ്വവർഗ്ഗാനുരാഗികൾ വിവിധ ഗ്രൂപ്പുകൾ പടുത്തുയർത്തുകയും വിവിധ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു എന്ന് പലപ്പോഴും പലരും പരാതിപ്പെടാറുണ്ട്. എന്നാൽ അതെല്ലാം മറ്റൊരു പ്രശ്നമാണ്. പ്രത്യേകിച്ച് വിവിധ ലോബികൾ… ഞാൻ പറയുന്നത് യഥാർത്ഥത്തിൽ വ്യക്തികളെക്കുറിച്ചാണ്.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ പറയുന്ന ഒരു വാചകം “അവർ പാർശ്വവത്കരിക്കപ്പെടേണ്ടവരല്ല” എന്നാണ്. ഈ ചോദ്യത്തിന് ഞാൻ വ്യക്തമായി ഉത്തരം നൽകിയെന്ന് വിശ്വസിക്കുന്നു…

വിവർത്തനം:

സി. സോണിയ തെരേസ് ഡി. എസ്. ജെ

നിങ്ങൾ വിട്ടുപോയത്