കരകേറാനാകാത്തവിധം കടബാധ്യതയിൽ മുങ്ങിത്താഴുകയാണ് മലയാള നാട്. കേരളത്തെ ഈ ഭയാനകമായ ആപത്തിൽനിന്നു കൈപിടിച്ചുയർത്തുവാൻ ഇപ്പോൾ ഭരിക്കുന്നവർക്കോ, നാളെ ഭരിക്കുവാൻ പോകുന്നവർക്കോ കഴിയില്ലായെന്നത് നിസ്തർക്കമാണ്. കമ്യൂണിസ്റ്റുകാരേക്കാൾ മികച്ച കോൺഗ്രസ്സുകാരോ ബി.ജെ.പി.ക്കാരോ ഇവിടെയില്ല. നിർഗുണന്മാരായ കുറേ നേതാക്കന്മാരും, എന്തു നെറികേടുകളും കഴിവുകേടുകളും കാണിച്ചാലും അവരെ കണ്ണുമടച്ചു പിന്താങ്ങുന്ന ജനാധിപത്യബോധമില്ലാത്ത കുറേ അടിമകളുടെ നാടായി കേരളം അധഃപതിച്ചിരിക്കുകയാണ്.
2021 ഏപ്രിൽ മുതലുള്ള അഞ്ചുമാസത്തിനിടെ നമ്മുടെ കേരളം കടമെടുത്തത് 28,850.47 കോടി രൂപയാണ്. പ്രതിദിനം ശരാശരി 192.33 കോടി രൂപ കടമെടുക്കുന്നുവെന്ന് സാരം. മലയാളിയുടെ ആളോഹരി കടബാധ്യതയും സംസ്ഥാനത്തിെൻറ പൊതുകടവും കുതിച്ചുയർന്നിരിക്കുകയാണെന്ന് ധനകാര്യ ഇൻഫർമേഷൻ വകുപ്പിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. മലയാളിയുടെ ആളോഹരി കടബാധ്യത 95,225.29 രൂപയായി ഉയർന്നിരിക്കുന്ന ഈ സാഹചര്യത്തിലും ഭരണക്കാരുടെ ദുർവ്യയവും ധൂർത്തും അനുസ്യൂതം തുടരുന്നത് നമുക്കു കാണാം.
മയക്കുമരുന്നുകളുടെയും, കള്ളക്കടത്തുകളുടെയും, സ്ത്രീപീഡനങ്ങളുടെയും, പോലീസ് അതിക്രമങ്ങളുടെയും, ഉദ്യോഗസ്ഥ അഴിമതികളുടെയും വാർത്തകൾ അവസാനമില്ലാതെ തുടരുമ്പോഴും ഭരണയന്ത്രങ്ങൾ അത് ഇല്ലായ്മചെയ്യാനോ ധ്രുതഗതിയിൽ നടപടികളെടുക്കുവാനോ തയ്യാറാകുന്നില്ല. അസഹിഷ്ണുതയും, മത തീവ്രവാദവും ശക്തിപ്പെടുന്നതിനെതിരെ ചെറുവിരൽ കൊണ്ടുപോലും നടപടിയെടുക്കുന്നില്ല.
ദീർഘവീക്ഷണവും ആസൂത്രണവും സാങ്കേതിക മികവുമില്ലാത്ത പദ്ധതികളാണ് ഈ ആധുനിക കാലത്തും ഇവിടെ നടപ്പിലാക്കുന്നത്. പാലാരിവട്ടം പാലം, ഇടപ്പള്ളി പാലം, ആലുവ ചന്തയ്ക്കു മുന്നിലെ പാലം.. ഒക്കെ ചില ഉദാഹരണങ്ങളാണ്. അഥവാ നിലവാരമുള്ള റോഡുകൾ പണിതാൽ തൊട്ടുപുറകേ കുത്തിപ്പൊളിക്കാനുള്ള കൂട്ടരെത്തും.
യുവാക്കൾക്ക് അവരുടെ പഠനത്തിനനുസരിച്ച ജോലി സാധ്യതകളില്ല. സംരംഭകർക്ക് പ്രോത്സാഹനവും സുരക്ഷിതത്വവും വെറും വാചകമടിമാത്രം. സർക്കാർ ജോലികളെല്ലാം പിൻവാതിലിലൂടെ രാഷ്ട്രീയക്കാർക്കു മാത്രമായി റിസർവ് ചെയ്തിരിക്കുകയാണ്. യൂണിവേഴ്സിറ്റികൾ കെടുകാര്യസ്ഥതയുടെയും തട്ടിക്കൂട്ടിന്റെയും കേന്ദ്രങ്ങളാണ്. പിന്നെ ഇവിടത്തെ എം.ബി.എ. പോലുള്ള സർട്ടിഫിക്കറ്റിനു വിദേശങ്ങളിൽ കടലാസു വിലപോലുമില്ല.
യുവാക്കളേ, നിങ്ങൾ പ്ലസ് 2 വിജയിച്ചുകഴിഞ്ഞാൽ ഉടൻതന്നെ കഴിയുമെങ്കിൽ യൂറോപ്പിലോ മറ്റോ പോയി ഡിഗ്രിയും മറ്റു ഉന്നത പഠനങ്ങളും നടത്തുക. പഠിക്കുമ്പോൾത്തന്നെ ജീവിതത്തിനാവശ്യമായ പണം നിങ്ങൾക്ക് ജോലിചെയ്തു സമ്പാദിക്കാം. പഠനം കഴിയുമ്പോൾത്തന്നെ അന്തസ്സായ ജോലിയും സുരക്ഷിതത്വവും ആ രാജ്യങ്ങൾ നിങ്ങൾക്ക് ഉറപ്പുനൽകുന്നുണ്ട്. അന്തസുള്ള രാഷ്ട്രീയക്കാരാലും ചുമതലാബോധമുള്ള ഉദ്യോഗസ്ഥരാലും നിയന്ത്രിപ്പെടുന്ന ആ രാജ്യങ്ങളിൽ മനഃസമാദാനവും സന്തോഷവും ആസ്വദിച്ച് നിങ്ങൾക്കു ജീവിക്കാം. നിങ്ങൾ നന്നായിരുന്നാൽ മാത്രം മതി.
എന്റെ അറിവിലും പരിചയത്തിലുമുള്ള നിരവധി യുവതീയുവാക്കൾ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ സ്വസ്ഥവും സമാധനവുമായി സംതൃപ്തമായ ജീവിതം നയിക്കുന്നുണ്ട്. അവരിൽ പലരുമായുള്ള നിരന്തര ബന്ധത്തിന്റെയും ഇവിടെ ഇന്നേയ്ക്കു 58 വർഷത്തെ ജീവിതം പൂർത്തിയാക്കിയതിന്റെ നേരനുഭവങ്ങളുടെ പശ്ചാത്തലത്തിലുമാണ് ഈ കുറിപ്പ് എഴുതുന്നത്.
മക്കളേ, നിങ്ങൾ രക്ഷപ്പെടുക. ഈ നാട് ഇനിയൊരമ്പത് വർഷം കഴിഞ്ഞാലും രക്ഷപ്പെടുന്നതിൻറെ യാതൊരു പ്രകാശകിരണങ്ങളും കാണുന്നില്ല.
Shaji Joseph Arakkal