സംയുക്ത ആഹ്വാനം
കൂട്ടായ്മയ്ക്കുവേണ്ടിയുള്ള സിനഡ് പിതാക്കന്മാരുടെ സംയുക്ത ആഹ്വാനം സ്വാഗതം ചെയ്യപ്പെടുന്നു .
സീറോമലബാർസഭയുടെ സിനഡ് പിതാക്കന്മാർ ഏകമനസ്സോടെയും പൈതൃകമായ സ്നേഹത്തോടെയും
നൽകിയ കൂട്ടായ്മയുടെ സന്ദേശം ശ്രദ്ധിക്കപ്പെടുന്നു .
എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ ബഹുമാനപ്പെട്ട വൈദികരോടും സന്യസ്തരോടും അല്മായ സഹോദരങ്ങളോടും നടത്തിയ അഭ്യർത്ഥന ക്ഷമിക്കുന്ന സ്നേഹത്തിൻെറ അടയാളമാണ് .
സിനഡ് പിതാക്കന്മാരുടെ സംയുക്ത ആഹ്വാനം പലവിധത്തിൽ വ്യാഖ്യാനിക്കുന്നവരുണ്ട് .സിനഡ് തീരുമാനങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുള്ള പിതൃസഹജമായ കരുതലിൻെറ ഇടപെടൽ എന്ന് ഒരു വിഭാഗം വിശേഷിപ്പിക്കുന്നു .എന്നാൽ നിരന്തരം അനുസരണക്കേട് ആവർത്തിച്ചപ്പോൾ മാർപാപ്പയും പേപ്പൽ ഡെലിഗേറ്റും ഉറച്ച തീരുമാനങ്ങളും ശക്തമായ നടപടികളും സ്വീകരിക്കുന്ന സാഹചര്യത്തിൽ അതിന് തടസ്സം സൃഷ്ട്ടിക്കുന്നതാണ് ഇപ്പോഴത്തെ തീരുമാനങ്ങളെന്ന് പറയുന്നവരും ഉണ്ട് .
ഈ സാഹചര്യത്തിൽ സംയുക്ത ആഹ്വാനത്തിലെ നിർദേശങ്ങൾ വിലയിരുത്താം .
ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണത്തിനായിഒരുങ്ങുക
“പതിറ്റാണ്ടുകളായി നമ്മുടെ സഭയിൽ ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണത്തിനായി നാം പരിശ്രമിക്കുകയായിരുന്നല്ലോ. സീറോമലബാർസഭയിൽ എറണാകുളം-അങ്കമാലി അതിരൂപതയിലൊഴികെ മറ്റെല്ലാ രൂപതകളിലും ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം നടപ്പിലായി. ഈ വിഷയത്തിൽ അതിരൂപതയിൽ രൂപപ്പെട്ട പ്രതിസന്ധികൾ പരിഹരിക്കാൻ വിവിധ തലങ്ങളിൽ പരിശ്രമിച്ചെങ്കിലും വേണ്ടത്ര പുരോഗതി കൈവരിക്കാൻ കഴിഞ്ഞില്ല. “-എല്ലാവർക്കും അറിയാവുന്നതും അംഗീകരിക്കുന്നതുമായ വസ്തുത തുറന്നുപറയുന്നു .
പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ആർച്ച്ബിഷപ് സിറിൽ വാസിലിനെ പൊന്തിഫിക്കൽ ഡെലഗേറ്റായി നിയമിച്ച സാഹചര്യങ്ങളെകുറിച്ചും മറയും മടിയുമില്ലാതെ വിശധികരിച്ചിരിക്കുന്നു .
“പൊന്തിഫിക്കൽ ഡെലഗേറ്റിനോട് നിഷേധാത്മക സമീപനം സ്വീകരിച്ചവർക്ക് കത്തോലിക്കാ കൂട്ടായ്മയിൽ തുടരാനാകാത്ത സാഹചര്യമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.
