സഭയിലെ ഭിന്ന നിലപാടുകൾ പരിധികൾ ലംഘിക്കരുത് |സ്വയം നിർണ്ണായവകാശമുള്ള ഒരു സഭാ കൂട്ടയ്മയിൽ/വ്യക്തിഗത സഭയിൽ രൂപത ബിഷപ്പിനും സഭയുടെ സിനഡിനും വിരുദ്ധമായി ഒരു ഇടവക വൈദികന് ഇടവകയോ, ഇടവക ജനങ്ങളുടേമേൽ അധികാരമോ, കൂദാശാപരമായ ദൗത്യമോ ഇല്ല.

കത്തോലിക്കാ സഭയിൽ വിശ്വാസപരവും ആരാധനാക്രമപരവും ഭരണപരവുമായവിഷയങ്ങളിൽ ഭിന്ന അഭിപ്രായങ്ങളും നിലപാടുകളും അവമൂലമുള്ള പ്രതിസന്ധികളും രൂപംകൊള്ളുന്നത് പുതിയകാര്യമല്ല. അത്തരം വിഷയങ്ങൾക്കൊക്കെ പ്രാർത്ഥനാപൂർവം പരിഹാരംതേടുന്ന പതിവും പാരമ്പര്യവും സഭയ്ക്കുണ്ടുതാനും. പ്രതിസന്ധികൾ ഭിന്നതകൾക്കല്ല, പുതിയ സാധ്യതകളിലേക്കും ചൈതന്യത്തിലേക്കുമുള്ള വാതിലുകൾ തുറക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ, അപൂർവമായെങ്കിലും പ്രതിസന്ധികൾ സഭയെ മുറിപ്പെടുത്തുന്ന ഭിന്നതകളിലേക്കും ശീശ്മകളിലേക്കും സഭയെ കൊണ്ടുചെന്നെത്തിച്ചിട്ടുമുണ്ട്.

അഭിപ്രായ ഭിന്നത, പ്രത്യയശാസ്ത്ര/ഐഡിയോളജിക്കൽ രൂപം കൈക്കൊള്ളുകയും, പ്രത്യയശാസ്ത്രത്തിനു വെളിയിലേക്ക് ചിന്തിക്കാനുള്ള സാദ്ധ്യതകൾ അടഞ്ഞുപോവുകയും ചെയ്യുമ്പോൾ, അത്തരം പ്രത്യയശാസ്ത്രങ്ങൾ സ്വീകരിക്കുന്നവർ അതിൽ കുടുങ്ങിപോകുന്നു. അങ്ങിനെയാണ് സഭയിൽ പുതിയ ശീശ്മകൾ രൂപംകൊള്ളുന്നതും സഭക്കുപുറത്തേക്കുള്ള വാതിലുകളും വഴികളുമായി അവ പരിണമിക്കുന്നതും.

സഭയിൽ ഭിന്നതകളുടെ വിത്തു വിതക്കുന്നതും അവയെ കിളിർപ്പിച്ചു വളർത്തി വലുതാക്കുന്നതുമൊന്നും സഭയിലെ സാധാരണ വിശ്വാസികളായ അൽമായരല്ല എന്നതും ശ്രദ്ധേയമാണ്. അവരെ ഒരു ഐഡിയോളജി പഠിപ്പിച്ച്‌, അതിന്റെ തടവറയിലാക്കുന്നതും ഐഡിയോളജിയെ ശീശ്മയാക്കി വളർത്തുന്നതുമെല്ലാം സഭയിലെ പൗരോഹിത്യത്തിന്റെ വിവിധ തലങ്ങളിലുള്ളവരാണ് എന്നതും ശ്രദ്ധേയമാണ്.

പൗരോഹിത്യം നൽകുന്ന പദവിയും അധികാരവും സ്വാധീനവും, സഭയുടെ ചട്ടക്കൂടിനും അടിസ്ഥാന മൂല്യങ്ങൾക്കും ദൗത്യത്തിനും നിരക്കാത്ത തരത്തിലും രീതികളിലും ഉപയോഗിച്ചുകൊണ്ട്, തങ്ങളുടെ പ്രത്യയശാസ്ത്ര നിലപാടുകൾ സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങളുമായി ഒരു പുരോഹിതനോ, ഒരു കൂട്ടം പുരോഹിതരോ പൗരോഹിത്യ ദൗത്യങ്ങളുടെ പേരിൽ മുന്നോട്ടുപോകുമ്പോൾ, പ്രതിസന്ധിയുടെ ആഴം വർധിക്കുകയും അനന്തര ഫലങ്ങൾ ഗുരുതരമാവുകയും ചെയ്യും.

