കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയെ ജീവനോടെ മാതാപിതാക്കള്‍ക്ക് അരികില്‍ എത്തിക്കാനുള്ള തങ്ങളുടെ ശ്രമം വിഫലമായെന്ന് പൊലീസ്.

കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ‘മകളെ മാപ്പ്’ എന്ന കുറിപ്പോടെയാണ് പോസ്റ്റ് വന്നത്.

കുട്ടിയെ കണ്ടെത്തുന്നതില്‍ പൊലീസിന് വീഴ്ച വരുത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചിരുന്നു. ആലുവ പട്ടണത്തില്‍ത്തന്നെ കുഞ്ഞ് ഉണ്ടായിരുന്നു. ദൂരേക്ക് എവിടേക്കെങ്കിലും പോകുന്നതിന് മുന്‍പ് തന്നെ കണ്ടുപിടിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. കൃത്യമായ അനാസ്ഥയുണ്ടായിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്ക് പോലും സംരക്ഷണമില്ലാത്ത സ്ഥിതിയിലേക്ക് നമ്മുടെ നാട് പോവുകയാണ്- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് തന്നെ പറയുന്നു. കഴിഞ്ഞദിവസം നിര്‍മല കോളജിന് മുന്നിലും മയക്കുമരുന്ന് ഉപയോഗിച്ച ആളാണ് ഒരു പെണ്‍കുട്ടിയുടെ കൊലപാതകത്തിന് കാരണമായത്. മയക്കുമരുന്നും മദ്യവും എവിയെങ്കിലും നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നുണ്ടോ?- അദ്ദേഹം ചോദിച്ചു.ഇപ്പോള്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ അതിക്രമങ്ങള്‍ വ്യാപകമായി നമ്മുടെ സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. പൊലീസിന് ഇതിനൊന്നും നേരമില്ല. പൊലീസിന് മൈക്കിനും മൈക്കുകാര്‍ക്കും എതിരെ കേസെടുക്കാനാണ് സമയം.

പൊലീസ് ജാഗ്രത പാലിക്കുന്നില്ല. എവിടെനിന്നാണ് മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുക? കുഞ്ഞുങ്ങള്‍ സ്‌കൂളില്‍ പോകുന്നു, പുറത്തുപോകുന്നു, എന്ത് സുരക്ഷയാണുള്ളത്? ഒരു അഞ്ചുവയസ്സുകാരിക്ക് ഉണ്ടായ ദാരുണമായ ദുരന്തം ഇനിയെങ്കിലും സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണം.- അദ്ദേഹം പറഞ്ഞു.

അതേസമയം, അഞ്ചുവയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന് സ്ഥിരീകരിച്ച്‌ പൊലീസ്. പോസ്റ്റുമോര്‍ട്ടത്തിന് പിന്നാലെയാണ് പൊലീസിന്റെ സ്ഥിരീകരണം. ലൈംഗിക പീഡനത്തിന് ഇടെയാണ് കൊല്ലപ്പെട്ടത് എന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത്. സംസ്‌കാരം നടത്താനായി മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഇന്‍ക്വസ്റ്റ് നടപടികളില്‍ കുട്ടിയുടെ ശരീരത്തില്‍ ആസകലം മുറിവുകള്‍ കണ്ടെത്തിയിരുന്നു. കുട്ടിയുടെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച പാടുകളുണ്ട്. കഴുത്തില്‍ കറുത്ത ചരടിട്ട് മുറുക്കിയ പാടുകളുണ്ട്. രഹസ്യ ഭാഗങ്ങളില്‍ അടക്കം കുട്ടിയുടെ ശരീരം ആസകലം മുറിവുകളുണ്ടെന്നാണ് സൂചന.

അതേസമയം, കൊലപാതകം അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കും. കൊലപാതകത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതിഅസ്ഫാക്ക് ആലത്തിനൊപ്പം കൂടുതല്‍ പേര്‍ കൊലയില്‍ പങ്കാളിയായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് മധ്യമേഖലാ ഡിഐജി എ ശ്രീനിവാസ് പറഞ്ഞു.

കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതിയാണ് ബിഹാര്‍ സ്വദേശിയായ അസ്ഫാക്ക് ആലുവയില്‍ എത്തിയത്. കുറഞ്ഞ ദിവസത്തെ പരിചയം മാത്രമാണ് ഇയാള്‍ക്ക് ഇവിടെയുള്ളത്. കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണം എന്തെന്നു കണ്ടെത്തേണ്ടതുണ്ട്. ഇയാളുടെ പശ്ചാത്തലം അറിയാന്‍ ബിഹാര്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടിട്ടുണ്ടെന്നും ഡിഐജി പറഞ്ഞു. അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിച്ചതിലുടെ ഇയാളൊരു സ്ഥിരം കുറ്റവാളിയാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

ഇന്നലെ വൈകിട്ടു മുതലുള്ള പ്രതിയുടെ നീക്കങ്ങള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവകികയാണ്. മൂന്നു മണിക്കാണ് ആദ്യ ദൃശ്യം കിട്ടിയത്, വൈകിട്ട് അഞ്ചിനുള്ള മറ്റൊരു ദൃശ്യവുംലഭിച്ചിട്ടുണ്ട്. വൈകിട്ട് ആറു മണിയോടെ അടിപിടിയുണ്ടാക്കിയതായും ഇയാളുടെ മൊഴിയിലുണ്ട്. രാത്രി പത്തോടെയാണ് അസ്ഫാക്ക് പിടിയിലായതെന്നും പൊലീസ് പറഞ്ഞു.

തട്ടിക്കൊണ്ടുപോകലിന് രാവിലെ തന്നെ അസ്ഫാക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കുമ്ബോള്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തും.

KNN

നിങ്ങൾ വിട്ടുപോയത്