ഫ്രാൻസിസ് മാർപാപ്പയുടെ രാജി:യാഥാർഥ്യങ്ങളും ഊഹാപോഹങ്ങളും/ ടോണി ചിറ്റിലപ്പിള്ളി
“ഒരു മാർപ്പാപ്പ എപ്പോഴും പൂർണ ആരോഗ്യവാനാണ്,അദ്ദേഹം മരിക്കുന്നതുവരെ” ഒരു പഴയ വത്തിക്കാൻ ചൊല്ലാണിത്.”എന്നാൽ ടെലിവിഷൻ ക്യാമറകൾ വരുന്നതുവരെ അത് സത്യമായിരുന്നു.വില്ലനോവ യൂണിവേഴ്സിറ്റിയിലെ സഭാ ചരിത്രകാരനായ മാസിമോ ഫാഗിയോലി പറയുന്നു.
ജൂൺ 22 ന് ബ്രസീലിൽ നിന്ന് വത്തിക്കാൻ സന്ദർശിക്കുന്ന ഒരു ഡസനിലധികം കത്തോലിക്കാ ബിഷപ്പുമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ഫ്രാൻസിസ് മാർപാപ്പ തന്റെ ആരോഗ്യത്തെക്കുറിച്ചും തന്റെ ഭരണത്തിന്റെ ഭാവി പദ്ധതികളെക്കുറിച്ചും ചർച്ച ചെയ്തു.തന്റെ ആരോഗ്യപരമായ നിരവധി വെല്ലുവിളികൾ അംഗീകരിച്ചു കൊണ്ട് പാപ്പാ പറഞ്ഞത് “ദൈവം തനിക്ക് നൽകിയ ജീവിതം നയിക്കാൻ അവസാനം വരെ താൻ ആഗ്രഹിക്കുന്നുവെന്നാണ്”.ഈ സ്വകാര്യമായ,കൂടിക്കാഴ്ചയിലെ പ്രസ്താവന രാജിയെ സംബന്ധിച്ച ഊഹാപോഹങ്ങളെ ഇല്ലാതാക്കുന്നു.
കാൽമുട്ടിലെ പ്രശ്‌നങ്ങൾ കാരണം ജൂലൈ ആദ്യം കോംഗോയിലേക്കും ദക്ഷിണ സുഡാനിലേക്കും പോകാനുള്ള പദ്ധതികൾ മാറ്റിവയ്ക്കേണ്ടിവന്ന ഫ്രാൻസിസ് മാർപാപ്പയുടെ സമീപകാല സംഭവങ്ങൾ അദ്ദേഹത്തിന്റെ ശാരീരികമായ സ്ഥിതിയെക്കുറിച്ച് സത്യസന്ധമായ വിവരങ്ങൾ നൽകുന്നു.
2022 ഫെബ്രുവരിയിൽ, ഫ്രാൻസിസ് തന്റെ പ്രതിവാര പൊതു സദസ്സുകളിൽ തന്റെ വാർദ്ധക്യത്തെക്കുറിച്ചുള്ള അവസ്ഥകൾ പൊതുജനങ്ങളോട് തുറന്നു പറയാൻ തുടങ്ങി.തന്റെ സ്വന്തം ശാരീരിക പരിമിതികളെ ഒരുഘട്ടത്തിൽ തമാശയായും അതേസമയം തത്വചിന്താപരമായും സമീപിച്ചു. ഇത് പേപ്പസിയുടെ പുതിയ കാല ഘട്ടത്തിലേക്ക് നയിച്ചു.
വരുന്ന ഡിസംബറിൽ 86വയസ്സ് തികയുന്ന മാർപ്പാപ്പ കഴിഞ്ഞ ജൂൺ 15-ന് ബുധനാഴ്ച പൊതു സദസ്സിനായി ഒത്തുകൂടിയവരോട് പറഞ്ഞു, “നമ്മൾ ചെറുപ്പത്തിൽ ചെയ്തതുപോലെ പ്രായമാകുമ്പോൾ ചെയ്യാൻ കഴിയില്ല.
ശരീരത്തിന് വ്യത്യസ്തമായ ഒരു താളമുണ്ട്, അത് കേൾക്കുകയും പരിധികൾ അംഗീകരിക്കുകയും വേണം. നമുക്കെല്ലാവർക്കും അവയുണ്ട്.എനിക്ക് പോലും ഇപ്പോൾ ഇപ്പോൾ ഊന്നുവടിയുമായി പോകണം.”
