കാനൻ നിയമം
കത്തോലിക്കാ സഭയുടെ കാനൻ നിയമപ്രകാരം, രാഷ്ട്രീയ പാർട്ടികളിലും ലേബർ യൂണിയനുകളിലും മറ്റുമുള്ള സജീവ പങ്കാളിത്തം കത്തോലിക്കാ വൈദികന് നിഷിദ്ധമാണ് (Canon 384 §2). അത് ഏത് പാർട്ടിയെന്നോ അവരുടെ പ്രത്യയശാസ്ത്രം ഏത് എന്നോ ഉള്ള വ്യത്യാസം കൂടാതെയുള്ള സഭാനിയമമാണ്.
എല്ലാ മനുഷ്യർക്കുമിടയിൽ സമാധാനവും ഐക്യവും സഹകരണവും വളർത്തുകയാണ് ക്രിസ്തുവിൽ എല്ലാത്തിനെയും അനുരഞ്ജിപ്പിക്കാൻ നിയുക്തനായിരിക്കുന്ന പുരോഹിതന്റെ ദൗത്യം (Canon 384 §1). ഇക്കാരണങ്ങളാൽ, പ്രസ്തുത വൈദികന്റെ പ്രവൃത്തി സ്വാഭാവികമായും ചട്ടവിരുദ്ധവും സഭാപരമായ നടപടികളെ ക്ഷണിച്ചുവരുത്തുന്നതുമായിരുന്നു എന്നുള്ളതിൽ തർക്കമില്ല.
ഏതാനും മാസങ്ങൾ കഴിഞ്ഞാൽ തന്റെ ഔദ്യോഗിക കൃത്യ നിർവഹണത്തിൽ നിന്ന് വിരമിക്കേണ്ട (അതായത് പുരോഹിതരുടെ വിരമിക്കൽ പ്രായം തികഞ്ഞ് നിൽക്കുന്ന) ഒരു വൈദികൻ ഇടുക്കിയിൽ ബി ജെ പി യിൽ ചേർന്നതിനെ ചിലർ കാര്യമായി ആഘോഷിക്കുന്നു – അനുകൂലിച്ചും പ്രതികൂലിച്ചും. കത്തോലിക്കാ വൈദികർക്ക് ഏതെങ്കിലും പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ അനുവാദമില്ല എന്നിരിക്കെ അതിനെ ധിക്കരിച്ച് തീരുമാനം എടുത്ത ഇടുക്കിയിലെ മറ്റത്തിലച്ചൻ അച്ചടക്ക നടപടി പ്രതീക്ഷിച്ച് കൊണ്ടാവണം ഇങ്ങനെ ഒരു തീരുമാനമെടുത്തത്. എല്ലാവരെയും പോലെ കത്തോലിക്കാ സഭയിലെ അച്ചന്മാർക്കും രാഷ്ട്രീയ ചായ്വുകൾ സ്വാഭാവികമാണ്.
യു ഡി എഫ്, എൽ ഡി എഫ്, എൻ ഡി എ, ആം ആദ്മി തുടങ്ങിയവയോട് താല്പര്യമുള്ള വൈദികർ ഉണ്ട്. എങ്കിലും അവരാരും അവരുടെ രാഷ്ട്രീയം പരസ്യമായിപ്രകടിപ്പിക്കാറില്ല.
ഏതായാലും രാഷ്ട്രീയ പാർട്ടിയിൽ ചേരുന്ന ആദ്യത്തെ വൈദികൻ ഇദ്ദേഹമല്ല. പണ്ട് പണ്ട് നമ്മുടെ വടക്കൻ അച്ചൻ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയതും സഭ അച്ചടക്ക നടപടി എടുത്തതുമൊന്നും ചരിത്രമറിയാവുന്നവർ മറന്നിട്ടുണ്ടാവില്ല.
ഇടുക്കി രൂപതയുടെ മെത്രാൻ ജോൺ നെല്ലിക്കുന്നേൽ പിതാവിനെക്കൊണ്ട് നടപടി എടുപ്പിക്കാതെ സ്വയം കുപ്പായം ഉപേക്ഷിച്ച് ഇഷ്ടമുള്ള രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതായിരുന്നില്ലേ അച്ചോ നല്ലത്.
Jo Kavalam