ഐതിഹ്യമനുസരിച്ച് തോമാ ശ്ലീഹാ ആദ്യം ദമാസ്കസിലേക്കും അവിടെ നിന്ന് അന്ത്യോക്യയിലേക്കും തുടർന്ന് ബാക്ട്രിയായിലേക്കും വടക്കേ ഇന്ത്യയിലേക്കും പോയി. അവിടെ നിന്നു എത്യോപ്യയിലേക്കും കപ്പൽ മാർഗ്ഗം മല്യംകരയിലും വന്നു.

ശ്ലീഹാ കേരളത്തിലുടനീളം യാത്ര ചെയ്തു സുവിശേഷം അറിയിച്ചു. കൊടുങ്ങല്ലൂർ , പാലയൂർ , കൊക്കമംഗലം, പറവൂർ, നിരണം , കൊല്ലം, നിലയ്ക്കൽ എന്നീ ഏഴു സ്ഥലങ്ങളിൽ അനേകരെ ഈശോമിശിഹായുടെ ശിഷ്യരാക്കുകയും ക്രൈസ്തവ സമൂഹങ്ങൾക്കു രൂപം കൊടുക്കുകയും ചെയ്തു. കേരളത്തിൽ നിന്നും ശ്ലീഹാ ചോളമണ്ഡലത്തിലെത്തി . മൈലാപ്പൂരിലെ രാജാവ് രാജസേനനും സഹോദരനും ക്രിസ്തുമതം സ്വീകരിച്ചു. ചന്ദ്രപുരിയെന്ന സ്ഥലത്തെ പത്രോസ് , പൗലോസ് എന്നിവരിൽ പൗലോസിനെ വൈദീക മേലധ്യക്ഷനാക്കി . അതിനു ശേഷം കേരളത്തിലേക്ക് മടങ്ങി. മലയാറ്റൂരിൽ പ്രാർധിച്ചതായി പറയപ്പെടുന്നു. നേരത്തെ സ്ഥാപിച്ച സഭാ സമൂഹങ്ങളെല്ലാം തോമാശ്ലീഹാ സന്ദർശിക്കുകയും വിശ്വാസത്തിൽ ഉറച്ചു നിൽക്കുവാൻ വേണ്ട ഉപദേശങ്ങൾ നൽകുകയും ചെയ്തു. കൊടുങ്ങല്ലൂർ രാജാവിന്റെ മകനായ കെപ്പായുടെ തലയിൽ കൈവച്ചു സഭാധ്യക്ഷനായി വാഴിച്ചു. അതിനു ശേഷം നിലയ്ക്കൽ വഴി പാണ്ടിയിലേക്കും അവിടെ നിന്നും മൈലാപ്പൂരിലേക്കും പോയി. മൈലാപ്പൂരിൽ പ്രാർധനയിൽ നിമഗ്‌നനായി നിൽക്കുമ്പോൾ എബ്രാൻമാർ തോമ്മാശ്ലീഹായെ കുന്തം കൊണ്ട്‌ കുത്തി കൊലപ്പെടുത്തി. ഇതാണ് പ്രാചീന പാരമ്പര്യമായി വിവിധ കലാരൂപങ്ങളിലൂടെ നമുക്ക് ലഭിക്കുന്ന തോമാശ്ലീഹായുടെ പ്രേഷിത ചരിത്രം.