ഏറെ ദുഃഖകരമായ ഈ സാഹചര്യത്തിൽ നമ്മുടെ അമ്മയായ പരിശുദ്ധ കത്തോലിക്കാസഭയുടെ കൂട്ടായ്മ നിങ്ങളിലാരും നഷ്ടപ്പെടുത്തരുതെന്ന് ഞങ്ങൾ ഹൃദയപ്പൂർവം ആഗ്രഹിക്കുന്നു.”-ശക്തമായ സഭാത്മക നടപടികൾ വിളിച്ചുവരുത്തരുതെന്ന മാതൃസഹജമായ ഉപദേശം നൽകിയിരിക്കുന്നു .
പൊന്തിഫിക്കൽ ഡെലഗേറ്റിനെ ആക്ഷേപിക്കുകയും ആക്രമിക്കാൻ ശ്രമിച്ചതും മാധ്യമങ്ങളിലൂടെ സമൂഹം കണ്ടതാണല്ലോ .എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച്ബിഷപ് സിറിൽ വാസിലിനെതിരെ കത്തീഡ്രൽ ബസിലിക്കയിലുണ്ടായ പ്രതിഷേധം സഭയ്ക്ക് അഗാധമായ ദുഃഖമുണ്ടാക്കിയെ ന്ന്സിനഡുസമ്മേളനം ഉദ്ഘാടനം ചെയ്ത് കർദിനാൾ പറഞ്ഞിരുന്നു .
പൊന്തിഫിക്കൽ ഡെലഗേറ്റിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും സംഘർഷ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തത് നീതികരിക്കാനാവാത്തതും ക്രൈസ്തവവിരുദ്ധവുമായ രീതികളാണെന്ന് അദ്ദേഹം വേദനയോടെ വ്യക്തമാക്കിയിരുന്നു .സീറോ മലബാർ സഭയുടെ ഒരു രൂപതയിലെ പള്ളിയിൽ നടന്ന അനിഷ്ട്ടസംഭവങ്ങൾ മുഴുവൻ വിശ്വാസികളെയും ഏറെ വേദനിപ്പിച്ചിരുന്നു .
കത്തോലിക്കാ കൂട്ടായ്മയെ നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള അച്ചടക്കരാഹിത്യം സഭയ്ക്ക് അപകടകരമാണെന്ന് പൊന്തിഫിക്കൽ ഡെലഗേറ്റ് സിനഡിൽ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോൾ ചൂണ്ടിക്കാട്ടിയിരുന്നു .എറണാകുളം-അങ്കമാലിഅതിരൂപതയിലെ ഫാ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. സെബാസ്റ്റ്യൻ തളിയൻ എന്നിവരെ സീറോമലബാർസഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ കൂടിക്കാഴ്ചയ്ക്കായി ആർച്ച്ബിഷപ് സിറിൽ വാസിൽ പിതാവ് ക്ഷണിച്ചിരുന്നു.പൊന്തിഫിക്കൽ ഡെലഗേറ്റിനെ കണ്ട് വ്യക്തിപരമായി സംസാരിച്ചതിനുശേഷവും അവർ മൗണ്ട് സെന്റ് തോമസിൽ നിന്ന് മടങ്ങാൻ തയ്യാറാകാതെ പാർലറിൽ ഇരിക്കുകയും ഇവിടെ നിരാഹാര സമരം ആരംഭിക്കുകയാണെന്ന് തത്സമയം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്ത സാഹചര്യങ്ങളും വലിയ കളങ്കമായി മാറിയിരുന്നു .ഇത്തരം സാഹചര്യത്തിലാണ് പൊന്തിഫിക്കൽ ഡെലഗേറ്റ് മടങ്ങിയതും സിനഡ് തുടരുന്നതും .
എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച്ബിഷപ് സിറിൽ വാസിൽ ഓഗസ്റ്റ് 23-ാം തിയതി വത്തിക്കാനിൽ മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയ വാർത്തയാണ് ഓഗസ്റ്റ് 24 -ന് ആദ്യം പുറത്തുവന്ന സിനഡ് വാർത്ത .അതിൽ ” ഓഗസ്റ്റ് 4 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ അദ്ദേഹം നടത്തിയ സന്ദർശനത്തെക്കുറിച്ചും അതിരൂപതയിലെ ഇപ്പോഴത്തെ സ്ഥിതിഗതികളെകുറിച്ചും പരിശുദ്ധ പിതാവിനെ അറിയിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവിധ വിഭാഗങ്ങളിൽ പെട്ടവരുമായി പൊന്തിഫിക്കൽ ഡെലഗേറ്റ് ചർച്ച നടത്തുകയും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. മാർപാപ്പയുടെയും പൗരസ്ത്യ തിരുസംഘത്തിന്റെയും നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ മാർപാപ്പ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.”-എന്നും വ്യക്തമാക്കിയിരുന്നു .
ഓറിയന്റൽ കോൺഗ്രിഗേഷന്റെ പ്രീഫെക്ട് കർദിനാൾ ക്ലൗദിയോ ഗുജറോത്തിക്കും അതിരൂപതയുടെ പ്രതിസന്ധികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് ആർച്ച്ബിഷപ് വാസിൽ നൽകിയിട്ടുണ്ട്.”ഏകീകൃത വി. കുർബാനയർപ്പണരീതിയെക്കുറിച്ചുള്ള സീറോമലബാർ സിനഡിന്റെയും മാർപാപ്പയുടെയും തീരുമാനം പൂർത്തിയാക്കുന്നതിനുവേണ്ടിയുള്ള തന്റെ ദൗത്യം തുടരുമെന്നും പൊന്തിഫിക്കൽ ഡെലഗേറ്റ് അറിയിച്ചതായും ” സീറോമലബാർസഭയുടെ പി.ആർ.ഒ യും മീഡിയാ കമ്മീഷൻസെക്രട്ടറിയുമായ
,ഫാ. ഡോ. ആന്റണി വടക്കേകര വി.സിഅറിയിച്ചിരുന്നു . പരിശുദ്ധ പിതാവ്ശക്തമായ അച്ചടക്കനടപടികൾ സ്വീകരിക്കുമെന്ന് വിമത വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ വൈദികർക്കും മനസ്സിലായിരുന്നു .ആവർത്തിച്ചാവശ്യപെട്ടിട്ടും വൈദികർ നടപടികൾ വിളിച്ചുവരുത്തുന്ന സാഹചര്യം മുന്നിൽകണ്ടുകൂടിയാണ് സിനഡ് സംയുക്ത ആഹ്വാനം നടത്തിയത് .
“ഏറെ ദുഃഖകരമായ ഈ സാഹചര്യത്തിൽ നമ്മുടെ അമ്മയായ പരിശുദ്ധ കത്തോലിക്കാസഭയുടെ കൂട്ടായ്മ നിങ്ങളിലാരും നഷ്ടപ്പെടുത്തരുതെന്ന് ഞങ്ങൾ ഹൃദയപ്പൂർവം ആഗ്രഹിക്കുന്നു. ഇതിനായി സീറോമലബാർസഭയുടെ സിനഡ് തീരുമാനിച്ചതും പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയം അംഗീകരിച്ചതും പരിശുദ്ധ മാർപാപ്പ ഉദ്ബോധിപ്പിച്ചതുമായ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി ഘട്ടം ഘട്ടമായെങ്കിലും നടപ്പിലാക്കാനുള്ള സന്നദ്ധത നിങ്ങൾ ശ്ലൈഹീക സിംഹാസനത്തെ അറിയിക്കണം.’- പിതാക്കന്മാർ ഏകമനസ്സോടെയും പൈതൃകമായ സ്നേഹത്തോടെയും അഭ്യർത്ഥിച്ചിരിക്കുന്നു .
