ഇന്നലെ പാലാ ബിഷപ്സ് ഹൗസിന്റെ പൂക്കള്‍ നിറഞ്ഞ പൂമുഖത്ത് രണ്ട് വിശുദ്ധര്‍ തമ്മിലുള്ള കൂടിക്കാഴ്ച കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായി; ഹന്ത ഭാഗ്യം ജനാനാം…! അവിടമാകെ പരന്ന പോസിറ്റീവ് എനര്‍ജി കൊണ്ടാകണം വിശുദ്ധരുടെ പിന്നില്‍ നിന്ന കൊച്ചു മാവ് മരത്തിന്റെ തളിരില പോലും തുടര്‍ച്ചയായി തലയാട്ടി, ഇരുവരെയും സ്വാഗതം ചെയ്തുകൊണ്ട്. ഇതിലൊരാള്‍ വലിയ ഇടയനാണ്, പാലാ രൂപതയുടെ സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് മുരിക്കന്‍ തിരുമേനി. രണ്ടാമത്തെയാള്‍ 430 ഈശ്വരന്‍മാരെ നിത്യം ഊട്ടിയും ഉറക്കിയും പരിപാലിക്കാന്‍ ഭാഗ്യം ലഭിച്ച സന്തോഷ് ജോസഫ് മരിയസദനവും.
ക്രൈസ്തവ സഭയില്‍ വിശുദ്ധരാക്കാന്‍ അത്ഭുത സാക്ഷ്യങ്ങള്‍ വേണം, പിന്നീടിതിന് ഒരുപാട് നടപടിക്രമങ്ങളുമുണ്ട്. എന്നാല്‍ ഇന്ന് ജീവിച്ചിരിക്കുന്ന മുരിക്കന്‍ പിതാവും സന്തോഷ് ജോസഫും എന്നെപ്പോലെ ലക്ഷക്കണക്കായ മനുഷ്യ മനസ്സുകളില്‍ എന്നേ വിശുദ്ധരായി റേഷന്‍ മുടങ്ങിയതുമൂലം മരിയ സദനില്‍ ഉണ്ടായ ഗുരുതരമായ പ്രതിസന്ധിയെക്കുറിച്ച് ”കേരള കൗമുദി” വാര്‍ത്തയില്‍ നിന്ന് അറിഞ്ഞ മുരിക്കന്‍ പിതാവ് സന്തോഷ് ജോസഫിനെ അപ്പോള്‍തന്നെ വിളിച്ചു; ”സന്തോഷേ എന്തു പ്രശ്നമുണ്ടെങ്കിലും അതെല്ലാം നമുക്ക് പരിഹരിക്കാം, പ്രാര്‍ത്ഥന തുടരട്ടേ, ഇന്നുതന്നെ ഇതിന് പരിഹാരം ഉണ്ടായിരിക്കും”. മുരിക്കന്‍ പിതാവിന്റെ പ്രവചനം അച്ചട്ടായി.
അന്ന് രാവിലെ മുതല്‍ ഇന്നലെ ഇതെഴുതുന്ന വൈകിട്ട് അഞ്ച് മണി വരെ സന്തോഷ് ജോസഫ് അറ്റന്‍ഡ് ചെയ്തത് രണ്ടായിരത്തില്‍പരം കാരുണ്യ ഫോണ്‍കോളുകളാണ്. ബിഷപ്പ് മുരിക്കനെ കണ്ട് സന്തോഷ് ജോസഫ് മരിയസദനിലേക്ക് മടങ്ങിയെത്തിയപ്പോള്‍ മൂന്ന് ചാക്ക് അരിയുമായി ഒരു ഹൈന്ദവ സഹോദരന്‍ കാത്തുനില്‍ക്കുന്നു. തൊട്ടുപിന്നാലെ പാലാ എസ്.ഐ. എം.ഡി.അഭിലാഷ്, എ.എസ്.ഐ. സുദേവ് എന്നിവരുടെ നേതൃത്വത്തില്‍ അഞ്ച് ചാക്ക് അരിയുമായി പോലീസിന്റെ കാരുണ്യ മുഖം മരിയസദന്റെ മുറ്റത്ത്.
”ഈ പ്രതിസന്ധിയും പുറത്തിങ്ങനെ അറിയിക്കണമെന്ന് ഞാന്‍ കരുതിയതല്ല. സുനില്‍ നിര്‍ബന്ധിച്ച് പറഞ്ഞതുകൊണ്ട് മാത്രമാണ് പത്രവാര്‍ത്ത കൊടുക്കാന്‍ പോലും ഞാന്‍ സമ്മതിച്ചത്. അതെന്തായാലും ഒരുപാട് അനുഗ്രഹമായി” – മരിയ സദനിലെ കുഞ്ഞ് ഓഫീസ് മുറിയില്‍ മേശയ്ക്ക് മുന്നിലിരുന്ന കൊന്തയില്‍ വിരലോടിച്ചുകൊണ്ട് പറയുമ്പോള്‍ സന്തോഷിന്റെ കവിളില്‍ സന്തോഷക്കണ്ണീര്‍ ചാലിട്ടൊഴുകി.
