If you bite and devour one another, watch out that you are not consumed by one another.(Galatians 5:15)
എന്താണ് ഒരു വ്യക്തിയെ ക്രൈസ്തവൻ ആക്കുന്നത്? ജീവിക്കുന്ന യേശുവിൽ വിശ്വസിക്കുന്നവർക്ക്, പരിശുദ്ധാത്മാവിലൂടെ പിതാവായ ദൈവം ദാനമായി നൽകുന്ന സ്നേഹമെന്ന കൃപയാണ് ഒരു ക്രൈസ്തവന്റെയും, അതുവഴി ക്രിസ്തുമതത്തിന്റെയും, മുഖമുദ്ര. മറ്റുള്ളവർ അർഹിക്കുന്നതു പോലെ അവരോട് ഇടപഴകാതെ, ദൈവം ആഗ്രഹിക്കുന്നതുപോലെ എല്ലാവരെയും കാണാൻ ഈശോ ഇന്നത്തെ വചനഭാഗത്തിലൂടെ അവിടുത്തെ ശ്രോതാക്കളോട് ആവശ്യപ്പെടുകയാണ്.
സ്നേഹത്തെക്കുറിച്ചും അയൽക്കാരനെക്കുറിച്ചുമുള്ള പ്രാകൃതമായ ചിന്താധാരകളിൽനിന്നും ബഹുദൂരം നമ്മൾ മുന്നേറിക്കഴിഞ്ഞു. എങ്കിലും, കാലത്തിന്റെ സീമകൾക്ക് അതീതമായതാണ് മറ്റേതുംപോലെ യേശുവിന്റെ ഈ പ്രബോധനവും. സംഘം ചേർന്ന് ആക്രമിക്കുകയോ കൊള്ളയടിക്കുകയോ ചെയ്യുന്നില്ലെങ്കിൽപോലും, അനുകൂലിക്കുന്നവരെ സ്നേഹിക്കാനും സഹായിക്കാനും, എതിർക്കുന്നവരെ തള്ളിപ്പറയാനും താഴ്ത്തിക്കെട്ടാനും വ്യഗ്രത കാണിക്കുന്നവരാണ് നാമെല്ലാവരും. യാതൊന്നും തിരിച്ചു ലഭിക്കാത്ത അവസരങ്ങളിൽ, മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടില്ലെന്നു നടിക്കാൻ നമ്മൾ ശ്രമിക്കാറുമുണ്ട്. ലൗകീകമായ പ്രതിഫലം ഒന്നും ലഭിച്ചില്ലെങ്കിൽ പോലും, ആത്മീയമായ എന്തെങ്കിലും പ്രയോജനം ലഭിച്ചേക്കും എന്നുള്ള ചിന്തയാണ് പലപ്പോഴും സൽപ്രവർത്തികളും ദാനധർമ്മങ്ങളും ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നത്.
ദൈവം ക്ഷമിക്കുന്നതുപോലെ ക്ഷമിക്കുവാനും സ്നേഹിക്കുവാനും തീർച്ചയായും ജഡത്തിന്റെ പരിമിതികളുള്ള മനുഷ്യന് ബുദ്ധിമുട്ടാണ്. അതുകൊണ്ട്, ശത്രുത നേരിടേണ്ടി വരുന്ന അവസരങ്ങളിൽ നമ്മൾ എന്തുചെയ്യണം എന്നും ഈശോ വ്യക്തമാക്കുന്നുണ്ട്. നമ്മെ വേദനിപ്പിക്കുന്നവർക്ക് വേണ്ടി നമ്മൾ പ്രാർത്ഥിക്കുമ്പോൾ, അവിടെ ദൈവത്തിന്റെ ആത്മാവിനു പ്രവർത്തിക്കാൻ അവസരമൊരുങ്ങുന്നു. പകയുടെയും പ്രതികാരത്തിന്റെയും കെട്ടുകളെ തകർക്കാനും, തിന്മയുടെ സ്വാധീനങ്ങളെ തകർത്ത് നന്മയ്ക്ക് വിജയം നൽകുവാനും ദൈവത്തിനാകും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.