സീയോന്‍പുത്രീ, ഭയപ്പെടേണ്ടാ; ഇതാ, നിന്റെ രാജാവ്‌ കഴുതക്കുട്ടിയുടെ പുറത്ത്‌ എഴുന്നള്ളുന്നു എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു.
യോഹന്നാന്‍ 12 : 15

മരച്ചില്ലകളേന്തി പ്രദക്‌ഷിണം തുടങ്ങുവിന്‍;
ബലിപീഠത്തിങ്കലേക്കു നീങ്ങുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 118 : 27

“യേശു ഒരു
കഴുതക്കുട്ടിയെക്കണ്ട്‌ അതിന്റെ പുറത്തു കയറിയിരുന്നു.
സീയോന്‍പുത്രീ, ഭയപ്പെടേണ്ടാ; ഇതാ, നിന്റെ രാജാവ്‌ കഴുതക്കുട്ടിയുടെ പുറത്ത്‌ എഴുന്നള്ളുന്നു എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു”
(യോഹന്നാന്‍ 12 : 14 – 15).


സ്നേഹപിതാവായ ദൈവമേ, ഈ പ്രഭാതത്തിൽ എല്ലാ ചരാചരങ്ങളോടും ചേർന്ന് ഞങ്ങളും അങ്ങയെ സ്തുതിക്കുന്നു. അവിടുത്തെ കരുണ വലിയ അഭിഷേകമായി ഞങ്ങളിൽ നിറയുന്നതിനെയോർത്ത് ദൈവമേ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. യേശുവേ, അവിടുന്ന് ഞങ്ങളുടെ ജീവിതത്തിന്റെ രാജാവും ഭരണകർത്താവുമായി എഴുന്നള്ളി വരണമേ! അവിടുത്തെ മുൻപിൽ ഒരു കഴുതക്കുട്ടിയായി, ഞങ്ങളെത്തന്നെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.

കർത്താവേ ഒത്തിരി ബലഹീനതകളും കുറവുകളും ഉള്ള വ്യക്തികളാണ് ഞങ്ങൾ ഓരോരുത്തരും എന്ന് ഏറ്റുപറയുന്നു. എന്നാൽ, അവിടുത്തെ കൈവിരൽത്തുമ്പൊന്നു സ്പർശിച്ചാൽ, ഞങ്ങൾ കൂടുതൽ വിലയുള്ളവരായി മാറുന്നു.

ഈശോയേ, അവിടുന്ന് എന്നും ഞങ്ങളുടെ സർവ്വാധിപനും, കർത്താവുമായി കൂടെയുണ്ടായിരിക്കണമേ. അങ്ങേക്ക് നൽകുവാനായി, അമൂല്യമായവ ഒന്നുംതന്നെ ഞങ്ങൾക്കില്ല ഈശോയേ. കർത്താവേ, ഞങ്ങൾ അണിഞ്ഞിരിക്കുന്ന അഹങ്കാരത്തിന്റേയും, സുഖഭോഗങ്ങളുടേയും, ജഢികതയുടേതുമായ മേൽക്കുപ്പായങ്ങൾ ഇതാ ഞങ്ങൾ അവിടുത്തെ വഴികളിൽ വിരിക്കുന്നു. നാഥാ, എളിമയുടേയും, ലാളിത്യത്തിന്റേയും വിശുദ്ധ വസ്ത്രങ്ങൾ അങ്ങ് ഞങ്ങളെ ധരിപ്പിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു.

കർത്താവേ, സൈത്തിൻ കൊമ്പുകളും, ജയ് വിളികളുമായി ഞങ്ങളും അങ്ങയെ എതിരേൽക്കുന്നു. അവിടുന്ന് മഹത്വത്തോടെ ഞങ്ങളുടെ ജീവിതങ്ങളിലേക്ക് എഴുന്നള്ളി വരേണമേ! ഈശോയേ, അവിടുത്തെ പീഡാനുഭവത്തെ കൂടുതൽ ആഴത്തിൽ ധ്യാനിക്കുവാൻ, വിശുദ്ധ വാരത്തിലേക്ക് ഞങ്ങൾ പ്രവേശിക്കുമ്പോൾ ഈശോയേ, പുതിയ ഉൾക്കാഴ്ചകൾ നൽകി, അവിടുത്തെ സ്നേഹത്തിന്റെ ആഴം കൂടുതൽ അനുഭവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ!

ഇന്നേദിവസം എല്ലാ ക്രൈസ്തവ സഭാസമൂഹങ്ങളേയും അവിടുത്തെ തിരുസന്നിധിയിൽ ഞങ്ങൾ സമർപ്പിക്കുന്നു. ഭിന്നതകളും, അഭിപ്രായ വ്യത്യാസങ്ങളും വെടിഞ്ഞ് എല്ലാവരും ഒരുമയോടെ ദൈവത്തെ ആരാധിക്കുവാനും, ബലിയർപ്പിക്കുവാനും അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണമേ! പരിശുദ്ധ ദൈവമാതാവേ, പാപികളായ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ. വിശുദ്ധ രക്തസാക്ഷികളേ, ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി ദൈവസന്നിധിയിൽ പ്രാർത്ഥിക്കേണമേ. ആമ്മേൻ….!

അവര്‍ കഴുതക്കുട്ടിയെ യേശുവിന്റെ അ ടുത്തു കൊണ്ടുവന്ന്‌, അതിന്റെ പുറത്ത്‌ തങ്ങളുടെ വസ്‌ത്രങ്ങള്‍ വിരിച്ചു. അവന്‍ കയറിയിരുന്നു.
വളരെപ്പേര്‍ തെരുവീഥിയില്‍ തങ്ങളുടെ വസ്‌ത്രങ്ങള്‍ വിരിച്ചു. മറ്റുള്ളവര്‍ വയലില്‍നിന്ന്‌ പച്ചിലക്കൊമ്പുകള്‍ മുറിച്ചു നിരത്തി.
അവന്റെ മുമ്പിലും പി മ്പിലും നടന്നിരുന്നവര്‍ വിളിച്ചുപറഞ്ഞു:ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍!
നമ്മുടെ പിതാവായ ദാവീദിന്റെ സമാഗതമാകുന്ന രാജ്യം അനുഗൃഹീതം! ഉന്നതങ്ങളില്‍ ഹോസാന!
മര്‍ക്കോസ്‌ 11 : 7-10🙏🏻ആമേൻ

ഓശാനാ ആശംസകൾ