വത്തിക്കാൻ സിറ്റി: ഗർഭച്ഛിദ്രത്തെയും ദയാവധത്തെയും ശക്തമായ ഭാഷയിൽ അപലപിച്ച ഫ്രാൻസിസ് പാപ്പ ഏതവസ്ഥയിലാണെകിലും ജീവനെ തൊട്ടു കളിക്കരുതെന്ന മുന്നറിയിപ്പ് നൽകി. വേദന ഇല്ലാതാക്കാൻ സഹായിക്കുന്നു എന്ന പേരിൽ ലോകമെമ്പാടും വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പേരിൽ ആരുടെയും ജീവിതം ‘റദ്ദാക്ക’പ്പെടരുതെന്ന് മെഡിറ്ററേനിയൻ സമ്മേളനത്തിന് ശേഷം മാർസെയിൽ നിന്ന് റോമിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പപ്പാ പറഞ്ഞു.
മർസെയിൽ വിശുദ്ധ ബലിമധ്യേ ഗർഭച്ഛിദ്രത്തെയും ദയാവധത്തെയും അപലപിച്ച പാപ്പ, ദയാവധവുമായി ബന്ധപ്പെട്ട് ഫ്രാൻസ് പരിഗണിക്കാൻ ഒരുങ്ങുന്ന വിവാദ നിയമത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി , ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിൽ ഈ വിഷയം പരാമർശിച്ചിട്ടില്ലെന്നും, എന്നാൽ പ്രസിഡന്റ് വത്തിക്കാനിലേക്ക് നേരത്തെ നടത്തിയ മൂന്ന് സന്ദർശനങ്ങളിലൊന്നിൽ താനും മാക്രോണും ദയാവധം സംബന്ധിച്ച വിഷയം ഗൗരവമായി ചർച്ച ചെയ്തിരുന്നെന്നും , ജീവന്റെ ആരംഭത്തിലോ അവസാനത്തിലോ അതുമായി കളിയ്ക്കാൻ നമുക്കവകാശമില്ലെന്നും ഇതാണ് എക്കാലത്തെയും തന്റെ നിലപാടെന്നും അദ്ദേഹത്തോട് താൻ വ്യക്തമാക്കിയിട്ടുണ്ടെന്നും പാപ്പാ പറഞ്ഞു.
തന്റെ വെറുമൊരഭിപ്രായപ്രകടനം മാത്രമല്ലിതെന്നും മറിച്ചു് ജീവന്റെ സംരക്ഷണമാണിതെന്നും നിങ്ങൾ മനസ്സിലാക്കുമ്പോൾ വേദനയില്ലാത്തതും മനുഷ്യത്വപരമെന്നു നിങ്ങൾ പ്രചരിപ്പിക്കുന്നതുമായ ദയാവധത്തിന്റെ രാഷ്ട്രീയത്തെ അവസാനിപ്പിക്കാൻ നിങ്ങൾക്കാകും; അദ്ദേഹം പറഞ്ഞു.മാക്രോൺ ഭരണകൂടം ഉടൻ തന്നെ ‘എൻഡ്-ഓഫ്-ലൈഫ് ‘ബിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
മരിക്കാൻ അഭ്യർത്ഥിക്കുന്ന ആളുകൾക്കുള്ള ‘സജീവമായ സഹായം’ നിയമവിധേയമാക്കുന്നതിനുള്ള ചില വ്യവസ്ഥകൾ ഇതിൽ അടങ്ങിയിരിക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത് .
മരണത്തോടടുത്തുള്ള വേദനയിൽ കഴിയുന്ന ആളുകളെ ആശ്വസിപ്പിക്കാൻ ‘അഗാധമായ മയക്കം’ മാത്രമേ നിലവിലുള്ള നിയമം അനുവദിക്കുന്നുള്ളു , എന്നാൽ ചില അഭിപ്രായ വോട്ടെടുപ്പുകളുടെ ചുവടുപിടിച്ചു് ദയാവധത്തെ അനുകൂലിക്കുന്ന നിയമനിർമ്മാണത്തിനാണ് ഭരണകൂടത്തിന്റെ ശ്രമമെന്നാണ് ജീവനെ അനുകൂലിക്കുന്ന സംഘടനകൾ പറയുന്നത്.