കൊരട്ടി പള്ളിയിൽ തൊട്ടുമുത്താനായി ഉണ്ടാക്കിവച്ച „വാഴ്ത്തപ്പെട്ട വാഴക്കുലയെ” ന്യായീകരിച്ചുകൊണ്ടുള്ള പോസ്റ്റുകൾ കണ്ടിട്ട് ചിരിവന്നു.
എടത്വായിൽ വെറ്റില എറിയാറില്ലേ?
വല്ലാർപാടത്ത് മുറ്റമടിക്കാറില്ലേ?
സെബസ്ത്യാനോസിൻ്റെ അമ്പും കൊണ്ട് പ്രദക്ഷിണം നടത്താറില്ലേ എന്നൊക്കെയാണു ന്യായീകരണക്കാർ ചോദിക്കുന്നത്.
എടേയ്…. എടത്വായിലെ വെറ്റിലയും വല്ലാർപാടത്തെ ചൂലും ഇടപ്പള്ളിയിലെ കോഴിയും ഒക്കെ ഭക്തരുടെ നേർച്ച സമർപ്പണങ്ങളാണു. എന്നു വച്ച് ഇവിടങ്ങളിലൊന്നും തൊട്ടുവണങ്ങാനായി ഈ സാധനങ്ങളുടെ പിച്ചളരൂപം ഉണ്ടാക്കി വച്ചിട്ടില്ല.
കൊരട്ടിമുത്തിക്ക് വാഴക്കുല സമർപ്പിക്കുന്നതിനെ ഇവിടെ ആരും എതിർക്കില്ല. പക്ഷെ ആ വാഴക്കുലയുടെ പിച്ചളരൂപം ഉണ്ടാക്കിവച്ചിട്ട് അതു തൊട്ടുമുത്താം എന്ന് പ്രചരിപ്പിക്കുന്നതിനെ ആണു എതിർക്കുന്നത്.
ഇനി… സെബസ്ത്യാനോസിൻ്റെ അമ്പ്. യേശു മരിച്ച വി. കുരിശിനെ യേശുവിൻ്റെ പ്രതീകമായി കാണുന്നതുപോലെ രക്തസാക്ഷികൾ മരിക്കാനിടയായ മാർഗത്തെ അവരുടെ പ്രതീകമായി കാണുന്നത് സഭയിൽ തുടർന്നു പോരുന്ന ഒരു രീതിയാണു.
വിശുദ്ധരുടെ രൂപങ്ങളും ഫോട്ടോകളും നോക്കിയാൽ നിങ്ങൾക്ക് ഇത് മനസിലാകും. മാർ തോമാ ശ്ളീഹായുടെ ചിത്രത്തിലും രൂപങ്ങളിലുമൊക്കെ തോമാശ്ളീഹയുടെ കൈയിൽ ഒരു കുന്തം കാണുന്നത് തോമ മരിച്ചത് കുന്തം കൊണ്ട് കുത്തേറ്റ് ആയതുകൊണ്ടാണു. അതുപോലെ ആണു സെബസ്ത്യാനോസിൻ്റെ അമ്പ്. അമ്പേറ്റാണു സെബസ്ത്യാനോസ് മരിച്ചത് എന്നതിൻ്റെ ഓർമ്മ.
ചില പ്രത്യേക സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് വസന്ത എന്ന രോഗം ജനങ്ങളെ ബാധിച്ചു തുടങ്ങിയ അവസരത്തിൽ, സെബസ്ത്യാനോസിനോടുള്ള ഭക്തി വർദ്ധിക്കുകയും പകർച്ച വ്യാധിയിൽ നിന്ന് രക്ഷപ്പെടാൻ ജനങ്ങൾ സെബസ്ത്യാനോസിൻ്റെ അമ്പും എടുത്ത് നാട്ടിൽ പ്രദക്ഷിണം ആരംഭിക്കുകയും ചെയ്തു.
എടുത്തുകൊണ്ട് നടക്കാനായി അധികം രൂപങ്ങൾ ഇല്ലാതിരുന്ന ഒരു കാലത്ത് സെബസ്ത്യാനോസിൻ്റെ പ്രതീകമായി അമ്പെഴുന്നള്ളിച്ചു എന്നതാണു സത്യം. അതിൻ്റെ തുടർച്ചയായിട്ടാണു സെബസ്ത്യാനോസിൻ്റെ ഓർമ്മക്കായി ഇന്നും അമ്പ് പ്രദക്ഷിണം നടത്തുന്നത്.
എന്നാൽ സെബസ്ത്യാനോസിൻ്റെ അമ്പ് പോലെയാണു കൊരട്ടിമുത്തിയുടെ മുമ്പിൽ സ്ഥാപിച്ച വാഴക്കുല എന്ന് വാദിക്കുന്നത് കൊരട്ടിമുത്തി വാഴക്കുല തിന്നാണു മരിച്ചത് എന്നു പറയുന്നതിനു തുല്യമാണു.
ഇനി അമ്പ് എന്നല്ല രൂപങ്ങളെ പോലും തൊട്ടു മുത്തേണ്ട കാര്യമില്ല എന്നാണു എൻ്റെ അഭിപ്രായം. പക്ഷെ ആ അഭിപ്രായം എല്ലാവരും അനുസരിക്കണമെന്ന് പറയാനൊന്നും എനിക്ക് കഴിയില്ല.
കാരണം ഒരു നിർഗുണ പരബ്രഹ്മത്തെ അല്ല ക്രിസ്ത്യാനിറ്റി പഠിപ്പിക്കുന്നത്. പ്രതീകങ്ങളിലൂടെയും രൂപങ്ങളിലൂടെയും ദൈവത്തെയും ദൈവീക സാമിപ്യത്തെയും അറിയാൻ ആളുകൾക്ക് സാധിക്കും.
വിശുദ്ധരുടെ രൂപങ്ങളും സെബസ്ത്യാനോസിൻ്റെ അമ്പുമൊക്കെ ഇതുപോലെ ഉള്ള പ്രതീകങ്ങളാണു. അതുപോലെ ഒന്നാണു കൊരട്ടിയിലെ വാഴക്കുല എന്ന് പറയരുത്. വാഴക്കുല സമർപ്പണം അവിടുത്തെ നേർച്ച ആയിരിക്കും. നേർച്ചയെ നേർച്ചയായി കാണുക.
അല്ലാതെ അതിനെ തൊട്ടുവണങ്ങരുത്. അങ്ങനെ തൊട്ടുവണങ്ങാനായി നേർച്ചയുടെ രൂപം ഉണ്ടാക്കിവക്കുകയും അതിൻ്റെ പ്രചരണം പത്രങ്ങളിലൂടെ കൊടുക്കുകയുമൊക്കെ ചെയ്യുന്നത് തെറ്റാണു.
Bibin Madathil