”ഞാന്‍ തമ്പുരാനില്‍ അടിയുറച്ച് വിശ്വസിക്കുന്നു. മരിയസദനിന്റെ നടത്തിപ്പിനായി ഇന്നേ വരെ പണമോ മറ്റ് വസ്തുക്കളോ ആരോടും അങ്ങോട്ട് ചോദിച്ച് പോയിട്ടില്ല. മരിയസദന്‍ നടത്തുന്നത് തമ്പുരാനാണെങ്കില്‍ അത് സമയത്ത് എവിടെ നിന്നെങ്കിലും വന്നിരിക്കും, എനിക്കുറപ്പുണ്ട്”. ഇതു പറഞ്ഞ സന്തോഷ് പതിനഞ്ച് വര്‍ഷം മുമ്പത്തെ ഒരു അത്ഭുത സംഭവവും ഓര്‍ത്തെടുത്തു; അന്ന് മരിയ സദനില്‍ 258 പേര്‍ അന്തേവാസികളായുണ്ട്. ഒരു ദിവസം ഉച്ചയ്ക്ക് ചോറിനുള്ള അരിയില്ല. അടുക്കള കൈകാര്യം ചെയ്തിരുന്ന സണ്ണി, ഓഫീസിലെത്തി ആരെയെങ്കിലും വിളിച്ച് അരി വാങ്ങാന്‍ പലതവണ സന്തോഷിനോട് പറഞ്ഞു. 11.30 ആയിട്ടും സന്തോഷിന് കുലുക്കമില്ല.
‘ഞാന്‍ ഈശ്വരനില്‍ വിശ്വസിക്കുന്നു. അദ്ദേഹം ഇത് കാണുന്നില്ലെങ്കില്‍ പിന്നെയെനിക്കൊന്നും പറയാനില്ല.’ അരി ആരോടെങ്കിലും ചോദിച്ചു വാങ്ങാന്‍ ആവശ്യപ്പെട്ട് പലതവണ സമീപിച്ച അടുക്കളക്കാരന്‍ സണ്ണിയെ ഇതു പറഞ്ഞ് സന്തോഷ് മടക്കിയയച്ചു. ‘ഇതെന്തൊരു മനുഷ്യനാ ഇത്രയും പേര്‍ പട്ടിണികിടക്കില്ലേ…?.’ ആത്മഗതം പോലെ പിറുപിറുത്തുകൊണ്ട് സണ്ണി മടങ്ങി.
സമയം 12.30. അപ്പോള്‍ മരിയസദനിലെ ലാന്‍ഡ് ഫോണ്‍ അടിച്ചു. കേറ്ററിംഗുകാരനായ ഒരാളാണ് മറുതലയ്ക്കല്‍; ”ഇന്നൊരു സല്‍ക്കാരപ്പാര്‍ട്ടി ഉണ്ടായിരുന്നു. 500 ബിരിയാണികള്‍ മിച്ചം വന്നു. ഞാനിതിപ്പോള്‍ അങ്ങ് കൊണ്ടുവരികയാ”. കേറ്ററിംഗുകാരന്‍ പറഞ്ഞു നിര്‍ത്തിയതും പൊട്ടിക്കരച്ചിലോടെ സന്തോഷ് ഫോണ്‍ താഴെവച്ചതും ഒരുമിച്ചായിരുന്നു. മുമ്പ് ഒരുപാട് തവണ ചെറിയ ചെറിയ അനുഭവങ്ങളിലൂടെ ദൈവം പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇത്ര വലിയൊരു അനുഗ്രഹം അതാദ്യമായിരുന്നു. 258 പേര്‍ക്ക് വേണ്ട ആഹാരത്തിന്റെ ഇരട്ടിയോളം തമ്പുരാന്‍ കൊടുത്തയയ്ക്കുന്നു. അന്ന് ഓരോ അന്തേവാസിക്കും ഭക്ഷണം വിളമ്പുമ്പോള്‍ സന്തോഷും ഭാര്യ മിനിയും മക്കളും ദൈവത്തിന് നന്ദി പറഞ്ഞു. ഒപ്പം സാക്ഷ്യം പറയാന്‍ കണ്ണുനീര്‍ത്തുള്ളികളും മത്സരിച്ചു.
”കൊവിഡ് കാലത്താണ് വലിയൊരു പ്രതിസന്ധി ഉണ്ടായത്. അന്നും എന്നെ സഹായിച്ചത് സുനിലും ‘കേരള കൗമുദി ‘യുമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പിടിച്ചുനില്‍ക്കാനാവാതെ വന്നപ്പോഴും എനിക്ക് തുണയായി കേരള കൗമുദിയെ മുന്നില്‍ നിര്‍ത്തിയതും തമ്പുരാന്റെ ഇടപെടലാണെന്ന് നിശ്ചയം”. വാക്കുകള്‍ക്കൊണ്ടുള്ള നന്ദിക്കൊപ്പം സന്തോഷ് ജോസഫ് ഹസ്തദാനത്തിന് കൈപിടിച്ചപ്പോള്‍ വൈദ്യുതി മിന്നല്‍ പോലൊരു ഊര്‍ജ്ജം ദേഹത്തേയ്ക്ക് പെരുത്തുകയറി; എന്നെ ദൈവം തൊട്ടു!!
*സുനിൽ
9446579399**
മരിയ സദൻ സന്തോഷ് മൊബൈൽ നമ്പർ- 9061404568*