പ്രാദേശിക പാരമ്പര്യങ്ങൾ

ഭാരത ക്രൈസ്തവരുടെ ഇടയിൽ മിശിഹാ കാലം ആദ്യ നൂറ്റാണ്ടുകൾ മുതൽക്കേ നിലവിലിരുന്ന നിരവധി ഐതീഹ്യങ്ങളും പാരമ്പര്യങ്ങളും തോമ്മാ ശ്ലീഹായുടെ ഭാരത പ്രവേശത്തെയും സഭാ സ്ഥാപനത്തെയും സൂചിപ്പിക്കുന്നു. തോമാശ്ലീഹാ സുവിശേഷം പ്രസംഗിച്ച സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തിന്റെ അത്ഭുതങ്ങളെപ്പറ്റിയും സ്ഥാപിച്ച ദേവാലയങ്ങളെപ്പറ്റിയും ഒട്ടേറെ ഐതീഹ്യങ്ങൾ നിലവിലുണ്ട്. മാർത്തോമാ നസ്രാണികൾ എന്ന പേരിൽ ഒരു വലിയ ക്രൈസ്തവ സമൂഹം ഇന്നാട്ടിൽ ഇന്നും ഉണ്ട്. ഇതു തന്നെ ശ്ലീഹായുടെ പ്രേഷിത പ്രവർത്തനത്തിന്റെ തെളിവാണ്.

മിശിഹാനുയായികൾ ക്രിസ്ത്യാനികൾ എന്നു ആദ്യമായി വിളിക്കപ്പെടുന്നത് അന്ത്യോക്യയിൽ വച്ചാണ്. ( അവനെ കണ്ടു മുട്ടിയപ്പോള്‍ അന്ത്യോക്യായിലേക്കു കൂട്ടി ക്കൊണ്ടു പോന്നു. ഒരു വര്‍ഷം മുഴുവന്‍ അവര്‍ അവിടത്തെ സഭാസമ്മേളനങ്ങളില്‍ പങ്കെടുക്കുകയും വളരെപ്പേരെ പഠിപ്പിക്കുകയും ചെയ്‌തു. അന്ത്യോക്യായില്‍ വച്ചാണ്‌ ശിഷ്യന്‍മാര്‍ ആദ്യമായി ക്രിസ്‌ത്യാനികള്‍ എന്ന്‌ വിളിക്കപ്പെട്ടത്‌.അപ്പ. പ്രവര്‍ത്തനങ്ങള്‍ 11:26) അന്ത്യോക്യയിൽ ഈ പേര് ലഭിക്കുന്നതിന് മുൻപ് തന്നെ കേരളത്തിൽ സുവിശേഷം എത്തിയിരുന്നത് കൊണ്ടാണ് നസ്രായന്റെ അനുയായികൾ എന്നർത്ഥമുള്ള നസ്രാണികൾ എന്ന പേരിൽ ഈ സമൂഹം ഇന്നും അറിയപ്പെടാൻ കാരണം.

തോമാശ്ലീഹാ കപ്പലിറങ്ങിയ തുറമുഖവും സ്ഥാപിച്ച പള്ളികളും പ്രാർത്ഥിച്ച മലകളും സംസ്കരിക്കപ്പെട്ട കബറിടവും ഇന്നും സംപൂജ്യമായിത്തന്നെ കരുതപ്പെടുന്നു. തോമാശ്ലീഹാ വൈദീക സ്ഥാനത്തേക്ക് ഉയർത്തിയവർ എന്നു കരുതപ്പെടുന്ന പകലോമറ്റം ശങ്കരപുരി തുടങ്ങിയ അതി പുരാതന കുടുംബങ്ങൾ ഇന്നുമുണ്ട്. തോമാശ്ലീഹായുടെ പ്രേഷിത പ്രവർത്തനങ്ങളെ പ്രകീർത്തിക്കുന്ന പാട്ടുകൾ ഇപ്പോഴും ആലപിക്കപ്പെടുന്നു. പ്രാചീനകാലം മുതൽ തന്നെ ഇന്നാട്ടിൽ നിന്നും വിദേശത്തു നിന്നും അനേകം പേർ മൈലാപ്പൂരിലെ ശ്ലീഹായുടെ കബറിടം സന്ദർശിക്കുകയും നേർച്ചകാഴ്ചകൾ സമർപ്പിക്കുകയും ചെയ്തു പൊരുന്നു. മൈലാപ്പൂരിൽ അല്ലാതെ മറ്റൊരിടത്തും ഇതു വരെയും തോമാശ്ലീഹായുടെ കബറിടം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. ഈ പ്രാദേശിക പാരമ്പര്യങ്ങളെല്ലാം തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്ത്വത്തിലേക്കു വിരൽ ചൂണ്ടുന്നു.

