A wise son hears his father’s instruction, but a scoffer does not listen to rebuke.(Proverbs 13:1)
ഇന്നത്തെ കാലഘട്ടത്തിന്റെ വലിയൊരു ദുരന്തം പാപബോധമില്ലാതെ വളർന്നുവരുന്ന തലമുറയാണ്. നിരവധി തെറ്റുകൾ ചെയ്തിട്ടും തിരുത്തപ്പെടേണ്ട സമയത്ത് തിരുത്തപ്പെടാതെ വളർന്നുവരുന്ന മക്കൾ വലിയ പാപങ്ങളിൽ വ്യാപരിക്കുന്നവരായി പില്ക്കാലത്ത് രൂപാന്തരപ്പെടുന്നു. ഇന്നത്തെ കാലഘട്ടത്തിൽ വലിയ തിന്മകൾപോലും നിസാരങ്ങളായി ചിത്രീകരിച്ചുകൊണ്ട് മാധ്യമങ്ങൾ ചെയ്യുന്ന തിന്മ വളരെ വലുതാണ്. അവയെല്ലാം യഥേഷ്ടം കണ്ടാസ്വദിക്കാനും വായിച്ചറിയാനും അനുവദിക്കപ്പെടുന്ന മക്കൾ പില്ക്കാലങ്ങളിൽ വലിയ തിന്മകൾ ചെയ്യാൻ മടിയില്ലാത്തവരായി രൂപപ്പെടുന്നു. തിരുത്തേണ്ട മാതാപിതാക്കളാകട്ടെ തെറ്റിനുനേരെ കണ്ണടച്ചുകൊണ്ട് മക്കളെ തിരുത്താതെ അവരെ വലിയ തിന്മകളിലേക്ക് നിശബ്ദമായി കയറൂരി വിടുന്നു. അങ്ങനെ കുടുംബങ്ങളും സമൂഹങ്ങളും ധാർമികാധഃപതനത്തിലേക്ക് വഴുതിവീഴുന്നു.
ഈ അവസ്ഥയെ മുൻകൂട്ടി കണ്ടിട്ടെന്നവണ്ണം തിരുവചനം പറയുന്നു: ”തെറ്റിനുനേരെ കണ്ണടയ്ക്കുന്നവൻ ഉപദ്രവം വരുത്തിവയ്ക്കുന്നു. ധൈര്യപൂർവം ശാസിക്കുന്നവനാകട്ടെ സമാധാനം സൃഷ്ടിക്കുന്നു” (സുഭാ. 10:10). മനുഷ്യജീവിതത്തിൽ അനിവാര്യമായ രണ്ടു സംഗതികളാണ് പ്രോത്സാഹനവും തിരുത്തലും. പ്രോത്സാഹനം ആവോളം നല്കുന്നതിൽ പലരും മുൻപന്തിയിലാണ്. എന്നാൽ, തക്കസമയത്ത് തക്കതായ തിരുത്തലുകൾ നല്കുന്നതിൽ പലരും ശ്രദ്ധ കാണിക്കാറില്ല.
കുട്ടികളുടെ കാര്യത്തിൽ മാത്രമല്ല സ്‌നേഹിതർ, ജീവിതപങ്കാളികൾ, അയല്ക്കാർ, സഹപ്രവർത്തകർ, കീഴ്ജീവനക്കാർ തുടങ്ങി ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളിൽ നമ്മളോടൊപ്പം വ്യാപരിക്കുന്നവർക്ക് സ്‌നേഹപൂർവകമായ, ഉചിതമായ തിരുത്തലുകൾ നല്കാൻ നാം മെനക്കെടാറില്ല.മാത്രമല്ല, തിരുത്തലുകൾ കൊടുത്ത് മറ്റുള്ളവരുടെ അപ്രീതിക്ക് എന്തിന് കാരണമാകണം എന്ന് ചിന്തിക്കുന്നവരും കുറവല്ല. എന്നാൽ, ദൈവം നമ്മളിൽനിന്നും പ്രതീക്ഷിക്കുന്നത് ഇതല്ല. പരസ്പരബന്ധമോ കടപ്പാടുകളോ ഇല്ലാത്തവരായിട്ടല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്, മറ്റുള്ളവരുടെ തെറ്റുകൾ യേശുവിനെപ്പോലെ വേദനിപ്പിക്കാതെ തിരുത്തി, നൻമയുടെ വഴിയിലേയ്ക്ക് നയിക്കണം എന്നാണ് കർത്താവ് ആഗ്രഹിക്കുന്നത്. ആമ്മേൻ