വിശുദ്ധവാരം വന്നപ്പോൾ, വത്തിക്കാനിലെ പൊതു ആരാധനക്രമങ്ങളിൽ പങ്കെടുക്കുന്നത് പരിമിതപ്പെടുത്താൻ ഫ്രാൻസിസ് പാപ്പ നിർബന്ധിതനായി, മെയ് 5-ന് അദ്ദേഹം ആദ്യമായി വീൽചെയർ ഉപയോഗിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടു, അതിനുശേഷം അദ്ദേഹം പതിവായി ഉപയോഗിച്ചു തുടങ്ങി.
കഴിഞ്ഞ മെയ് മാസത്തിൽ ഫ്രാൻസിസ് പാപ്പാ വാർദ്ധക്യത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ, കാൽമുട്ട് വേദന ചൂണ്ടിക്കാട്ടി ഇറ്റാലിയൻ നഗരമായ ഫ്ലോറൻസിലേക്കുള്ള ഒരു ദിവസത്തെ യാത്ര റദ്ദാക്കാൻ നിർബന്ധിതനായി. മാൾട്ടയിലേക്കുള്ള തന്റെ ഏപ്രിലിലെ യാത്രയ്ക്കിടെ, 2013-ൽ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള തന്റെ അന്താരാഷ്ട്ര യാത്രകളിൽ ആദ്യമായിട്ടാണ് കോണിപ്പടികൾ ഒഴിവാക്കി ഒരു ഓട്ടോമേറ്റഡ് ലിഫ്റ്റ് വഴിയാണ് പാപ്പാ വിമാനത്തിൽ കയറിയത്.
വരുന്ന ഓഗസ്റ്റിൽ ഇറ്റാലിയൻ നഗരമായ എൽ അക്വിലയിലേക്ക് പോകുമെന്ന പ്രഖ്യാപനം സഭാ വൃത്തങ്ങളിൽ കൗതുകമുണർത്തി.പതിമൂന്നാം നൂറ്റാണ്ടിലെ മാർപ്പാപ്പയായിരുന്ന സെന്റ് സെലസ്റ്റിൻ അഞ്ചാമന്റെ കബറടക്ക സ്ഥലമെന്ന നിലയിൽ പ്രതീകാത്മകത നിറഞ്ഞ ഒരു സ്ഥലമാണത്.മാർപാപ്പാസ്ഥാനം സ്വയം ത്യജിച്ച മാർപ്പാപ്പയാണ് സെന്റ് സെലസ്റ്റിൻ.സ്വന്തം സ്ഥാനമൊഴിയുന്നതിന് നാല് വർഷം മുമ്പ് 2009 ൽ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ ഈ സ്ഥലം സന്ദർശിച്ചിരുന്നു.അതുകൊണ്ട് പാപ്പാ ഫ്രാൻസിസും ഇത് ചെയ്യാൻ പദ്ധതിയിട്ടിരിക്കുമെന്ന ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
ഇത്തരം പൂര്‍വ്വസമ്പ്രദായം സൂചിപ്പിക്കുന്നത് ഓരോ മാർപ്പാപ്പയ്ക്കും കൂടുതൽ എളുപ്പത്തിൽ സ്ഥാനത്യാഗം ചെയ്യാൻ കഴിയുമെന്നാണ്.ഒരു പാപ്പാ വാഴ്ച അവസാനിക്കുന്നതിന്റെ സമയത്തെയും രീതിയെയും കുറിച്ച് എന്തെങ്കിലും പ്രവചിക്കുന്നത് കൂടുതൽ സങ്കീർണ്ണമാണ്.കാരണം ഓരോ മാർപാപ്പയും വ്യത്യസ്ത വ്യക്തികളാണ്.എന്നാൽ ദീർഘനാളായി സയാറ്റിക്ക (ഒരുതരം വാതരോഗം)ബാധിച്ചിട്ടുള്ള ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ മാസം ഇറ്റാലിയൻ ബിഷപ്പുമാരോട് പറഞ്ഞത് “ഭരണം നടത്തുന്നത് കാലുകളല്ല, തലകൊണ്ടാണ് “എന്ന് പറഞ്ഞതായി റിപ്പോർട്ടുണ്ട്.ഇത് ശാരീരികമായി ക്ഷീണം സഹിക്കുന്ന മാർപ്പാപ്പമാരുടെ പരമ്പരയിലെ ഏറ്റവും പുതിയ പ്രസ്താവനയായി കാണാം.നട്ടെല്ലിൽ നിന്ന് തുടങ്ങി കാലുകളിലേക്ക് പടരുന്ന ഒരു വേദനയാണ് സയാറ്റിക്കയുടെ പ്രധാന ലക്ഷണം
ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ അവസാന വർഷങ്ങളിൽ താൻ നിരീക്ഷിച്ച കാര്യങ്ങളാണ് ബെനഡിക്റ്റ് പതിനാറാമന്റെ തീരുമാനത്തിന് വലിയൊരു പങ്കുവഹിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി പാപ്പായുടെ ചരിത്രത്തെക്കുറിച്ച് വിപുലമായി എഴുതിയിട്ടുള്ള ന്യൂജേഴ്‌സിയിലെ കീൻ യൂണിവേഴ്‌സിറ്റിയിലെ ചരിത്ര പ്രൊഫസറായ ക്രിസ്റ്റഫർ ബെല്ലിറ്റോ പറഞ്ഞു.
