ഭിന്നശേഷിക്കാരായി ജനിക്കുന്നവര്‍ സമൂഹത്തിന് മറ്റും ഒരു ഭാരമായിത്തീരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. രാജ്യത്ത് ഭിന്നശേഷി സമൂഹത്തിന്‍റെ ശാക്തീകരണത്തിന് വേണ്ടി നിയമങ്ങള്‍ പലതും നിലവിലുണ്ടെങ്കിലും, അത് പിന്തുടര്‍ന്ന് അവരെ സംരക്ഷിക്കാന്‍ ഭരണ-ഉദ്യോഗസ്ഥാ വിഭാഗം നടപടികള്‍ സ്വീകരിക്കുന്നില്ല എന്നതാണ് ദു:ഖകരം.

ലോക ജനസംഖ്യയുടെ 7 ബില്യൺ അല്ലെങ്കിൽ ഏകദേശം 15 ശതമാനം ആളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. അതിൽ തന്നെ മൊത്തം അംഗവൈകല്യമുള്ള ജനസംഖ്യയുടെ 80 ശതമാനവും വികസ്വര രാജ്യങ്ങളിലാണ് താമസിക്കുന്നത്.കണക്കുകൾ പ്രകാരം 100 മില്യണിലധികം അംഗവൈകല്യമുള്ളവർ കുട്ടികളാണ്. ലോകത്തിലെ വൈകല്യമുള്ള ജനങ്ങൾക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിൽ ആരോഗ്യം, സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ഭിന്നശേഷിക്കാരോടും അവരുടെ കുടുംബങ്ങളോടും യേശുവിന് വലിയ അനുകമ്പയുണ്ടെന്ന് നാം നാല് സുവിശേഷങ്ങൾ വായിക്കുമ്പോൾ വ്യക്തമാണ്. മിക്കപ്പോഴും, “ഏറ്റവും ചെറിയവരോട് കൂടി സമയം ചെലവഴിക്കാൻ യേശു ഇഷ്ടപ്പെടുന്നതായി സുവിശേഷങ്ങൾ കാണിക്കുന്നു

നമുക്കു ചുറ്റും, വിശിഷ്യ നമ്മുടെ ഭവനങ്ങളിലും സമൂഹത്തിലുമുള്ള രോഗികളായവരോടും മുതിർന്നവരോടും പരിഗണനയുള്ളവരായിരിക്കാം. ക്രിസ്തുവിന്‍റെ മനസിലെന്നതുപോലെ നമ്മുടെയും മനോഭാവത്തില്‍ രോഗികളോടുള്ള സമീപനം പനുര്‍നിര്‍വചിക്കപ്പെടണം. പ്രായമായവരെയും ഭിന്നശേഷിക്കാരെയും പാവങ്ങളെയും തള്ളിക്കളയുന്ന രീതിയില്‍ സമൂഹത്തില്‍ പ്രബലപ്പെട്ടുവരുന്ന “വലിച്ചെറിയല്‍ സംസ്ക്കാരം” നാം ഇല്ലാതാക്കേണ്ടതാണ്.

ക്രിസ്തു വിദൂരസ്ഥരെപ്പോലും സമീപസ്ഥരാക്കി.നാമാകട്ടെ സമീപസ്ഥരെ വിദൂരസ്ഥരാക്കുന്നു.
ബൈബിളിൽ ഒരു കാര്യം വ്യക്തമാണ്, ഭിന്നശേഷിക്കാരോട് യേശു എങ്ങനെ പെരുമാറി എന്നതാണ്. അവൻ വ്യക്തവും സംക്ഷിപ്തവുമായ രീതിയിൽ സ്നേഹത്തോടെ സംസാരിച്ചു.ഇത്തരത്തിലുള്ളവരെ ചികിത്സിക്കുന്നതിനുള്ള മാർഗം സ്നേഹവും പ്രാർത്ഥനയും ഉപവാസവുമാണെന്ന് അവിടുന്ന് പറഞ്ഞു.

ഈ വർഷം ക്രിസ്തുമസ് നമുക്കെല്ലാവർക്കും വ്യത്യസ്തമായിരിക്കും. ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ഈ വർഷം തീർത്തും അസാധ്യമാണെന്ന് തോന്നിയേക്കാം.ഭിന്നശേഷിക്കാരായ കുട്ടികളുള്ള കുടുംബങ്ങൾ പ്രതിമാസം അധിക ചിലവുകൾ നേരിടുന്നു- ഒറ്റപ്പെടലും ദാരിദ്ര്യവും ഇവരുടെ യഥാർത്ഥ പ്രശ്‌നങ്ങളാണ്.

