ന്യൂഡൽഹി: സ്വവർഗ വിവാഹം എന്ന ധാര്‍മ്മിക മൂല്യച്യുതിയെ തള്ളിക്കളഞ്ഞുക്കൊണ്ട് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് 3-2 എന്ന നിലയില്‍ എതിർത്തതോടെയാണ് വിഷയത്തില്‍ അന്തിമ തീരുമാനമായത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കൗൾ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവർ ശക്തമായി എതിര്‍ത്തിരിന്നു. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസർക്കാരും നേരത്തെ കോടതിയിൽ എതിർത്തിരുന്നു.
പങ്കാളിയെ തെരഞ്ഞെടുക്കാൻ വ്യക്തിക്ക് അവകാശം ഉണ്ടെങ്കിലും സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാനാവില്ല. സ്വവർഗവിവാഹങ്ങൾ അംഗീകരിച്ചുകൊണ്ട് പ്രത്യേക വിവാഹനിയമത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക വിവാഹ നിയമം മാറ്റാനാവില്ലെന്നുമാണ് ഭൂരിപക്ഷ വിധി. കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും നൽകാനാവില്ല. എന്നാൽ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്നും കോടതി വിധിയില്‍ പറയുന്നു.

കത്തോലിക്കാ വിശ്വാസമനുസരിച്ച് വിവാഹം ഒരു കൂദാശയും സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധവുമാണ്. സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള ‘വിവാഹ’ ബന്ധത്തെ സഭ അംഗീകരിക്കുന്നില്ല. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം സ്വവര്‍ഗ്ഗഭോഗം പാപമാണെന്ന് പഠിപ്പിക്കുന്നു. സിസിസി 2357ാം ഖണ്ഡിക വിഷയത്തെ കുറിച്ച് ഇങ്ങനെ പഠിപ്പിക്കുന്നു. “സ്വവര്‍ഗ്ഗത്തില്‍പ്പെട്ട ആളുകളോടു മാത്രമോ അല്ലെങ്കില്‍ പ്രബലമോ ആയ ലൈംഗികാര്‍ഷണം അനുഭവപ്പെടുന്ന പുരുഷന്മാര്‍ തമ്മിലോ സ്ത്രീകള്‍ തമ്മിലോ ഉള്ള ബന്ധമാണ് സ്വവര്‍ഗ്ഗഭോഗം. നൂറ്റാണ്ടുകളിലൂടെ വ്യത്യസ്ത സംസ്ക്കാരങ്ങളില്‍ വളരെ വൈവിധ്യമാര്‍ന്ന രൂപങ്ങളില്‍ ഇതു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ മന:ശാസ്ത്രപരമായ കാരണം വളരെ അവ്യക്തമായി നിലനില്‍ക്കുന്നു”.

“അവയെ തികഞ്ഞ ധാര്‍മ്മികാധ:പതനമായി കാണുന്ന വി.ഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തില്‍, സഭയുടെ പാരമ്പര്യം എപ്പോഴും ‘സ്വവര്‍ഗ്ഗഭോഗ പ്രവൃത്തികള്‍ അവയുടെ സഹജമായ പ്രവൃത്തിയാല്‍ത്തന്നെ ക്രമരഹിതമാണ്’ എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അവ സ്വാഭാവിക നിയമത്തിനും എതിരാണ്. അവ ലൈംഗിക പ്രവൃത്തിയുടെ ജീവദായകത്വത്തെ മുന്‍കൂട്ടി ഒഴിവാക്കുന്നു. അവ ശരിയായ വൈകാരിക ലൈംഗികപൂരകത്വത്തില്‍ നിന്നു പുറപ്പെടുന്നവയും യാതൊരു സാഹചര്യത്തിലും അവയെ അംഗീകരിക്കുവാന്‍ സാധ്യമല്ല”.
സ്വവർഗ സഹവാസത്തിനു വിവാഹപദവി അനുവദിക്കില്ല| മനുഷ്യ ജീവന്റെ മഹത്വവും കുടുംബങ്ങളുടെ പ്രാധാന്യവും വ്യക്തമാക്കുന്നസുപ്രിംകോടതിയുടെചരിത്രവിധി|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്സ്വാഗതം ചെയ്‌തു