സപ്ത ദേവാലയങ്ങൾ

തോമാശ്ലീഹാ ഭാരതത്തിൽ പ്രേഷിത പ്രവർത്തനം നടത്തിയെന്നതിന്റെ മറ്റൊരു പ്രത്യക്ഷ തെളിവാണ് പാലയൂർ, കൊടുങ്ങല്ലൂർ, കോട്ടക്കാവ് (Paravoor) , കൊക്കമംഗലം, നിരണം, കൊല്ലം, നിലയ്ക്കൽ( ചായൽ) എന്നിവിടങ്ങളിലെ പുരാതന ക്രൈസ്തവ സമൂഹങ്ങൾ. ഇവ സപ്ത ദേവാലയങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു. ഈ സ്ഥലങ്ങളെല്ലാം സുഗന്ധവ്യഞ്ജനങ്ങൾ കയറ്റി അയയ്ക്കുന്ന വാണിജ്യ കേന്ദ്രങ്ങൾ ആയിരുന്നു. ഇവിടെ വിദേശ വാണിജ്യ രംഗത്തു മധ്യവർത്തികളായി വർത്തിച്ചിരുന്ന യഹൂദർ വസിച്ചിരുന്ന യഹൂദ കോളണികളും ഉണ്ടായിരുന്നു. ഇ യഹൂദ കോളണികൾ കേന്ദ്രീകരിച്ചായിരുന്നു തോമ്മാശ്ലീഹായുടെ പ്രേഷിത പ്രവർത്തനം . അതുകൊണ്ടു തന്നെ പ്രവാസികളായിരുന്ന യഹൂദ ക്രൈസ്തവരുടെ സാന്നിധ്യം ഈ സമൂഹങ്ങളിൽ സജീവമായിരുന്നു. ദേവാലയങ്ങൾ എന്നത് കൊണ്ട് തോമാശ്ലീഹാ ഈ പ്രദേശങ്ങളിൽ രൂപം കൊടുത്ത ക്രൈസ്തവ സമൂഹങ്ങളെ ആണ് ഉദ്ദേശിക്കുന്നത്.

കൊടുങ്ങല്ലൂർ.

പ്രാചീന ഭാരതത്തിലെ ഏറ്റവും പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്നു കൊടുങ്ങല്ലൂർ. AD 52 -ൽ തോമാശ്ലീഹാ കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയപ്പോൾ സുറിയാനി ഭാഷ സംസാരിച്ചിരുന്ന ഒരു പ്രബല സമൂഹത്തെ അവിടെ കണ്ടെത്തി. ഭാഷയിലും ആചാരങ്ങളിലും ഒരേ പാരമ്പര്യം പുലർത്തിയിരുന്നവരുടെ ഇടയിലായിരുന്നു ശ്ലീഹായുടെ ആദ്യ പ്രവർത്തനം. കേരളത്തിലെ ആദ്യ സംഘം ക്രൈസ്തവർ യഹൂർ ആയിരുന്നു. അല്ലാതെ സിറിയായിൽ നിന്നോ പേർഷ്യയിൽ നിന്നോ അല്ല എന്നു ചരിത്രകാരനായ വില്യം ലോഗൻ പ്രസ്താവിക്കുന്നു (W. Logan, Malabar Manual, Vol.1 1951, P. 202). തോമ്മാശ്ലീഹാ വന്നിറങ്ങുകയും സുവിശേഷമറിയിക്കുകയും കുരിശ്‌ സ്ഥാപിക്കുകയും ചെയ്തത് കൊടുങ്ങല്ലൂരിൽ ആണ് എന്ന് കെ പി പി മേനോൻ ” കേരള ചരിത്രത്തിൽ’ പ്രസ്താവിക്കുന്നു.

പാലയൂർ.

