കൊല്ലം : ഉക്രയിനിൽ നടക്കുന്ന യുദ്ധം നമ്മുടെ മനസ്സിൽ ഏറെ വേദന ഉളവാക്കുന്നു. എല്ലാ യുദ്ധങ്ങളും ആത്യന്തികമായി മനുഷ്യജീവനെതിരാണ്. യുദ്ധം നമ്മെ ബാധിക്കില്ലെന്ന മനോഭാവം മാറ്റണം. യുദ്ധത്തോടുള്ള കാഴ്ചപ്പാടുകളിൽ മാറ്റം വരണം.

യുദ്ധം ടി വി യിൽ കണ്ട് ആസ്വദിക്കുമ്പോഴും ആശങ്കപ്പെടുമ്പോഴും യുദ്ധമേഖലയിൽ ജനങ്ങൾ അനുഭവിക്കുന്ന വേദനകളും വിഷമങ്ങളും നാം തിരിച്ചറിയണം.ലോകത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന യുദ്ധം പിന്നീട് ലോകവ്യാപകമായി മാറാനും ദുരന്തങ്ങങ്ങൾ ഉളവാക്കുവാനും വലിയ കാലതാമസമില്ല. യുദ്ധത്തിനെതിരെ സമൂഹമനസാക്ഷി ഉയരേണ്ട കാലഘട്ടമാണെന്ന് കേരള സഭയുടെ പ്രാർത്ഥനാദിനത്തോടനുബന്ധിച്ച് കൊല്ലത്തു കെ സി ബി സി പ്രോലൈഫ് സംസ്ഥാന സമിതി സംഘടിപ്പിച്ച യുദ്ധ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ സി ബി സി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ പോൾ ആന്റണി മുല്ലശ്ശേരി.


കാത്തോലിക്കാസഭയും ഫ്രാൻസിസ് മാർപ്പാപ്പയും യുദ്ധത്തിനെതിരെ നടത്തുന്ന പ്രവർത്തനത്തിലും പ്രാർത്ഥനയിലും വിശ്വാസികളും പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു.യുദ്ധം അവസാനിക്കുന്നതുവരെ പ്രോലൈഫ് പ്രവർത്തകർ ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് ബിഷപ് ആവശ്യപ്പെട്ടു.


കേരള സഭയിൽ നാളെ (മാർച്ച് 2 ) യുദ്ധവിരുദ്ധ പ്രാർത്ഥനാദിനമായി ആചരിക്കുന്നു.


സമ്മേളനത്തിൽ പ്രസിഡന്റ്‌ ജോൺസൻ ചൂരപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. കെ സി ബി സി പ്രോലൈഫ് സംസ്ഥാന ഡയറക്ടർ റവ. ഡോ. ക്ളീറ്റസ് കതിർപ്പറമ്പിൽ, ഫാ. പോൾസൻ സിമേതി, ഫാ. ജോയ്സൺ ജോസഫ്, പ്രോലൈഫ് ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, ആനിമേട്ടർമാരായ ജോർജ് എഫ് സേവ്യർ വലിയവീട്, സാബു ജോസ്, സിസ്റ്റർ മേരി ജോർജ് എഫ് സി സി എന്നിവർ പ്രസംഗിച്ചു.

നിങ്ങൾ വിട്ടുപോയത്