സമൂഹത്തില്‍ പീഡിത വിഭാഗമായി താഴെത്തട്ടില്‍ ജീവിക്കുന്ന ഭിന്നശേഷി സഹോദരങ്ങളെ കാണുമ്പോളുള്ള അനുകമ്പയും, സ്നേഹവും, വേദിയില്‍ കയറി നിന്നുള്ള സ്നേഹ വചനങ്ങളും അല്ല വേണ്ടത്, അവരുടെ ഇടയിലെ പ്രശ്നങ്ങളില്‍ നേരിട്ട് ഇടപ്പെട്ട് പരിഹരിക്കുവാനും നേടി കൊടുക്കുവാനുമുള്ള ആര്‍ജവമാണ് നേതൃത്വത്തിലുള്ളവര്‍ കാണിക്കേണ്ടത്. ഭിന്നശേഷി സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സഭാ വേദികളില്‍ അവതരിപ്പിച്ച് നടപ്പില്‍ വരുത്തുവാന്‍ ഭിന്നശേഷിക്കാരായ സഭാമക്കളെ നേതൃത്വനിരയിലേക്ക് കൊണ്ട് വരണം. എന്നാല്‍ മാത്രമേ മേല്‍ വിഷയങ്ങള്‍ ഗൗരവപൂര്‍ണ്ണമായി ചര്‍ച്ച ചെയ്ത് വിജയത്തില്‍ എത്തിക്കുവാന്‍ സാധിക്കുകയുള്ളൂ. ഇതിന് സഭ തന്നെ നല്ല തീരുമാനങ്ങള്‍ എടുക്കണം.

നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തു തന്‍റെ പരസ്യ ശുശ്രൂഷ കാലയളവില്‍ പലതര ഭിന്നശേഷി അസുഖങ്ങളും സുഖപ്പെടുത്തിയത് വിശുദ്ധ വേദപുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത് നിവര്‍ത്തിയാകുന്നത്
സഭയുടെ പ്രോലൈഫ് പ്രവര്‍ത്തനങ്ങളിലൂടെയാണ്.

സീറോ മലബാർ സഭയുടെ ലെയ്റ്റി, ഫാമിലി, ലൈഫ് കമ്മീഷന്‍റെ ഭാഗമായ പ്രോ ലൈഫ് അപ്പസ്തോലേറ്റിന്‍റെ നേതൃത്വത്തിൽ കാഴ്ചപരിമിതരുടെയും മൂകബധിരയുടെയും പ്രഥമ സമ്മേളനം മൗണ്ട് സെയിന്റ് തോമസിൽ സംഘടിപ്പിച്ചത് ഓർക്കുന്നു. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ ഒത്തുചേരുന്ന സ്നേഹസംഗമങ്ങൾ ക്രിസ്മസ് കാലത്ത് ലോകത്തിനു നൽകുന്നത് കരുതലിന്റെ സന്ദേശമാണ്.

ഭിന്നശേഷിക്കാരും,കുടുംബങ്ങളുടെ കെട്ടുറപ്പും, കുഞ്ഞുങ്ങളുടെ സംരക്ഷണവും നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഇക്കാലഘട്ടത്തില്‍ പ്രോലൈഫ് സംരക്ഷണ ശുശ്രൂഷകള്‍ക്ക്‌ വലിയ പ്രാധാനൃമുണ്ട്.
ഭിന്നശേഷി അവകാശ ഗ്രൂപ്പുകളും പ്രോ-ലൈഫ് ഗ്രൂപ്പുകളും ഒരേ അടിസ്ഥാന തത്വം പാലിക്കുന്നു-മനുഷ്യർക്ക് അന്തർലീനമായ അന്തസ്സുള്ളത് അവർ ആരാണെന്നതിനെ അടിസ്ഥാനമാക്കിയാണ്, അവർക്ക് എന്ത് ചെയ്യാൻ കഴിയും എന്നതിലല്ല.കേരളത്തിൽ പ്രോ-ലൈഫ്, ഭിന്നശേഷി അവകാശ പ്രസ്ഥാനങ്ങളെ സംരക്ഷിക്കുന്നതും പിന്തുണയ്ക്കുന്നതും നൽകുന്നത് കരുതലിന്റെ സന്ദേശമാണ്.രണ്ട് ഭിന്നശേഷിക്കാരായ മക്കളുടെ പിതാവായ ശ്രീ ബേബി ചിറ്റിലപ്പള്ളി സീറോ മലബാർ സഭയുടെ പ്രോ ലൈഫ് അപ്പസ്തോലേറ്റിന്‍റെ നേതൃത്വത്തിലുള്ള ഭിന്നശേഷിക്കാരായ സഹോദരങ്ങളുടെ ശുശ്രുഷകളുടെ കോ ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു .

ബന്ധിതർക്ക് വിടുതലും കുരുടൻമാർക്ക് കാഴ്ചയും പീഡിതർക്ക് മോചനവും നൽകുന്ന കർത്താവിന്റെ കൃപയിൽ ആശ്രയിക്കുന്നതുമാകട്ടെ ഇത്തവണത്തെ ക്രിസ്മസ്.

ടോണി ചിറ്റിലപ്പിള്ളി