ബ്രാഹ്മണരുടെ കേന്ദ്രവും യഹൂദരുടെ ഒരു കമ്പോളവും ആയിരുന്നു പാലയൂർ. ഇന്നും ഈ സ്ഥലം ‘ യൂദക്കുന്ന് ‘ എന്നാണ് അറിയപ്പെടുന്നത്. അവിടുത്തെ ക്ഷേത്രം പള്ളിയായി രൂപപ്പെടുത്തി എന്നാണ് ഐതീഹ്യം. ക്ഷേത്രക്കുളത്തിൽ ജലതർപ്പണം നടത്തിക്കൊണ്ടിരുന്ന പൂജാരിമാരോട് വെള്ളം ആകാശത്തു തന്നെ നിർത്താനാവുമോ എന്നു തോമാശ്ലീഹാ ചോദിച്ചതായും, തോമാശ്ലീഹാ തർപ്പണം നടത്തിയ വെള്ളം താഴേയ്ക്ക് വീഴാതെ അന്തരീക്ഷത്തിൽ തന്നെ നിന്നു കണ്ടതിൽ അത്ഭുതപരതന്ത്രരായ പൂജാരിമാരിൽ ഭൂരിപക്ഷവും വിശ്വാസം സ്വീകരിച്ചു എന്നുമാണ് ഐതീഹ്യം. ശങ്കരപുരി, പകലോമറ്റം, കള്ളി, കാളിയങ്കാവ് , കോയിക്കര, മാടപുരു, നെടുമ്പള്ളി തുടങ്ങിയ മുപ്പത്തിരണ്ട് ഇല്ലക്കാരാണ് ഇവിടെ ആദ്യം മാമോദീസാ സ്വീകരിച്ചത് എന്നും പാരമ്പര്യമുണ്ട്. മാമോദീസാ സ്വീകരിക്കാതിരുന്ന പൂജാരിമാർ ഈ സ്ഥലത്തെ ശപിച്ച ശേഷം വെമ്പനാട്ടേക്കു പോയി എന്നാണ് ഐതീഹ്യം. അങ്ങനെയാണ് ആ പ്രദേശത്തിന് ശാപക്കാട് ( ചാവക്കാട് ) എന്നു പേരുണ്ടായതെന്നു പറയപ്പെടുന്നു.

കോട്ടയ്ക്കാവ് ( പറവൂർ ).

കോട്ടയ്ക്ക് അകത്തുള്ള കാവ് എന്നർത്ഥമുള്ള കോട്ടയ്ക്കാവ് ദ്രാവിഡ കേന്ദ്രമായിരുന്നു. സർപ്പക്കാവുകൾ അവരുടെ പ്രത്യേകതയാണല്ലോ. കോട്ടയ്ക്കാവിലെ ക്ഷേത്രം പള്ളിയാക്കി മാറ്റുകയായിരുന്നു എന്നാണ് പാരമ്പര്യം. പള്ളിയുടെ മതിൽ പഴയ ക്ഷേത്രത്തിന്റെ മതിലാണെന്നു കരുതപ്പെടുന്നു.

കോക്കമംഗലം.

ചേർത്തല നിന്നും അഞ്ചു കിലോമീറ്റർ തെക്കു കിഴക്കാണ് ബ്രാഹ്മണ സാങ്കേതമായിരുന്ന കോക്കമംഗലം. അവിടെ മാര്തോമാശ്ലീഹാ സ്ഥാപിച്ച സ്ലീവാ ശത്രുക്കൾ പിഴുതെറിഞ്ഞു. അത് ഒഴുകി പള്ളിപ്പുറത്തിനു അടുത്തു വേമ്പനാട്ടു കായലിൽ ഉള്ള മട്ടേൽ തുരുത്തിൽ അടിഞ്ഞു. ഇതു കണ്ടെത്തിയ ക്രൈസ്തവർ അവിടെ ഒരു പ്രാർധനാലയം നിർമ്മിച്ചു. പിൽക്കാലത്ത് ഈ സ്ലീവാ പള്ളിപ്പുറം പള്ളിയിൽ പ്രതിഷ്ഠിച്ചു.

