കല്‍പ്പറ്റ: കേരള കത്തോലിക്ക സഭയില്‍ പുതുചരിത്രം കുറിച്ച് ഫാ. മാത്യു വയലാമണ്ണിലിന്റെ വചനശുശ്രൂഷ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. വയനാട് അനുഗ്രഹ ധ്യാനകേന്ദ്രം ഡയറക്ടറും ചെറുപുഷ്പ സന്യാസ സമൂഹാംഗവുമായ ഫാ. മാത്യു വയലാമണ്ണില്‍ സിഎസ്‌ടി എല്ലാ ദിവസവും യൂട്യൂബിലൂടെ നയിക്കുന്ന വചനശുശ്രൂഷയില്‍ ഒന്നര ലക്ഷത്തോളം പേരാണ് തത്സമയം പങ്കെടുക്കുന്നത്. ‘നിയോഗ പ്രാര്‍ത്ഥന ‘ എന്ന പേരില്‍ എല്ലാ ദിവസവും പുലര്‍ച്ചെ അഞ്ചരയ്ക്കു ആരംഭിക്കുന്ന വചനശുശ്രൂഷയിലാണ് പതിനായിരങ്ങള്‍ ഓണ്‍ലൈനായി പങ്കെടുക്കുന്നത്. ഒരു ഓണ്‍ലൈന്‍ വചനശുശ്രൂഷയ്ക്ക് ഒന്നരലക്ഷത്തോളം പേര്‍ തത്സമയം പങ്കുചേരുന്നത് കേരള കത്തോലിക്ക സഭയില്‍ ഇതാദ്യമായിട്ടാണ്.
മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ തത്സമയ യൂട്യൂബ് സംപ്രേക്ഷണം വരെ ആയിരങ്ങളില്‍ ഒതുങ്ങുമ്പോള്‍ ജീവിക്കുന്ന കര്‍ത്താവിന്റെ വചനത്തിന് വേണ്ടിയുള്ള ദാഹത്തോടെ ലക്ഷങ്ങള്‍ പ്രാര്‍ത്ഥനയോടെ ഒരു സമയം ഒരുമിച്ച് കൂടുകയാണെന്നത് അത്ഭുതമായാണ് പൊതുവേ നിരീക്ഷിക്കപ്പെടുന്നത്. പ്രീമിയര്‍ ചെയ്തുക്കൊണ്ടുള്ള ശുശ്രൂഷയ്ക്ക് ശേഷവും ലക്ഷങ്ങളാണ് യൂട്യൂബിലൂടെ കൂടുന്നത്. നിയോഗ പ്രാര്‍ത്ഥനയുടെ പതിനാലാമത് ദിവസമായ ഇന്നലെ പ്രസിദ്ധീകരിച്ച വചനശുശ്രൂഷ ഏഴുലക്ഷത്തിലധികം പേരാണ് ഇതിനോടകം കൂടിയിരിക്കുന്നത്. ഫേസ്ബുക്ക്, വാട്സാപ്പ് ഉള്‍പ്പെടെയുള്ള മറ്റ് സമൂഹ മാധ്യമങ്ങളിലൂടെയും ശുശ്രൂഷയുടെ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്.
പരമാവധി നാലായിരം പേര്‍ പങ്കെടുക്കുമെന്ന ചിന്തയോടെ ആരംഭിച്ച ശുശ്രൂഷയാണിതെന്നും എന്നാല്‍ യേശുവിന്റെ അത്ഭുതകരമായ പ്രവര്‍ത്തിയാണ് ശുശ്രൂഷയില്‍ ഇപ്പോള്‍ പ്രകടമാകുന്നതെന്നും അഭിമാനിക്കാനോ കഴിവ് പറയാനോ യാതൊന്നുമില്ലായെന്നും ശുശ്രൂഷ നയിക്കുന്ന ഫാ. മാത്യു വയലാമണ്ണില്‍ ‘പ്രവാചകശബ്ദ’ത്തോട് പറഞ്ഞു. അഞ്ചപ്പം അയ്യായിരമാക്കി മാറ്റാന്‍ മനുഷ്യന് കഴിയുമോ? അഞ്ചപ്പം എങ്ങനെ അയ്യായിരമായി എന്ന കാര്യം മനുഷ്യന് ആര്‍ക്കും അറിയില്ല. ഉത്തരമില്ലാത്ത ഒരു രഹസ്യമാണ്. അതുപോലെ തന്നെയാണ് ഈ ശുശ്രൂഷയും. ദൈവത്തിന്റെ വചനം മൂവായിരമോ നാലായിരമോ ആള്‍ക്കാര്‍ കേള്‍ക്കണമെന്ന ചിന്തയോടെയാണ് ശുശ്രൂഷ ആരംഭിച്ചത്. എന്നാല്‍ ആദ്യ വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി.
ഇന്ന് ഈ വചനശുശ്രൂഷയില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുന്നു. അവര്‍ വചനം സ്വീകരിക്കുന്നു. അനേകരുടെ ജീവിതങ്ങളില്‍ വലിയ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നു. കഴിവ് പറയാനോ, മേന്മ പറയാനോ യാതൊന്നുമില്ല. സാക്ഷ്യങ്ങളോട് അല്ല, വചനത്തോടുള്ള ദാഹമാണ് ഇപ്പോള്‍ കാണുന്നത്. വചനത്തില്‍ ആശ്രയിക്കുമ്പോള്‍ അത്ഭുതകരമായ ഇടപെടല്‍ ആയിരങ്ങളുടെ ജീവിതങ്ങളുടെ നടക്കുന്നതു കാണാന്‍ കഴിയുന്നു. ഓരോ ദിവസവും നൂറുകണക്കിന് സാക്ഷ്യങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നതെന്നും യേശുവിനെ അറിയാനുള്ള ആഗ്രഹത്തോടും താത്പര്യത്തോടും കൂടെ ആയിരകണക്കിന് അക്രൈസ്തവര്‍ ശുശ്രൂഷയില്‍ പങ്കെടുക്കുന്നുണ്ടെന്നും ഫാ. മാത്യു വയലാമണ്ണില്‍, ‘പ്രവാചകശബ്ദ’ത്തോട് പങ്കുവെച്ചു. കല്‍പ്പറ്റയില്‍ നിന്ന് 22 കിലോമീറ്റര്‍ മാറി, വടുവന്‍ചാല്‍ വട്ടത്തുവയലിലാണ് ചെറുപുഷ്പ സന്യാസ സമൂഹത്തിന്റെ കീഴിലുള്ള അനുഗ്രഹ ധ്യാനകേന്ദ്രം സ്ഥിതി ചെയ്യുന്നത്.
കടപ്പാട്