സെപ്റ്റംബർ 12-ാം തീയതി ആഗോള സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു. ഈ തിരുനാൾ സ്പെയിനിലാണ് ആരംഭിച്ചത്. 1513-ൽ ഈ തിരുനാളിനു അംഗീകാരം ലഭിച്ചു.
1683 പതിനൊന്നാം ഇന്നസെൻ്റ് മാർപാപ്പ ഈ തിരുനാൾ പരിശുദ്ധ മറിയത്തിന്റെ ജനന തിരുനാൾ കഴിഞ്ഞു നാലാം ദിവസം സെപ്റ്റംബർ പന്ത്രണ്ടാം തീയതി ഈ തിരുനാൾ ആഗോള സഭയിൽ ആഘോഷിക്കണമെന്ന് പ്രഖ്യാപിച്ചു.
1970 ൽ ലെ തിരുനാളുകളുടെ കലണ്ടറിൽ നിന്നു ഈ തിരുനാൾ മാറ്റിയെങ്കിലും 2003 ജോൺ പോൾ രണ്ടാമൻ പാപ്പ ഈ തിരുനാൾ റോമൻ മിസ്സലിൽ വീണ്ടും ഉൾപ്പെടുത്തി.മറിയം എന്ന നാമം പുരാതന സെമറ്റിക് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത്.
ഹീബ്രു ഭാഷയിൽ മിറിയാം ( Myriam ) അറമായ ഭാഷയിൽ മറിയാം ( Maryam ) എന്നുമാണ് മറിയം എന്ന നാമം അറിയപ്പെടുന്നത്. ഭാഷാശാസ്‌ത്ര പഠനമനുസരിച്ച് മറിയം എന്ന വാക്കിന്റെ അർത്ഥം സ്ത്രീ, മനോഹരി വളരെയധികം സ്നേഹിക്കപ്പെട്ടവൾ, എന്നൊക്കയാണ്. ഗബ്രിയേൽ മാലാഖ മറിയത്തെ മംഗല വാർത്ത അറിയിക്കുമ്പോൾ ചെയ്യുന്ന അഭിസംബോധനയിൻ ഈ അർത്ഥം അടങ്ങിയിരിക്കുന്നു.” ദൂതന്‍ അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്‍ത്താവ് നിന്നോടുകൂടെ!” (ലൂക്കാ 1 : 28).
മറിയം എന്ന നാമം പരിശുദ്ധ ദൈവമാതാവിൻ്റെ പേരായാതിനാൽ വളരെയധികം ബഹുമാനവും ഭക്തിയും അർഹിക്കുന്നു.
മരിയൻ ദൈവശാസ്ത്രജ്ഞനായ വി. ലൂയിസ് ദി മോൺഫോർട്ട് മറിയത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തിരിയിക്കുന്നു: ” ലോകം മുഴുവൻ അവളുടെ മഹത്വത്താൽ നിറഞ്ഞിരിക്കുന്നു, രാജ്യങ്ങൾ, പ്രവിശ്യകൾ, രൂപതകൾ, പട്ടണങ്ങൾ എന്നിവയുടെ മധ്യസ്ഥയായി അവളെ തിരഞ്ഞെടുത്ത ക്രിസ്ത്യൻ ജനതയുടെ കാര്യത്തിൽ ഇത് തികച്ചും ശരിയാണ്.നിരവധി കത്തീഡ്രലുകൾ അവളുടെ നാമത്തിൽ ദൈവത്തിനു സമർപ്പിച്ചിരിക്കുന്നു.
അവൾക്കായി സമർപ്പിച്ചിരിക്കുന്ന ഒരു അൾത്താരയെങ്കിലും ഇല്ലാത്ത ഒരു ദൈവാലയവുമില്ല. എല്ലാത്തരം കഷ്ടപ്പാടുകളും സുഖമാക്കകയും നിരവധി അനുഗ്രഹങ്ങൾ വർഷിക്കുകയും ചെയ്യുന്ന അവളുടെ അത്ഭുതകരമായ ഒരു ചിത്രമെങ്കിലും ഇല്ലാത്ത ഒരു രാജ്യമോ പ്രദേശമോ ഈ ലോകത്തില്ല.
പല കൂട്ടായ്മകളും ഭക്ത സംഘടനകളും മധ്യസ്ഥയും രക്ഷാധികാരിയും എന്ന നിലയിൽ അവളെ ബഹുമാനിക്കുന്നു. ഇവയില്‍ പലതും അവളുടെ പേരിലും സംരക്ഷണത്തിലുമുള്ള ഓർഡറുകളാണ്. ഒരു പ്രാവശ്യമെങ്കിലും ‘നന്മ നിറഞ്ഞ മറിയം’ എന്ന പ്രാർത്ഥന ജപിക്കാത്ത ഒരു കുട്ടിയുമില്ല. എത്ര കഠിനഹൃദയനാണങ്കിലും മറിയത്തിൽ അഭയം പ്രാപിക്കാത്ത ഒരു പാപി പോലും ഇല്ല . നരകത്തിലെ പിശാചുക്കൾ പോലും അവളെ കാണുമ്പോൾ ഭയന്നു കൊണ്ടു ബഹുമാനം പ്രകടിപ്പിക്കുന്നു.”