നിരണം.

മിശിഹാ കാലം ആദ്യ നൂറ്റാണ്ടുകളിൽ ഒരു അന്താ രാഷ്ട്ര വാണിജ്യ കേന്ദ്രം ആയിരുന്നു തിരുവല്ലായ്ക്കു പടിഞ്ഞാറ് ഉള്ള നിരണം. ഇവിടെയെത്തിയ തോമ്മാശ്ലീഹായിൽ നിന്ന്‌ പട്ടമുക്കു, തയ്യിൽ, മാങ്കി, മഠത്തിലാൻ എന്നീ നാലു കുടുംബക്കാർ മാമോദീസാ സ്വീകരിക്കുകയും അവിടെ ഒരു സ്ലീവാ സ്ഥാപിക്കുകയും ചെയ്തു. ശത്രുക്കൾ ഈ സ്ലീവാ പമ്പയാറ്റിൽ എറിഞ്ഞു എന്നും കരയ്ക്ക് അറിഞ്ഞ സ്ലീവാ വീണ്ടും സ്ഥാപിച്ചു എന്നുമാണ് ഐതീഹ്യം.

കൊല്ലം.

പുരാതന കാലം മുതൽ തന്നെ തുറമുഖപട്ടണവും വാണിജ്യ കേന്ദ്രവുമാണ് കൊല്ലം. തോമ്മാശ്ലീഹാ മരിക്കുന്നതിന് മുൻപ് കൊല്ലത്ത് അത്ഭുതകരമായി സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഒരു വലിയ പള്ളി ഉണ്ടെന്ന് 1514 -ൽ കേരളം സന്ദർശിച്ച Duarte Barbosa രേഖപ്പെടുത്തിയിട്ടുണ്ട്. 1503-ൽ പോർട്ടുഗീസ് മേധാവി കൊല്ലത്ത് എത്തിയപ്പോൾ അവിടെ 6000 മാർത്തോമാ നസ്രാണി കുടുംബങ്ങൾ ഉണ്ടായിരുന്നു. അവരുടെയിടയിൽ ലത്തീൻ ആചാരാനുഷ്ഠാനങ്ങൾ പോർട്ടുഗീസുകാർ അടിച്ചേല്പിച്ചു. പീഡനം സഹിക്കവയ്യാതെ നസ്രാണികൾ ചാത്തന്നൂർ അടൂർ എന്നിവിടങ്ങളിലേക്ക് പലായനം ചെയ്യുകയായിരുന്നു.

നിലയ്ക്കൽ (ചായൽ).

മാർത്തോമാശ്ലീഹാ നിലയ്ക്കലിൽ ഒരു വർഷം താമസിച്ചു എന്ന് ‘റമ്പാൻ പാട്ടിൽ’ പറയുന്നു. തോമ്മാ ശ്ലീഹാ, ഇവിടെ സ്ലീവായും പ്രാർധനാലയവും സ്ഥാപിച്ചു എന്നത് കേരള സഭയിലെ പാരമ്പര്യമാണ്. പ്രമുഖ സുഗന്ധവ്യഞ്ജന വാണിജ്യ കേന്ദ്രമായിരുന്നു നിലയ്ക്കൽ. പാണ്ടിയിൽ നിന്നുള്ള കൊള്ളക്കാരുടെ ശല്യം സഹിക്കവയ്യാതെ ഇവിടുത്തെ ജനങ്ങൾ കാഞ്ഞിരപ്പള്ളി, വടശേരിക്കര, എരുമേലി, ചോറ്റി, റാന്നി മുതലായ സ്ഥലങ്ങളിൽ അഭയം തേടുകയായിരുന്നു.

ഡോട്ടി തോമസ് കാഞ്ഞിരത്തിങ്കൽ

( അവലംബം, റെവ.ഡോ.സേവ്യർ കൂടപ്പുഴ. ഭാരതസഭാ ചരിത്രം )മുൻ ഭാഗങ്ങൾ വായിക്കുവാൻ.സന്ദർശിക്കുക