കൊച്ചി: സഭയുടെ അടിസ്ഥാനം കുടുംബങ്ങളാണെന്നും, ഈ കുടുംബങ്ങൾ തന്നെയാണ് സമൂഹത്തിന്റെയും അടിസ്ഥാനമെന്നും ഉദ്ബോധിപ്പിച്ച സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുടുംബങ്ങൾക്ക് സഭയിൽ കാലാനുസൃതമായി വരുന്ന മാറ്റങ്ങളോട് പ്രതികരിക്കാൻ സാധിക്കണമെന്നും ആവശ്യപ്പെട്ടു.
കുടുംബങ്ങളുടെ സഹകരണത്തോടെ മാത്രമെ ക്രൈസ്തവ സഭ സമ്പുഷ്ട്ടമാകുവെന്നും കർദിനാൾ മാർ ആലഞ്ചേരി വ്യക്തമാക്കി. കെസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ദൈവശാസ്ത്ര സമ്മേളനം സീറോമലബാർസഭ ആസ്ഥാനത്ത് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ കർദിനാൾ. അതേസമയം, സഭയും സമൂഹവും മാറുന്നത് അടിസ്ഥാനപരമായി ദൈവത്തിന്റെ പദ്ധതി അനുസരിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെസിബിസി ദൈവശാസ്ത്ര കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ടോണി നീലങ്കാവിൽ സ്വാഗതം ആശംസിച്ചു. “കേരള സഭാ നവീകരണത്തിന്റെ പശ്ചാത്തലത്തിൽ കുടുംബം നേരിടുന്ന വെല്ലുവിളികൾ – ഒരു ദൈവശാസ്ത്ര പ്രതികരണം” എന്ന വിഷയത്തിൽ റവ. ഡോ. അഗസ്റ്റിൻ കല്ലേലി പ്രബന്ധം അവതരിപ്പിച്ചു. ദൈവശാസ്ത്ര കമ്മീഷൻ വൈസ് ചെയർമാൻ തോമസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത മോഡറേറ്ററായി.
ഫാ ഡോ.ജേക്കബ് പ്രസാദും പ്രൊഫ. മാത്യു കുരിശുംമൂട്ടിലും ചേർന്ന് വിവർത്തനം ചെയ്ത പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക ഭരണക്രമരേഖ ഉൾക്കൊള്ളുന്ന “സുവിശേഷം പ്രസംഗിക്കുവൻ” എന്ന പുസ്തകം കെആർഎൽസിബിസി അദ്ധ്യക്ഷൻ ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിന് നൽകി കർദിനാൾ മാർ ആലഞ്ചേരി പ്രകാശനം നിർവ്വഹിച്ചു.
വിവിധ രൂപതകളിലെ മെത്രാന്മാർ, തെരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്ര പണ്ഡിതർ, മേജർ സെമിനാരികളിലെ റെക്ടർമാർ, ദൈവശാസ്ത്ര പ്രഫസർമാർ, കെസിബിസിയുടെ വിവിധ കമ്മീഷൻ സെക്രട്ടറിമാർ എന്നിവർ ഏകദിന ദൈവശാസ്ത്ര സമ്മേളനത്തിൽ സംബന്ധിച്ചു.