സ്ത്രീധനസമ്പ്രദായത്തെ ഉന്മൂലനം ചെയ്യണം

സ്ത്രീശക്തീകരണത്തിന്റെ ഈ യുഗത്തിലും സാക്ഷരകേരളത്തിന്റെ സാംസ്കാരികപ്പെരുമയ്ക്കു മുറിവേല്പിക്കുന്ന അതിഭീകരവും ലജ്ജാകരവുമായ വാര്‍ത്തകള്‍ക്കാണ് ഈയടുത്ത ദിവസങ്ങളില്‍ നാം സാക്ഷികളായത്. സ്ത്രീധനപീഡനവും ഗാര്‍ഹികപീഡനവും തുടര്‍ക്കഥകളാകുന്നു. വിവാഹവേളയിലും തുടര്‍ന്നും സ്ത്രീയുടെ മൂല്യം അളക്കപ്പെടുന്നത്, അവള് കൊണ്ടുചെല്ലുന്ന പണത്തിന്റെയും പണ്ടത്തിന്റെയും പേരിലാകുമ്പോള്‍, ഒരു വ്യക്തിയായല്ല ‘വസ്തു’വായി മാത്രം അവള് തരംതാഴ്ത്തപ്പെടുകയാണ്. നിയമപരിരക്ഷ ആവശ്യത്തിലേറെ ഉണ്ടായിട്ടും സ്ത്രീധനപ്പിശാചിനെ ആട്ടിപ്പുറത്താക്കാന്‍ വിദ്യാസമ്പന്നരെന്നു നാം വിളിക്കുന്നവര്ക്കുപോലുമാവുന്നില്ല എന്ന കറുത്ത സത്യം പ്രബുദ്ധകേരളം ചര്‍ച്ച ചെയ്യേണ്ട കാലമാണിത്.
കൊല്ലം ശാസ്താംകോട്ടയിലെ ഭര്‍ത്തൃഭവനത്തില്‍ പീഡനപര്‍വങ്ങള്‍ക്കൊടുവില്‍ വിസ്മയ എന്ന യുവതിക്കുണ്ടായ ദാരുണാന്ത്യം പൊതുസമൂഹത്തെ ഞെട്ടിക്കുകയുണ്ടായി. തിരുവനന്തപുരം വിഴിഞ്ഞത്ത് പൊള്ളലേറ്റു മരിച്ച അര്‍ച്ചന, ആലപ്പുഴ വള്ളിക്കുന്നത്തു തൂങ്ങിമരിച്ച സുചിത്ര തുടങ്ങി എത്രയോ സഹോദരിമാരാണ് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരതകളേറ്റുവാങ്ങിയത്.