സെപ്റ്റംബർ 12 ഈ തിരുനാളിന്റെ ദിനമായി തീർന്നതിൽ ചരിത്രപരമായ പ്രാധാന്യമുണ്ട്. 1683 തുർക്കിയിലെ ഓട്ടോമൻ സൈന്യം സുൽത്താൻ മുഹമ്മദ് നാലാമന്റെ നേതൃത്വത്തിൽ ക്രൈസ്തവ യുറോപ്പിനെതിരെ ജിഹാദ് ആരംഭിച്ചു. മൂന്നു ലക്ഷത്തോളം വരുന്ന മുസ്ലിം സൈന്യം ഹംഗറികടന്നു ആസ്ട്രിയിലേക്കു നീങ്ങി. 1683 ജൂലൈ മാസത്തിൽ ഗ്രാൻഡ് വൈസിയർ കാര മുസ്തഫയുടെ നേതൃത്വത്തിലുള്ള തുർക്കി സൈന്യം 15,000 വരുന്ന ആസ്ട്രിയൻ സൈന്യത്തെ ആക്രമിച്ചു വിയന്ന നഗരത്തെ കീഴ്പ്പെടുത്തി.
ഈ അവസരത്തിൽ പേപ്പൽ ന്യൂൺഷ്യോയും ലിയോപോൾഡ് ചക്രവർത്തിയും മുമ്പു തുർക്കികളെ അതിർത്തിയിൽ പരാജയപ്പെടുത്തി “തോല്പിക്കപ്പെടാത്ത വടക്കൻ സിംഹം” എന്ന പദവി നേടിയ പോളണ്ട് രാജാവ് ജാൻ സോബിസ്കിയോട് (Jan Sobieski ) സഹായം അഭ്യർത്ഥിച്ചു. സോബിസ്കി രാജാവ് ഒട്ടും മടിക്കാതെ ക്രൈസ്തവരെ സഹായിക്കാൻ തയ്യാറായി.
ആഗസ്റ്റു മാസത്തിൽ , രാജാവും സൈന്യവും സെസ്റ്റോചോവയിയെ പരിശുദ്ധ മാതാവിൻ്റെ ദൈവാലയം (Shrine to Our Lady of Czestochowa), കടന്നു പോയപ്പോൾ , അവർ പരിശുദ്ധ അമ്മയുടെ അനുഗ്രഹവും മധ്യസ്ഥതയും അപേക്ഷിച്ചു.സെപ്റ്റംബർ മാസത്തിന്റെ ആരംഭത്തിൽ അവർ ഡാനൂബ് നദി കടന്ന് ആസ്ട്രിയൻ സൈന്യത്തോടൊപ്പം ചേർന്നു.
സെപ്റ്റംബർ പതിനൊന്നാം തീയതി , 76,000 ഓളം വരുന്ന സൈന്യം സോബിസ്കിയുടെ നേതൃത്വത്തിൽ തുർക്കൻ സൈന്യത്തെ ആക്രമിച്ചു. സോബിസ്കിയുടെ കുതിരപ്പടയെ പിന്തുടർന്ന മുസ്ലീം തുർക്കികൾ പരാജയം ഏറ്റുവാങ്ങി. വിയന്നയും ക്രിസ്ത്യൻ യൂറോപ്പും രക്ഷപെട്ടങ്കിലും പരാജയപ്പെട്ട മുസ്ലീം സൈന്യം ഓസ്ട്രിയയിൽ നിന്ന് പലായനം ചെയ്യുന്നതിനു മുമ്പു നൂറുകണക്കിന് ക്രൈസ്തവ ബന്ദികളെ വധിച്ചിരുന്നു.
യുദ്ധത്തിൽ ജയിച്ച സോബിസ്കി രാജാവ് വിശുദ്ധ കുർബാനയുടെ സമയത്ത് സാഷ്ടാംഗം പ്രണമിച്ച് ” ഞാൻ വന്നു, ഞാൻ കണ്ടു, ദൈവം കീഴടക്കി (Veni, vidi, Deus vicit) എന്നു പരസ്യമായി ഏറ്റു പറഞ്ഞു.
വിജയ ശ്രീലാളിതനായ സോബിസ്കി രാജാവ് സെപ്റ്റംബർ പന്ത്രണ്ടാം തീയതി വിയന്നയിൽ പ്രവേശിച്ചു. അന്നു തന്നെ ഇന്നസെൻ്റ് പതിനൊന്നാമൻ മാർപാപ്പ ക്രിസ്ത്യാനികളെ രക്ഷിച്ച പരിശുദ്ധ മറിയത്തിൻ്റെ ബഹുമാനത്തിനായി ഒരു തിരുനാൾ പ്രഖ്യാപിച്ചു.
2001 ൽ അമേരിക്കയിൽ ഭീകരാക്രമണം നടത്താൻ ഒസാമ ബിൻ ലാദൻ സെപ്റ്റംബർ 11 തിരഞ്ഞെടുത്തത് ക്രൈസ്തവ സൈന്യം 1683 സെപ്റ്റംബർ 11 നു തുർക്കി സൈന്യത്തെ തോൽപ്പിച്ചതിന്റെ പ്രതികാരമായിട്ടാണന്നുള്ള ഗൂഢാലോചന സിദ്ധാന്തം ഇന്നും നിലനിൽക്കുന്നുണ്ട്.
പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധ നാമത്തിൻ്റെ തിരുനാൾ ആഘോഷിക്കുമ്പോൾ അമ്മ എല്ലാ ക്രൈസ്തവരെയും പ്രത്യേകിച്ചു പീഡിത ക്രൈസ്തവരുടെ മധ്യസ്ഥയും സംരക്ഷയുമാകട്ടെ.
ഫാ. ജയ്സൺ കുന്നേൽ MCBS