കത്തോലിക്കാ സഭയിൽ പൗരോഹിത്യം നിലനിൽക്കുന്നത് സഭയിലും സഭായോടൊത്തുമാണ്. പൗരോഹിത്യത്തിന്റെ അധികാരങ്ങളും ദൗത്യവും സഭയിലും സഭായോടൊത്തുമാണ്. വ്യക്തിപരമായോ സംഘടിതമായോ അതിനു സഭേതരവും സഭാ വിരുദ്ധവുമായ അസ്തിത്വത്തിനു പ്രസക്തിയില്ല. സഭയോടൊത്തല്ലാതെ അതിനു ശുശ്രൂഷാപരമായ സവിശേഷ ദൗത്യവുമില്ല.

സഭായോടൊത്തായിരിക്കുക എന്നാൽ സഭയുടെ പ്രാദേശികവും സാർവത്രികവുമായ കൂട്ടായ്മയിൽ കൂദാശാപരമായും കാനോനികമായും ഉൾപ്പെട്ടിരിക്കുക എന്നാണർത്ഥം. ഇടവക വൈദികന് ഇടവകയിൽ ദൗത്യവും ശുശ്രൂഷയുമുള്ളത് ‘വികാരി’ എന്ന നിലയിലാണ്. അദ്ദേഹത്തിന്റെ ദൗത്യം ‘വൈകേറിയസ്’ അഥവാ ‘മറ്റൊരാളുടെ സ്ഥാനത്തു’ നിന്നുകൊണ്ടുള്ളതാണ്. ആത്മീയമായി അതു ക്രിസ്തുവിനുവേണ്ടിയുള്ളതും കാനോനികമായും കൗദാശികമായും അതു ബിഷപ്പിന്റെ സ്ഥാനത്തു നിന്നുകൊണ്ടുള്ളതുമാണ്.

അതുകൊണ്ടുതന്നെ, സ്വയം നിർണ്ണായവകാശമുള്ള ഒരു സഭാ കൂട്ടയ്മയിൽ/വ്യക്തിഗത സഭയിൽ രൂപത ബിഷപ്പിനും സഭയുടെ സിനഡിനും വിരുദ്ധമായി ഒരു ഇടവക വൈദികന് ഇടവകയോ, ഇടവക ജനങ്ങളുടേമേൽ അധികാരമോ, കൂദാശാപരമായ ദൗത്യമോ ഇല്ല. ഇക്കാര്യം സഭയിലെ ഉത്തരവാദപ്പെട്ടവർ നിയമാനുസൃതമുള്ള നടപടിയിലൂടെ നടപ്പാക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന മുറയ്ക്ക്, സഭാവിരുദ്ധ നിലപാടുള്ള ഐഡിയോളജിക്കൽ കടുംപിടുത്തങ്ങളുള്ളവർ സഭയുടെ ചട്ടക്കൂടിനും പൗരോഹിത്യ ചുമതലകൾക്കും അധികാരാവകാശങ്ങൾക്കും പുറത്താവുകയും ചെയ്യും. സാർവത്രിക സഭയുടെ പരമാധികാരിയായ മാർപാപ്പയും അദ്ദേഹത്തിനു കീഴിലുള്ള ഭരണ സംവിധാനങ്ങളും സ്വയം നിർണ്ണയാവകാശമുള്ള ഒരു വ്യക്തി സഭയുടെ സിനഡിന്റെ, ആഭ്യന്തര പരമാധികാരത്തെ ചോദ്യം ചെയ്യുന്ന രീതിയും കത്തോലിക്കാ സഭയിലില്ല.

ഇത്തരം യഥാർഥ്യങ്ങൾ മനസ്സിലാക്കാതെ, വൈകാരികമായും നിയമവിരുദ്ധമായ മാർഗങ്ങളിലൂടെയും സഭയിൽ കലഹം വളർത്തി കലാപമുണ്ടാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ രാജ്യത്തിന്റെ നിയമ സംവിധാനങ്ങൾ അതിനെതിരെ നടപടി സ്വീകരിക്കാൻ ബാധ്യസ്തമാണ്.

ഫാ. വർഗീസ് വള്ളിക്കാട്ട്

നിങ്ങൾ വിട്ടുപോയത്