വാഷിംഗ്ടണ്‍ ഡിസി: 1973 ൽ അമേരിക്കയിൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വേഴ്സസ് വേഡ് കേസിലെ വിധി പിൻവലിക്കാൻ പര്യാപ്തമായ മറ്റൊരു കേസ് ഡിസംബർ ഒന്നാം തീയതി അമേരിക്കൻ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്ന സാഹചര്യത്തിൽ പ്രാര്‍ത്ഥനയുമായി പ്രോലൈഫ് ക്രൈസ്തവ സമൂഹം. ഡോബ്സ് വേഴ്സസ് ജാക്സൺ വുമൺസ് ഹെൽത്ത് കേസിലാണ് ഡിസംബർ ഒന്നാം തീയതി സുപ്രീംകോടതി വാദം കേൾക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാമിലി റിസർച്ച് കൗൺസിൽ രണ്ടു ദിവസത്തെ പ്രാർത്ഥനയ്ക്ക് ആഹ്വാനം നൽകി. ‘പ്രേ ടുഗെദർ ഫോർ ലൈഫ്’ എന്ന് പേരിട്ടിരിക്കുന്ന പ്രാർത്ഥനാ കൂട്ടായ്മ മിസിസിപ്പി സംസ്ഥാനത്തെ ന്യൂ ഹൊറിസോൺ ദേവാലയത്തിലും, രാജ്യത്തെ മറ്റ് സ്ഥലങ്ങളിലും സംഘടിപ്പിക്കപ്പെടും.

വാഷിംഗ്ടണ്‍ ഡിസിയിലെ സുപ്രീംകോടതി കെട്ടിടത്തിന് മുന്നിലും പ്രാർത്ഥനയ്ക്കായി വിശ്വാസികൾ ഒരുമിച്ചുകൂടും. കത്തോലിക്ക, ആംഗ്ലിക്കന്‍, പ്രൊട്ടസ്റ്റന്‍റ് തുടങ്ങീ വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽപ്പെട്ടവർ ഒരേ ലക്ഷ്യത്തിനുവേണ്ടി നിയോഗം വെച്ച് പ്രാർത്ഥിക്കും എന്ന പ്രത്യേകതയും പ്രയർ ടുഗെദർ ഫോർ ലൈഫ് പ്രാർത്ഥന കൂട്ടായ്മകൾക്കുണ്ട്. റിപ്പബ്ലിക്കൻ പാർട്ടി അംഗമായ മിസിസിപ്പി ഗവർണർ റ്റേറ്റ് റീവ്സും, ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും, മറ്റ് മതനേതാക്കളും സംസ്ഥാനത്ത് നടക്കുന്ന പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുക്കും.

വിവിധ വിഭാഗത്തിൽപെട്ടവർ പ്രാർത്ഥനയ്ക്കായി ഒരുമിച്ചു കൂടുന്നതിനെ അപ്പസ്തോല പ്രവർത്തനങ്ങളുടെ പുസ്തകത്തിൽ പരാമർശിക്കുന്ന ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ഒത്തുചേരലിനോടാണ് ഫാമിലി റിസർച്ച് കൗൺസിൽ അധ്യക്ഷൻ ടോണി പെർക്കിൻസ് ഉപമിച്ചത്. മനുഷ്യ ജീവന്റെ മഹത്വത്തെ സംബന്ധിച്ച വിഷയം പരിഗണനയ്ക്ക് വരുമ്പോൾ അമേരിക്ക ഉചിതമായ തീരുമാനം എടുക്കാൻ വേണ്ടി ഒരേമനസ്സോടെ ക്രൈസ്തവർ പ്രാർത്ഥിക്കാൻ പോവുകയാണെന്ന് അദ്ദേഹം ഫോക്സ് ന്യൂസിനോട് പറഞ്ഞു. ഗര്‍ഭഛിദ്രത്തിന് അനുമതി ലഭിച്ച 1973 മുതല്‍ ഏതാണ്ട് 60 ദശലക്ഷത്തോളം ഭ്രൂണഹത്യകള്‍ അമേരിക്കയില്‍ നടന്നതായാണ് കണക്കാക്കപ്പെടുന്നത്.

കടപ്പാട്

നിങ്ങൾ വിട്ടുപോയത്