രാജ്യത്ത് സ്ത്രീധനം നിയമംമൂലം നിരോധിച്ചിട്ട് ആറു പതിറ്റാണ്ടു കഴിഞ്ഞു. 1961 മേയ് ഒന്നിനാണ് ഇന്ത്യയില്‍ സ്ത്രീധനനിരോധനനിയമം പ്രാബല്യത്തിലാവുന്നത്. വിവാഹത്തിനു തൊട്ടുമുമ്പോ ശേഷമോ വസ്തുവകകള്‍, സ്ഥലം, പണം തുടങ്ങിയവ സ്ത്രീധനമായി നല്‍കുന്നതിന് നിയമംമൂലം നിരോധനമേര്‍പ്പെടുത്തി. ഈ നിയമം എല്ലാ മതങ്ങള്‍ക്കും ബാധകമാണ്. സ്ത്രീകള്‍ക്കു കൂടുതല്‍ സംരക്ഷണം നല്കാന് 1985 ല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 498 (എ) എന്ന വകുപ്പുകൂടി നിലവില്‍ വന്നു. സ്ത്രീധനം ആവശ്യപ്പെട്ടു പീഡിപ്പിച്ചാല്‍ മൂന്നു കൊല്ലം വരെ തടവും പിഴയുമാണു ശിക്ഷ. സ്ത്രീധനപീഡനമരണത്തിന് ഏഴു കൊല്ലം തടവാണു ശിക്ഷ. സ്വന്തം വീട്ടില്‍ സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന പീഡനങ്ങള്‍ തടയാനുള്ള ഗാര്‍ഹികപീഡനനിരോധനനിയമവും 2005 മുതല്‍ ശക്തമാണ്. പക്ഷേ, ഇത്ര കര്‍ക്കശമായ നിയമങ്ങളുണ്ടായിട്ടും രാജ്യത്തു സ്ത്രീധനപീഡനങ്ങളും ഗാര്‍ഹികപീഡനങ്ങളും ദിവസേന പെരുകിക്കൊണ്ടിരിക്കുന്നുവെന്നത് ലജ്ജാകരമാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 66 സ്ത്രീധനപീഡനമരണങ്ങളുണ്ടായി എന്നാണു കണക്ക്. ഇക്കാലയളവില്‍ പതിനയ്യായിരത്തിലേറെ സ്ത്രീധനപീഡനക്കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. പോലീസ്സ്റ്റേഷനില്‍ പരാതി പറയാന്‍ പേടിച്ചും മടിച്ചും ലജ്ജിച്ചും കഴിയുന്ന, ഏതെങ്കിലും ഔദ്യോഗികഫോറങ്ങളില് മനസ്സു തുറന്നൊന്നു കരയാന്‍പോലുമാവാതെ നിസ്സഹായരായി വേദന ഉള്ളിലൊതുക്കി നിശ്ശബ്ദമായി പീഡയേല്ക്കുന്ന പെണ്മനസ്സുകളുടെ രോദനകഥകള് എത്രയിരട്ടിയായിരിക്കും!? എല്ലാ നിയമപരിരക്ഷയും ഉണ്ടായിരിക്കത്തന്നെ, നിയമം നടപ്പാക്കുന്നതില്‍ കേരളം വന്‍പരാജയമാണെന്ന് ഭരണപരിഷ്കാരക്കമ്മീഷന്‍ 2018 ല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സ്ത്രീധനം നിയമംമൂലം നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും, പല ഓമനപ്പേരുകളില്‍ ആ സമ്പ്രദായത്തെ നിലനിര്‍ത്താന്‍ പാടുപെടുന്നവരുടെ സമൂഹത്തിലാണു നാം ജീവിക്കുന്നത് എന്ന വസ്തുതയും വിസ്മരിച്ചുകൂടാ. പെണ്‍കുട്ടിക്കു കുടുംബസ്വത്തിലുള്ള ഓഹരിയായും, അച്ഛന്റെ വക സമ്മാനമായും, ഭാവിയിലേക്കുള്ള സുരക്ഷയായുമൊക്കെ സ്ത്രീധനത്തെ നാം വാഴ്ത്തിത്താലോലിക്കുമ്പോള്, ഈ ദുര്‍വ്യവസ്ഥിതിയുടെ അവശേഷിപ്പുകള്‍ തിരുശേഷിപ്പുകളായിത്തന്നെ പൂജിക്കപ്പെടുകയാണു ചെയ്യുന്നത്. സ്ത്രീധനം നല്കാന് പാടില്ലെന്നു നിയമമുള്ളപ്പോഴും വിവാഹവേളയില്‍ ‘സമ്മാനം’ എന്ന നിലയ്ക്ക് മകള്‍ക്ക് പൊന്നും പണവുമൊക്കെ നല്‍കാമെന്നൊരു വൈരുധ്യവും നിയമത്തിലുണ്ട്. ആയതിനാല്‍, നിയമത്തില്‍ത്തന്നെ സ്ത്രീധനത്തിന് പുനര്നിര്വചനമുണ്ടായെങ്കിലേ തെറ്റായ ഈ സമ്പ്രദായത്തിനു മാറ്റമുണ്ടാകൂ.
വിവാഹാലോചനകള്‍ വിലപേശലിലേക്കെത്തുമ്പോള്ത്തന്നെ വിവേകപൂര്‍വം നിലപാടെടുക്കാനുള്ള വിവരം രക്ഷിതാക്കള്‍ക്കുണ്ടാകണം. പൊന്നിന്റെയും പണത്തിന്റെയും പേരില്‍ ഒരു പെണ്‍കുട്ടിയെ വിലപേശുന്നതും അതിനു രക്ഷാകര്ത്താക്കള്ത്തന്നെ പലപ്പോഴും കരാറിലേര്‍പ്പെടുന്നതും എത്രയോ പ്രാകൃതവും പൈശാചികവുമാണ്. സ്ത്രീതന്നെയാണു ധനം എന്നു സമൂഹം തിരിച്ചറിയുന്നിടത്തേ, സ്ത്രീധനത്തിന്റെ പേരിലുള്ള വിവേചനവും അതിക്രമവും അവസാനിക്കുകയുള്ളൂ.

സ്ത്രീധനപീഡനങ്ങള്‍ക്കറുതി വരണമെങ്കില്‍ സമൂഹത്തിന്റെ മനോഭാവത്തില്‍ കാതലായ മാറ്റമുണ്ടാവണം. ആണ്‍കുട്ടിയോടൊപ്പം തുല്യവ്യക്തിത്വവും അന്തസ്സും അഭിപ്രായസ്വാതന്ത്ര്യവുമുള്ള വ്യക്തിയാണ് പെണ്‍കുട്ടി എന്ന യാഥാര്‍ത്ഥ്യം കുടുംബവും സമൂഹവും അംഗീകരിക്കണം. ഇത്തരത്തിലുള്ള പ്രബോധനങ്ങളും തിരിച്ചറിവുകളും കൊടുക്കാന്‍ നമ്മുടെ വിദ്യാഭ്യാസമേഖലയിലും സിലബസിലും സംവിധാനങ്ങളും സൗകര്യങ്ങളുമുണ്ടാവണം. സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ഇച്ഛിക്കുകയോ പോലുമില്ലെന്ന് നമ്മുടെ യുവാക്കള്‍ ധീരമായ നിലപാടെടുക്കണം. മക്കളെ കച്ചവടച്ചരക്കാക്കാതിരിക്കാനും അങ്ങനെയുള്ള കരാറുകള്‍ വിവാഹാലോചനയുടെ ആദ്യനാളുകളില്‍ത്തന്നെ അവസാനിപ്പിക്കാനും മാതാപിതാക്കള്‍ ആര്‍ജ്ജവമുള്ളവരാകണം. സ്ത്രീധനത്തിന്റെ പേരിലുള്ള ക്രൂരതകള്‍ അവസാനിപ്പിക്കാനുള്ള കരുത്തും നിശ്ചയദാര്‍ഢ്യവും പൊതുസമൂഹത്തില്‍ എല്ലായിടത്തും എല്ലാവര്‍ക്കുമുണ്ടാകട്ടെ.

ഫാ. കുര്യന് തടത്തില്‍