ഇത് അർഹിക്കുന്ന പ്രാധാന്യത്തോടെ എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ ബഹുമാനപ്പെട്ട വൈദികരും സന്യസ്തരും അല്മായ സഹോദരങ്ങളും സ്വീകരിക്കുമെന്ന് എല്ലാവരും വിശ്വസിക്കുന്നു .
സംഭാഷണം
എറണാകുളം-അങ്കമാലി അതിരൂപതാ അംഗങ്ങളുമായി ചർച്ച തുടരുവാൻ സിനഡ് സന്നദ്ധമാണെന്ന് അറിയിച്ച പ്രസ്താവനയിൽ പറയുന്ന വസ്തുതകൾ പരിശോധിക്കാം . എറണാകുളം-അങ്കമാലി അതിരൂപതയിൽ നിന്നുള്ള അഞ്ച് ബിഷപ്പുമാരാണ് ചർച്ചയ്ക്ക് തുടക്കമിടുന്നത്.
സംഭാഷണം സുഗമമാക്കാൻ മാർ ബോസ്കോ പുത്തൂർ (കൺവീനർ), ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ എന്നിവരും കൂടെയുണ്ട് .
വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതി നടപ്പിലാക്കുന്നത് സംബന്ധിച്ച് 2022 മാർച്ച് 25ലെ കത്തിലൂടെ ഫ്രാൻസിസ് മാർപാപ്പ തന്ന ഉദ്ബോധനം അനുസരിക്കാൻ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ തയ്യാറാകണം.-എന്ന് പറയുമ്പോൾ ചർച്ചകളുടെ അടിസ്ഥാനം മാറ്റമില്ലാത്തതെന്ന് അറിയിക്കുന്നു .
ഇനി സഭയ്ക്ക് ഈ പ്രതിസന്ധിയെ അതിജീവിക്കണം
ഏകീകൃത കുർബാനയർപ്പണരീതി ക്രമാനുഗതമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കത്തീഡ്രൽ ബസിലിക്ക, പരിശീലനകേന്ദ്രങ്ങൾ, സന്യാസ ഭവനങ്ങൾ, തീർഥാടനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഏകീകൃത രീതിയിലുള്ള കുർബാനയർപ്പണം ആരംഭിക്കേണ്ടതാണ്. -എന്ന് ആവർത്തിച്ചുപറയുമ്പോൾ എറണാകുളം രൂപതയിലെ ഇപ്പോഴത്തെ യഥാർത്ഥ അവസ്ഥ ഉൾകൊണ്ടുകൊണ്ടുള്ളതാണ് . “എറണാകുളം-അങ്കമാലി അതിരൂപതയുടെ സവിശേഷ പാരമ്പര്യം “- എന്ന് പറഞ്ഞുകൊണ്ട് വൈദിക സമിതി പരസ്യമായി എടുത്ത നിലപാടുകളുടെ ദുരവസ്ഥ മനസ്സിലാക്കികൊണ്ടുള്ളതാണ് .
ഒരു മിനിറ്റുപോലുംഅൾത്താരയെ അഭിമുഖീകരിച്ചുകൊണ്ട് വിശുദ്ധ കുർബാന അർപ്പിക്കില്ലെന്ന് എറണാകുളം രൂപതയിൽ അൾത്താരയിൽ നിന്ന് നിരന്തരം പറഞ്ഞ് വിശ്വാസികളെ ബോധ്യപ്പെടുത്തിയിട്ടുണ്ട് .