പാർക്കിൻസൺസ് രോഗം ബാധിച്ച ജോൺ പോൾ മാർപാപ്പ,പിന്നീടുള്ള വർഷങ്ങളിൽ ചലിക്കുന്നതിനും സംസാരിക്കുന്നതിനും ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു.2005-ൽ 84-ആം വയസ്സിൽ മരിക്കുന്നതുവരെ കൂടുതൽ അവശനായിത്തീർന്നതിനാൽ തന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തന്റെ പേഴ്‌സണൽ സെക്രട്ടറിയും , ഇപ്പോൾ കർദിനാളുമായ സ്റ്റാനിസ്ലാവ് ഡിവിസിനെ ആശ്രയിച്ചിരുന്നു.
പോപ്പ് ബെനഡിക്റ്റ് പതിനാറാമൻ രാജിവെക്കുന്നതിന് ഏകദേശം ഒരു വർഷം മുമ്പ് പരസ്യമായി ഊന്നുവടി ഉപയോഗിക്കുന്നതിനെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘അത് എനിക്കും സഭയ്ക്കും സംഭവിക്കാൻ ഞാൻ അനുവദിക്കില്ല” എന്നാണ്.വി.ജോൺ പോൾ രണ്ടാമന്റെ അവസാനകാല അവസ്ഥ കാൽമുട്ടിനെയും വാതരോഗങ്ങളെയും അപേക്ഷിച്ച് ശാരീരിക തലത്തിൽ കൂടുതൽ ശാരീരികമായി തളർത്തുന്നതായിരുന്നു.
മാർപ്പാപ്പമാർ എപ്പോഴും അവരുടെ ആരോഗ്യത്തെക്കുറിച്ച് അൽപ്പം രഹസ്യാത്മകതയും സ്വകാര്യതയും സൂക്ഷിക്കുന്നവരാണെന്ന് ബോസ്റ്റൺ കോളേജിലെ ചരിത്രകാരനും ജെസ്യൂട്ട് വൈദികനുമായ ഫാ. ഒലിവർ റാഫെർട്ടി പറയുന്നു.ഇത് രാഷ്ട്രീയത്തിലെ നേതാക്കന്മാരെയും സംബന്ധിച്ച് സത്യമാണ്.കാരണം നിങ്ങൾ രോഗിയാണെങ്കിൽ, നിങ്ങളുടെ എതിരാളികൾക്ക് നിങ്ങളെ വിമർശിക്കാനും നിങ്ങൾ ജോലിക്ക് യോഗ്യനല്ല എന്ന് പറയാനും ഇത് കൂടുതൽ അവസരം നൽകുന്നു.
ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയ്ക്ക് 1962 സെപ്തംബറിൽ വയറ്റിലെ അർബുദം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.എന്നാൽ അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് അടുത്ത ഉപദേശകരുടെ വൃത്തത്തെ അറിയിച്ചിരുന്നു.1963 ഏപ്രിലിൽ മാർപ്പാപ്പ തന്റെ മരണം അടുത്തതായി സൂചന നൽകിയപ്പോൾ, അത് ജൂണിൽ തന്നെ വരുമെന്ന് പാപ്പാ തന്നെ പറഞ്ഞു.1963-ന്റെ ആദ്യ മാസങ്ങളിലെ പാപ്പായുടെ ഫോട്ടോകൾ വ്യക്തമായും തീർത്തും രോഗബാധിതനായ ഒരാളുടേതായിരുന്നു.