കൊച്ചി.രാജ്യത്ത് ഒരേ ലിംഗത്തിൽപെട്ടവർ ഒരുമിച്ച് താമസിക്കുന്നത് നിലവിലുള്ള വിവാഹനിയമത്തിൽ പരിഗണിക്കാൻ കഴിയില്ലെന്ന സുപ്രിംകോടതി വിധിയെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു.
കുടുംബജീവിതത്തിൻറെയും ഭാവിതലമുറയുടെ പ്രതീക്ഷയായ കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതാണ് സുപ്രിംകോടതിയുടെ വിധി .
വളരെകുറച്ചുപേരുടെ സ്വകാര്യതാത്പര്യങ്ങൾ രാജ്യത്തിൻെറ പൊതുവായ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാകുവാൻ അനുവദിക്കാത്ത വിധിയാണിത് .

സുപ്രിംകോടതിയുടെ വിധി ഭാരതത്തിൻെറ ഉന്നതമായ കുടുംബസംവിധാന മുല്യങ്ങൾ സംരക്ഷിക്കുന്നതാണ് . ഭാരതത്തിന്റെ പൊതുവായതും, വിവിധ മത വിഭാഗങ്ങളുടെ കുടുംബജീവിതസങ്കല്പങ്ങൾക്കും പാരമ്പര്യത്തിനും എതിരാണെന്നും, അതിനാൽ വിവാഹത്തിന് നിയമാനുമതി നൽക്കരുതെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ ശക്തമായ നിലപാട് വിധിക്കു അനുകൂലമായ സാഹചര്യം സൃഷ്ടിട്ടിച്ചുവെന്നും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ്അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു

സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങളുടെ കെട്ടുറപ്പും നിലനിൽപ്പും രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമാണ്. സ്ത്രീയും പുരുഷനുമായുള്ള ബന്ധമാണ് വിവാഹത്തിൻെറ നിർവചനത്തിൽ വരേണ്ടത് .ദമ്പതികളുടെ സ്നേഹത്തിന്റെഭാഗമായുള്ള ലൈങ്കികബന്ധത്തിൽ നിന്നും ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ സംരക്ഷണവും മാതാപിതാക്കൾ ഏറ്റെടുക്കുന്നു.
കുഞ്ഞുങ്ങളെ ഏതവസ്ഥയിലും സന്തോഷത്തോടെ സ്വീകരിച്ച് സുരക്ഷിതമായി വളർത്തുവാൻ അവർ തയ്യാറാക്കുന്നു. മാതാപിതാക്കളുടെ സ്നേഹവും ഉത്തമ സംരക്ഷണവും ഓരോ കുഞ്ഞിൻെറയും ജന്മാവകാശമാണ് .അത് നിഷേധിക്കുന്നത് ഉചിതമല്ല .
ഒത്തുവാസം നടത്തുന്ന ഒരേലിംഗത്തിൽപെട്ടവർ അവരുടെ കൂട്ടായ്മയെ വിവാഹപരിധിയിൽ ഉൾപ്പെടുത്തുവൻ ശ്രമിക്കുന്നതും, അവർക്ക് താല്പര്യം ഇല്ലാത്തതും, മാതാപിതാക്കളുടെ സംരക്ഷണംഅർഹിക്കുന്ന വിധത്തിൽ സ്നേഹ സംരക്ഷണം നൽകുവാൻ അവർക്ക് കഴിയാത്ത സാഹചര്യമുള്ളപ്പോഴും കുട്ടികളെ ദത്തെടുക്കുവാൻ ശ്രമിക്കുന്നതും ഉചിതമോയെന്ന് വിലയിരുത്തണം .

വ്യക്തികളുടെ സ്വാതന്ത്രം സമൂഹത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും വിഘാതമാകുവാൻ അനുവദിക്കരുത്.മനുഷ്യ ജീവന്റെ മഹത്വവും കുടുംബങ്ങളുടെ പ്രാധാന്യവും വ്യക്തമാക്കുന്നതാണ് സുപ്രിംകോടതിവിധിയെന്നും സാബു ജോസ് പറഞ്ഞു