മാർപാപ്പയ്‌ക്ക് അയക്കാനായി എന്നുപറഞ്ഫ്ളക്സ് പിടിച് അൾത്താരയിൽ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തിട്ടുണ്ട് .ഇതുകൂടാതെ നിരവധി നിവേദനത്തിൽ ഒപ്പിടിപ്പിക്കുകയും ,ഇടവകകളിൽ നിന്നും പ്രകടനങ്ങൾക്ക് വിശ്വാസികളെകൊണ്ടുപോകുകയും ചെയ്‌തിട്ടുണ്ട് . വേണം വേണം കുർബാന ..എന്ന് മുദ്രാവാക്യം വിളിച് പ്രകടനം നടത്തുവാൻ പോലും വൈദികർ എറണാകുളത്ത് തയ്യാറായി .
മുഴുവൻ സമയവും ജനങ്ങളുടെ മുഖത്ത് മാത്രം നോക്കിവേണം വിശുദ്ധ കുർബാനയർപ്പണമെന്ന് പഠിപ്പിച്ചുവെച്ച വൈദികർക്ക് പെട്ടെന്നൊരുദിവസം മാറിചിന്തിക്കുവാൻ കഴിയുകയില്ലെന്ന വസ്‌തുത സിൻഡിലെ മെത്രാന്മാർ മനസ്സിലാക്കുന്നു .
അതുകൊണ്ട് ആദ്യം കത്തീഡ്രൽ ബസിലിക്ക, പരിശീലനകേന്ദ്രങ്ങൾ, സന്യാസ ഭവനങ്ങൾ, തീർഥാടനകേന്ദ്രങ്ങൾ എന്നിങ്ങനെ ചില നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നു .അത് ഉടനെ നടപ്പിലാക്കാതെ ഇനി സഭയ്ക്ക് ഈ പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയില്ല .
മാർ ആൻറണി കരിയിൽ മനഃപൂർവം മടിച്ചതോ മറന്നതോആയ കാര്യങ്ങൾ ഇനി നടപ്പിലാക്കാതെ വയ്യ . ഇപ്പോൾ ചർച്ചകൾക്ക് വരുന്ന മെത്രാന്മാരുടെ മൗനവും വൈദികരുടെയും വിശ്വാസികളുടെയും മനസ്സിനെ സ്വാധിനിച്ചിട്ടുണ്ട് .
ഇനി ഒരുമിച് എല്ലാവരും പ്രാർത്ഥനയോടെ തിരുത്തേണ്ടിവരുന്നു .അത് എത്രയും വേഗത്തിലും ശക്തമായും നടത്തുമെന്നും വത്തിക്കാൻെറ നടപടികളെ ഒഴിവാക്കാനും ഇടവരുത്തുമെന്നും സഭാ വിശ്വാസികൾ വിലയിരുത്തുന്നു .
എറണാകുളം രൂപതയിൽ നിന്നുള്ള മെത്രാൻമാർ ഒരുമിച് സഭയുടെ നിലപാടുകൾ വിശധികരിച്ചുകൊണ്ടുള്ള പ്രസ്താവനകൾ നൽകുകയും ,ഒരുമിച് കത്തീഡ്രൽ ബസലിക്കയിലോ ,അരമനയുടെ ചാപ്പലിലോ പുതിയ ക്രമത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു മാതൃകകാണിക്കണമെന്നുംപലഭാഗത്തുനിന്നും നിർദേശങ്ങൾ ഉയർന്നിട്ടും ഇതുവരെനടപ്പിലായിരുന്നില്ല .നിരവധി സിനഡ് സമ്മേളനം നടന്നിട്ടും നടപ്പിലാക്കുവാൻ കഴിയാത്ത കാര്യം ഇത്തവണ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു .
“ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതിനുവേണ്ടി ബോധവത്കരണത്തിനായി നിശ്ചിതസമയം ആഗ്രഹിക്കുന്ന ഇടവകകൾ കാനോനികമായ ഒഴിവ് (CCEO 1538) വാങ്ങേണ്ടതാണ്.” -മറ്റൊരു നിർദ്ദേശമാണിത് .അതിരൂപത മുഴുവൻ ഒരിക്കൽ അന്നത്തെ മെത്രാൻ അനുവദിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട് സഭാ നേതൃത്വം വിലയിരുത്തിയിരുന്നു .ഇത്തരം നടപടികളാണ് മാർ ആൻ്റണി കറിയിലിന്റ്റെ മാറ്റത്തിന് വഴിയൊരുക്കിയത് . ബോധവത്കരണത്തിനായി അനിശ്ചിതകാലം ഇനി ലഭിക്കുകയില്ല .
“ഏകീകൃത വിശുദ്ധ കുർബാനയർപ്പിക്കുന്ന വൈദികർക്കും അപ്രകാരം അർപ്പിക്കാൻ ആഗ്രഹിക്കുന്ന വൈദികർക്കും യാതൊരു വിധത്തിലുമുള്ള തടസ്സങ്ങളും സൃഷ്ടിക്കാൻ പാടില്ല.”-ഈ നിർദേശം എന്തിനെന്ന് എറണാകുളത്തിൻെറ യഥാർത്ഥ അവസ്ഥ അറിയാത്തവർ ചിന്തിക്കും .
പ്രസന്നപുരം ,കൊച്ചാൽ ,കൊട്ടക്കാവ് ..തുടങ്ങിയ നിരവധി ഇടവകളിൽ പുതിയ ക്രമത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച പള്ളികളിൽ മനഃപൂർവം ബഹളം ഉണ്ടാക്കി കുർബാന നിർത്തിവെക്കുകയും പള്ളികൾ പൂട്ടിക്കുകയും ചെയ്‌തിരുന്നു .
ഏകീകൃത വിശുദ്ധ കുർബാനയർപ്പിക്കുന്ന വൈദികരെ ഭീഷണിപ്പെടുത്തുന്ന വിമത വിഭാഗം പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് ഈ നിർദേശം .
എറണാകുളം രൂപതയിൽനിലനിൽക്കുന്ന അവസ്ഥ വേദനയുളവാക്കുന്നതാണ് .അതിന് ഇനി വേഗം മാറ്റം വരും .ഏകീകൃത വിശുദ്ധ കുർബാനയർപ്പിക്കുവാൻ മഹാ ഭൂരിപക്ഷം വൈദികരും തയ്യാറാകുന്ന അവസ്ഥയിലേയ്ക്ക് എത്തിക്കുവാൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പപൊന്തിഫിക്കൽ ഡെലഗേറ്റായി നിയമിച്ച ആർച്ച്ബിഷപ് സിറിൽ വാസിലിന് സാധിച്ചു .
“എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകളോ സ്ഥാപനങ്ങളോ സന്ദർശിക്കുന്ന മെത്രാൻമാർക്ക് വിശുദ്ധ കുർബാന ഏകീകൃത
രീതിയിൽ അർപ്പിക്കുന്നതിന് തടസ്സമുണ്ടാകരുത്. ഇത്തരം അവസരങ്ങളിൽ എല്ലാ ഇടവക വൈദികരും അതത് ദേവാലയങ്ങളിൽ വിശുദ്ധ കുർബാന ഏകീകൃത രീതിയിൽ അർപ്പിക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്.”-സീറോ മലബാർ സഭയിലെ മുഴുവൻ മെത്രാന്മാർക്കും വിശുദ്ധ കുർബാന ഏകീകൃതരീതിയിൽ മാത്രം അർപ്പിക്കുന്നതിനാണ് അനുവാദം .
എറണാകുളം രൂപതയിലെ മെത്രാന്മാർക്കുപോലും ഇപ്പോൾ സ്വന്തം ഇടവകയിൽപ്പോലും തടസ്സങ്ങൾ നേരിടുന്നു .
മെത്രാന്മാരെപ്പോലും വൈദികർ പള്ളികളിൽ തടയുന്നുവെന്ന യാഥാർഥ്യം വെളിപ്പെടുത്തുന്നതാണ് ഈ നിർദേശം .