രണ്ടാം വത്തിക്കാൻ കൗൺസിലിന് തുടക്കമിട്ട ജോൺ ഇരുപത്തിമൂന്നാമന്റെ പാപ്പാ വാഴ്ച്ചയുടെ പ്രതിധ്വനികൾ ഫ്രാൻസിസ് മാർപാപ്പയുടെ പേപ്പസിയിലുണ്ട്.ആരോഗ്യനില ക്ഷയിക്കുമ്പോഴും അദ്ദേഹം സഭയിൽ സുപ്രധാനമായ പരിഷ്കാരങ്ങൾ തുടരുന്നു.തന്റെ ആരോഗ്യത്തെക്കുറിച്ച് നേരിട്ട് സംവദിക്കുന്നു.മുട്ട് വേദന ഒഴിച്ചാൽ യാതൊരുതരത്തിലുള്ള ശാരീരിക അസ്വാസ്ഥ്യങ്ങൾ പാപ്പായെ അലട്ടുന്നില്ല.
ഫ്രാൻസിസിസ് മാർപാപ്പയുടെ പരിഷ്‌കാരങ്ങളെ ചിലർ “റാഡിക്കൽ” എന്ന് വിശേഷിപ്പിച്ചേക്കാം, പക്ഷേ എന്നാൽ സഭയുടെ പാരമ്പര്യത്തിൽ, പ്രത്യേകിച്ച് വത്തിക്കാൻ രണ്ടിൽ വ്യക്തമായി വേരൂന്നിയവയാണവയെല്ലാം.മാത്രമല്ല,പാപ്പായുടെ നിലവിലെ അവസ്ഥ ലീഡർഷിപ്പിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വികേന്ദ്രീകൃത ധാരണയെ ഊന്നിപ്പറയാൻ സഹായിക്കുന്നു.സാധാരണ വിശ്വാസികളെ ഇത്രയും വിശ്വാസത്തിലെടുത്ത മാർപാപ്പ ഫ്രാൻസിസ് പാപ്പാ തന്നെയാണ്.സംശയമില്ല.മരണം വരെ ഫ്രാൻസിസ് പാപ്പാ ആ സ്ഥാനത്ത് തുടരാൻ തങ്ങളുടെ ഉള്ളിന്റെയുള്ളിൽ ജനങ്ങൾ ആഗ്രഹിക്കുന്നു
പഴയ കാലത്ത് മാർപ്പാപ്പമാർ ഇന്നത്തെപ്പോലെ ദൃശ്യമായിരുന്നില്ല.കാരണം മാർപ്പാപ്പയുടെ പ്രവർത്തനങ്ങൾ വത്തിക്കാൻ മതിലുകൾക്കകത്താണ് നടന്നത്.ഇന്ന്, മിക്കവാറും എല്ലാ പേപ്പൽ മീറ്റിംഗുകളും ഒരു ഫോട്ടോഗ്രാഫർ രേഖപ്പെടുത്തുന്നു,ക്യാമറകൾ ഒപ്പിയെടുക്കുന്നു .കൂടാതെ എല്ലാ പ്രധാന മാർപ്പാപ്പ സംഭവങ്ങളും ലോകമെമ്പാടുമുള്ള ക്യാമറകളുടെ ലെൻസിന് മുന്നിലാണ് നടക്കുന്നത്.
പഴയ കാലത്ത് മാർപ്പാപ്പമാർ ഔദ്യോഗിക വത്തിക്കാൻ മാധ്യമങ്ങളിലൂടെ മാത്രമേ സംസാരിച്ചിരുന്നുള്ളൂ, തികച്ചും അപൂർവ്വമായേ പരസ്യമായി സംസാരിച്ചിരുന്നുള്ളൂ. ആരോഗ്യനില മോശമായിട്ടും ഫ്രാൻസിസ് മാർപാപ്പ നന്നായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ ചരിത്രകാരനായ റോസാമണ്ട് മക്കിറ്റെറിക്കിന്റെ അഭിപ്രായം.തന്റെ തന്നെ പ്രായമായ ആളുകൾ അനുഭവിക്കുന്ന പരിമിതികൾക്ക് മേലേ പാപ്പാ പോകുന്നു.തന്റെ ആത്മീയ ചുമതലകൾ നിറവേറ്റാൻ അതീവ ശ്രദ്ധ പുലർത്തുന്നു.
മാർപ്പാപ്പയെ എങ്ങനെ പിന്തുണയ്ക്കാമെന്നും മാർപ്പാപ്പയുടെ റോളിന്റെ ശാരീരികമായി ആവശ്യപ്പെടുന്ന ചില കാര്യങ്ങളിൽ എങ്ങിനെ സഹായിക്കാൻ സാധിക്കുമെന്ന് സഭ ചിന്തിക്കേണ്ടതായി വന്നേക്കാം.അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡെലാനോ റൂസ്‌വെൽറ്റ്, അമേരിക്കയെ രക്ഷിച്ചത് വീൽചെയറിൽ നിന്ന് ലോകമഹായുദ്ധം നടത്തിയാണ്.
