മലങ്കര കത്തോലിക്കാ സഭ, ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ കത്തോലിക്കാ സഭാ പുനരയ്ക്യത്തിന്റെയും മലങ്കര സുറിയാനി കത്തോലിക്കാ സഭയെന്ന വ്യക്തിസഭ (റീത്ത്) യുടെ സ്ഥാപനത്തിന്റെയും 93 ആം വാർഷികം 2023 സെപ്തംബർ 20, 21 തീയതികളിൽ മൂവാറ്റുപുഴയിൽവച്ച് ആഘോഷിക്കുകയാണ്.
വിവിധ രൂപതകളിലെ മെത്രാന്മാരും വൈദികരും സമർപ്പിതരും വിശാസികളും ഒത്തുകൂടുന്ന ഈ അവസരം സഭയിലും സമൂഹത്തിലും കൂട്ടായ്മ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് നടത്തുന്നത്.കൂടാതെ, ഈ ഒത്തുചേരൽ സഭയെ അതിന്റെ ദൗത്യം ഓർമ്മിപ്പിക്കുകകൂടി ചെയ്യുന്നു!
സഭയുടെ ദൗത്യം, ദൈവിക കൂട്ടായ്മയായ പരിശുദ്ധ ത്രിത്വത്തിന്റെ ദൗത്യത്തിലുള്ള പങ്കുചേരലാണ് എന്നതിന്റെ ഓർമ്മപ്പെടുത്തൽകൂടിയാണ് ഈ കൂടിവരവ്!
പിതൃ പുത്ര പരിശുധാത്മാവായ ദൈവം ഏകനായിരിക്കുന്നതുപോലെ, വിശ്വാസംമൂലം യേശുക്രിസ്തുവിൽ ഒന്നായ എല്ലാവരുടെയും ഐക്യം ക്രിസ്തുവും സഭയും ആഗ്രഹിക്കുന്നു! സഭാ കൂട്ടായ്മകളിൽ വളർന്നു വരുന്ന അനൈക്യത്തിന്റെയും അനുസരണക്കേടിന്റെയും മത്സരത്തിന്റെയും അരൂപി, സഭക്കു മാത്രമല്ല, സമൂഹത്തിനും ദുർമാതൃകയും ഉതപ്പുമാണ്.
എല്ലാ മനുഷ്യരും സ്നേഹ കൂട്ടായ്മയിൽ ജീവിക്കണം എന്നതാണ് ദൈവഹിതം! ഈ ഐക്യ സന്ദേശം സഭയിലും സമൂഹത്തിലും ലോകത്തിലും പ്രഘോഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണ് സഭയുടെ ദൗത്യം.
സമൂഹത്തിൽ സ്നേഹവും കാരുണ്യവും അനുരഞ്ജനവും വളർത്തുന്ന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
വിഭാഗീയതയുടെയും വിഭജനത്തിന്റെയും തത്വശാസ്ത്രങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്.
മനുഷ്യരുടെ തുല്യാന്തസ്സിനെ ഹനിക്കുന്ന പ്രത്യയശാസ്ത്രങ്ങൾ പൂർവ്വാധികം ശക്തിപ്പെട്ടു വരുന്നു!മനുഷ്യരെ പരസ്പരം ഒന്നിപ്പിക്കാനുള്ള മാർഗങ്ങളായ ഭാഷയും ദേശീയതയും മതങ്ങളുമെല്ലാം ഭിന്നിപ്പിക്കാനുള്ള ഉപകരണങ്ങളും ആയുധങ്ങളുമായി ഉപയോഗിക്കപ്പെടുന്നു!
ഭിന്നതയുടെ സ്വരം കുടുംബങ്ങളിൽപോലും വർധിച്ചു വരുന്നു, ബന്ധങ്ങളുടെ തകർച്ചയിലേക്ക് അനേകരുടെ ജീവിതങ്ങളെ തള്ളിവിടുന്നു!
സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റുകളായ കുടുംബങ്ങൾ തകർച്ച നേരിട്ടുകൊണ്ടിരിക്കുന്നു എന്നതു നിസ്സാരമായി കാണേണ്ട ഒന്നല്ല!സമൂഹത്തിൽ വർധിച്ചു വരുന്ന അക്രമ വാസനയും അഴിമതിയും, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വർധിച്ച ഉപയോഗവും, അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുമെല്ലാം, ഒരു വിധത്തിൽ, സമൂഹത്തിന്റെതന്നെ തകർച്ചയുടെ ചിത്രങ്ങളാണ്!
സഭയിലും സമൂഹത്തിലും സ്നേഹവും ഐക്യവും കൂട്ടായ്മയും വളർത്തുന്ന സംരംഭങ്ങളും പരിശ്രമങ്ങളും ആദരവർഹിക്കുന്നു!
കൂടുതൽ കൂടുതൽ ഐക്യ സംരംഭങ്ങളും പുനരയ്ക്യങ്ങളും അനുരഞ്ജനങ്ങളും ഉണ്ടാകട്ടെ!
സഭയിലും സമൂഹത്തിലും ലോകം മുഴുവനിലും ശാന്തി പുലരട്ടെ!
ഫാ. വർഗീസ് വള്ളിക്കാട്ട്