വിശുദ്ധ കുർബാനയർപ്പണങ്ങളിൽ പരിശുദ്ധ മാർപാപ്പ, മേജർ ആർച്ച്ബിഷപ്പ്, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ എന്നിവരുടെ പേരുകൾ അനുസ്മരിക്കേണ്ടതാണ്.
-ഈ നിർദേശവും വായിക്കുമ്പോൾ ഇങ്ങനെയല്ലേ ഇപ്പോൾ എന്ന് ചിന്തിക്കുന്നവരുണ്ടാകും .
എന്നാൽ വിശുദ്ധ കുർബാനയുടെ അടിസ്ഥാനകാര്യങ്ങളിൽ എടുത്തുപറയേണ്ടത് മറന്നുപോകുന്നവരും മടിക്കുന്നവരുമുണ്ടെന്ന് അറിയുമ്പോൾ മൂക്കത്തുവിരൽവെക്കേണ്ട . ഓഗസ്ത് 20 -മുതൽ മാർപാപ്പയുടെ പ്രധിനിധി ആർച്ച്ബിഷപ് സിറിൽ വാസിലിന്റ്റെ കർശന നിർദേശത്തോടെപേരുകൾ അനുസ്മരിക്കുന്ന പതിവ് തുടങ്ങി .വിശ്വാസികൾ മൊബൈലിൽ വിഡിയോ ചിത്രീകരിച്ചു പുറത്തുവിടുന്ന അവസ്ഥയും ഉണ്ടായപ്പോൾ വൈദികർ ഭയപ്പെട്ടു .
വേദനാജനകമായ നടപടികളിലേക്ക് നയിക്കുന്ന അവസ്ഥ ഒഴിവാക്കുവാൻ സീറോമലബാർസഭയുടെ മുപ്പത്തിയൊന്നാമത് സിനഡിന്റെ മൂന്നാം സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാ പിതാക്കന്മാരും ചേർന്ന് അഭ്യർത്ഥിച്ചിരിക്കുന്നു .
എറണാകുളം-അങ്കമാലി അതിരൂപത നിലവിൽ പൊന്തിഫിക്കൽ ഡെലഗേറ്റിന്റെയും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെയും കീഴിലായതിനാൽ പേപ്പൽ ഡെലഗേറ്റ് മുഖേന പരിശുദ്ധ പിതാവിന്റെ സമ്മതത്തോടെ മാത്രമേ പരിഹാരത്തിനുള്ള ഏതു നിർദ്ദേശവും നടപ്പിലാക്കാൻ കഴിയൂ.-എന്ന വസ്തുതയും തുറന്നുപറയുന്നുണ്ട് .
എറണാകുളം അതിരൂപതയിലെ എല്ലാ വൈദികർക്കും പള്ളികൾക്കും സ്ഥാപനങ്ങൾക്കും വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതി ബാധകമാണ് .ഇതിൽ നിന്നും ആർക്കും ഒഴിവില്ല .
ആശങ്കയോടെ വീക്ഷിക്കുന്നു
സ്വയം പ്രേരിതരായി അഭിപ്രായം ,നിർദേശങ്ങളുമായി വന്നവരുടെ നീക്കങ്ങൾ അനവസരത്തിലും അനാവശ്യവുമായിരുന്നുവെന്ന് മെത്രാന്മാർ വിലയിരുത്തിയെന്ന് അറിയുന്നു .
സിൻഡിൻെറ ഉത്തമ കാഴ്ചപ്പാടുകളെയും സമീപനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നവിധത്തിലും അപകീർത്തിപ്പെടുത്തുന്ന വിധത്തിലും മാധ്യമങ്ങളിലൂടെ അവതരിപ്പിച്ചവരുടെ ഉദ്ദേശശുദ്ധിയെ വിശ്വാസികളും സഭാ നേതൃത്വവും ആശങ്കയോടെ വീക്ഷിക്കുന്നു .