ഫ്രാൻസിസ് പപ്പാ തന്റെ യാത്രകൾ റദ്ദാക്കുന്നു.ഇത് തീർച്ചയായും ഒരു വലിയ നിരാശയാണ്.എന്നാൽ ലോകത്തെവിടെയുമുള്ള ഒത്തുചേരലുകളിൽ നേരിട്ട് സംസാരിക്കാൻ ആശയവിനിമയം നടത്താൻ അനുവദിക്കുന്ന ഒരു പുതിയ യുഗത്തിലാണ് നാം.എന്നിരുന്നാലും, ജൂലൈ അവസാനം കാനഡയിലേക്കുള്ള ഒരു യാത്ര ഇപ്പോഴും പാപ്പയുടെ ഷെഡ്യൂളിലാണ്.വത്തിക്കാൻ ഡോക്ടർമാരുടെ തീരുമാനം അനുസരിച്ച്, കാൽമുട്ടിൽ മാർപ്പാപ്പ കുത്തിവയ്പ്പുകൾ സ്വീകരിക്കുന്നത് തുടരുന്നു.ഫിസിക്കൽ തെറാപ്പിയും തുടരുന്നു.
മാർപാപ്പ ശുശ്രൂഷക്ക് ഇന്ന് യാത്രകൾ അനിവാര്യമല്ല.എങ്കിലും വത്തിക്കാനിൽ നിന്ന് പുറത്തുപോകാനും ജനങ്ങളുമായി അടുത്തിടപഴകാനും കഴിയുന്നതിൽ ഫ്രാൻസിസ് പാപ്പാ വലിയ സന്തോഷം പ്രകടിപ്പിക്കുന്നു. സിനഡലിറ്റിയെക്കുറിച്ചുള്ള ബിഷപ്പുമാരുടെ സിനഡ് 2023-ൽ പൂർത്തിയാകാനിരിക്കെ, സഭ കൂടുതൽ അൽമായരെ ഉൾക്കൊള്ളുന്ന രീതിയിൽ എങ്ങനെ മുന്നോട്ട് പോകുന്നുവെന്ന് പഠിക്കാൻ ഉദ്ദേശിക്കുന്ന ഫ്രാൻസിസ് മാർപാപ്പ രാജിവെക്കുമെന്ന് “സങ്കൽപ്പിക്കാൻ പ്രയാസമാണ്”.അടുത്ത 2033 ഒക്ടോബർ വരെ ഫ്രാൻസിസ് മാർപാപ്പ സജീവമായി രംഗത്തുണ്ടാകും.
ദൈവത്തിന്റെ കാരുണ്യത്തെ എല്ലായ്‌പോഴും ഫ്രാൻസിസ് മാർപാപ്പ ഉയർത്തിക്കാട്ടി.വത്തിക്കാനിലെ സാമ്പത്തിക പരിഷ്‌കരണത്തിന് അദ്ദേഹം തുടക്കമിട്ടു.അൽമായർക്ക് അർഹമായ പദവികൾ വത്തിക്കാൻ ക്യൂരിയയിൽ നൽകി.കത്തോലിക്കാ സഭയെ തികച്ചും മാനവികമായി കരുണയുടെ വഴിയിൽ നയിക്കാൻ പാപ്പയ്ക്ക് സാധിച്ചു.
ലോകമെമ്പാടുമുള്ള സഭ ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം എങ്ങനെയാണ് സുവിശേഷം പ്രസംഗിക്കുകയും യേശുക്രിസ്തുവുമായുള്ള സൗഹൃദത്തിലേക്ക് ആളുകളെ ക്ഷണിക്കുകയും ചെയ്യുന്നത് എന്ന ചോദ്യമാണ്.ഈ പ്രശ്നങ്ങളെ സ്വജീവിതം കൊണ്ട് പരിഹരിച്ചു മുന്നേറാൻ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ റിട്ടയർമെന്റ് ഇപ്പോൾ ഉയർന്നു വരുന്ന കാര്യമായി പരിഗണിക്കപ്പെടുന്നില്ല.എങ്കിലും ഫ്രാൻസിസ് മാർപാപ്പയുടെ ഹൃദയത്തിൽ എന്താണുള്ളതെന്ന് ഏറ്റവും അടുപ്പക്കാർക്കു പോലും പിടിച്ചെടുക്കാൻ സാധിക്കുന്നില്ല.