വചനം മാംസം ധരിച്ചവന്റെ ജനന- ജീവിത – മരണ- ഉത്ഥാന രഹസ്യങ്ങളെ മനനം ചെയ്ത്, മാംസമാകാൻ തീരുമാനിച്ചവനെ ഉള്ളിൽ വഹിച്ചവളുടെ ഒപ്പം നടക്കുന്ന ഒരു വിശ്വാസ തീർത്ഥ യാത്രയാണ് കൊന്തനമസ്കാരം.
വിശ്വാസം , ശരണം , ഉപവി എന്നീ ക്രിസ്തീയ പുണ്യങ്ങളുടെ പൂർണതയായ പരി. അമ്മയുടെ മദ്ധ്യസ്ഥവും ആ പുണ്യങ്ങളുടെ നിറവിനായുള്ള ആഗ്രഹവും പ്രകടിപ്പിച്ചുകൊണ്ട് സന്തോഷ – ദുഃഖ – മഹിമ – പ്രകാശ രഹസ്യങ്ങളിലൂടെ ദൈവപുത്രന്റെ ജനനം ,ജീവിതം, മരണം , ഉത്ഥാനം, സഭയുടെ വിശ്വാസ സത്യങ്ങൾ തുടങ്ങിയവയുടെ രഹസ്യത്മകതയോട് നമ്മുടെ ജീവിതം ചേർത്ത് വച്ച് നാം ധ്യാനിക്കുന്നു; ദൈവ സന്നിധിയിൽ വിധേയത്വം ഉണ്ടാകുവാനും അനുദിന ജീവിതത്തിൽ വിശുദ്ധി പാലിക്കാനും ആനുകാലികതയിൽ വിശ്വസ്തത പാലിക്കുവാനും ഉള്ള ആഗ്രഹത്തെ നിയോഹമായി വച്ച് പ്രാർത്ഥിക്കുന്നു.
അങ്ങനെ ഭൗതികതയിൽ നിറഞ്ഞു നിൽക്കുന്ന ജീവിതത്തിന്റെ ആധ്യാത്മിക ഭാഗം കണ്ടെത്താനും മുറുകെ പിടിക്കാനും ഈ പ്രാർത്ഥന സഹായിക്കുന്നു.
വിശ്വാസം തന്നെ ചോദ്യം ചെയ്യപ്പെടുകയും ക്രിസ്ത്യാനി ആയിരിക്കുന്നത് പരിഹാസത്തിനും തള്ളപെടലിനും തഴയപ്പെടലിനും കാരണമാകുകയും ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ കൊന്തനമസ്കാര പ്രാർത്ഥനയുടെ സാംഗത്യം വലുതാണ്.
ഈ പ്രാർത്ഥനയുടെ ആരംഭം തന്നെ ക്രൈസ്തവന്റെ വിശ്വാസ ജീവിതത്തെയും നിലനില്പിനെയും ചോദ്യം ചെയ്യപ്പെട്ടപ്പോൾ അതിനോട് പ്രതികരിച്ചു മുമ്പോട്ടു പോകാനുള്ള ഊർജ്ജം തേടി പരി. അമ്മയുടെ അടുക്കലേക്കുള്ള ഓട്ടമായിരുന്നു എന്നത് കൂട്ടിവായിക്കുമ്പോഴാണ് കൊന്തയുടെ പ്രാധാന്യവും പരിശുദ്ധിയും കൂടുതൽ തെളിയുന്നത്.ഒക്ടോബർ മാസം അനുഗ്രഹമായി മാറുന്നതിന്റെ മാസമാകട്ടെ.
ജീവിതത്തിന്നർത്ഥവും ലക്ഷ്യവും കണ്ടെത്താം; അമ്മയുടെ മാധ്യസ്ഥം വഴി പുത്രന്റെ സംരക്ഷണ തണലിൽ അഭയം തേടി.
അനുദിന ജീവിത്തിൽ ഊർജ്ജം പകരട്ടെ,ആനുകാലികതയിൽ വിശ്വാസം ആപേക്ഷികമാകാതിരിക്കാൻ സഹായിക്കട്ടെ ,ഇരിക്കുന്ന ശിഖരത്തിന്റെ ബലം തിരിച്ചറിയുവാനും കൈയ്യിലിരിക്കുന്ന കണ്ണാടി സ്വന്തം മുഖത്തിന് നേരേ പിടിക്കാനും ഉരുട്ടുന്ന കൊന്തമണികൾ നമ്മെ സഹായിക്കട്ടെ .
കൈമാറി കൊടുക്കുന്ന വിശ്വാസദീപം കരിന്തിരി കത്തുന്നതല്ലായെന്നു ഉറപ്പ് വരുത്താനുള്ള വിവേകം നൽകണമേയെന്നു പ്രത്യേകം പ്രാർത്ഥിക്കാം.
പുത്തൻ അനുഭൂതിയും അനുഭവവും ആത്മീയ നിർവൃതിയും കൊന്തമാസം ഏവർക്കും പകരട്ടെ.
Ben Fr