സഭാ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന രീതി നിയന്ത്രിക്കപ്പെടേണ്ടതെന്നും വിലയിരുത്തപ്പെടുന്നു .കത്തുകൾ എഴുതി മാധ്യമങ്ങൾക്ക് നൽകുന്നവരുടെ ലക്ഷ്യം വിലയിരുത്തപ്പെടുത്തുന്നു
സിൻഡിൻെറ കെട്ടുറപ്പിനെയും കുട്ടായ്മയെയും എതിർക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പരാമർശങ്ങൾ നടത്തുന്ന വിരമിച്ച മെത്രാന്മാരെ അടക്കം വത്തിക്കാൻ ശാസിക്കുവാൻ സാദ്ധ്യതയുണ്ട് .വിരമിച്ച മെത്രാന്മാർ സഭാ കാര്യങ്ങളിൽ അഭിപ്രായം പറഞ് വിവാദം സൃഷ്ട്ടിക്കുന്ന പതിവ് കത്തോലിക്കാസഭയിലില്ല .
സീറോ മലബാർ സഭയുടെ ഭാഗമായ എറണാകുളം അതിരൂപതയിൽ ഇനി ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം മാത്രമായിരിക്കുമെന്ന് വ്യക്തമായിരിക്കുന്നു .
കുർബാനയ്ക്കിടയിൽ വെറും പത്തു മിനിറ്റ് അൽത്താരയിലേക്ക് ദൈവജനത്തോടൊപ്പം തിരിഞ്ഞു നിൽക്കണം എന്ന നിർദ്ദേശം, ജീവൻ വെടിഞ്ഞു പോലും എതിർക്കുമെന്ന് പറഞ്ഞു സമരം ചെയ്യാൻ മാത്രം ഗുരുതരമായ അവകാശ നിഷേധമാണോ?–ഈ ചോദ്യം വിശ്വാസികൾ ഉന്നയിക്കുന്നു .
മാറിപ്പോയ വഴിയിൽനിന്നും മടങ്ങിവരാനുള്ള സമയവും സാഹചര്യവും നൽകി സിനഡ് കാത്തിരിക്കുന്നു .
അതിരൂപതയിലെ വിശ്വാസികൾ സഭനിർദേശിക്കുന്ന രീതിയിൽ ശുശ്രുഷകൾ സ്വീകരിക്കുവാൻ ആഗ്രഹിക്കുന്നു .
വൈദികർ അതിന് അവസരം നൽകണമെന്ന് അവർ അഭ്യർത്ഥിക്കുന്നു .
സീറോ മലബാർ സഭയിലെ കൂട്ടായ്മ ,സമാധാനം ,പുരോഗതി തകർക്കുവാനുള്ള ആരുടെയും ശ്രമങ്ങളെ അനുവദിക്കരുതേ .🙏
സഭയിൽ ഒരുഭരണക്രമം , ആരാധനാക്രമം – വിശുദ്ധകുർബാന എന്നത് സാർവത്രിക സഭയുടെ കാഴ്ചപ്പാട് .അതിന് വിരുദ്ധമായി അഭിപ്രായം ,പ്രതികരണം നടത്തുന്നതും ഉചിതമല്ല . 🙏
സഭയുടെ പൊതുകാഴ്ച്ചപ്പാടിനും കുട്ടായ്മയ്ക്കും പുരോഗതിക്കും വിരുദ്ധമായി ചിന്തിക്കുന്നതും ,പ്രതികരിക്കുന്നതും പ്രവർത്തിക്കുന്നതും ഉചിതമല്ല .🙏
വിശ്വാസം ,വിശുദ്ധിയോടെ ,വിവേകത്തോടെ സംരക്ഷിക്കുവാൻ കഴിയട്ടെ .🙏
—എസ് ജെ