പാലാ: സാങ്കേതിക വിദ്യാഭ്യാസവും മികച്ച തൊഴിലവസരങ്ങളും തേടിയുള്ള യുവജനങ്ങളുടെ കുടിയേറ്റം നിയന്ത്രിക്കുവാന്‍ കാലഹരണപ്പെട്ട വിദ്യാഭ്യാസനയങ്ങളും ഘടനാവ്യവസ്ഥിതികളും നവീകരിക്കപ്പെടേണ്ടതുണ്ടെന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി.
സീറോമലബാര്‍ സിനഡല്‍ കമ്മിറ്റിയും പാലാ സെന്റ് തോമസ് കോളജും സംയുക്തമായി സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസനയത്തെ സംബന്ധിച്ച ഏകദിനസെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദേശീയവിദ്യാഭ്യാസനയം പൂര്‍ണമായും നടപ്പിലാകുന്നതോടെ അന്തര്‍ദേശീയ നിലവാരമുള്ള വിദ്യാഭ്യാസക്രമത്തിലേക്ക് ഭാരതത്തിന് എത്തിച്ചേരാനാകുമെന്ന് യോഗാധ്യക്ഷനും പാലാ രൂപത ബിഷപുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഒരു വ്യക്തിയെ ജീവിക്കുവാന്‍ പരിശീലിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നതാണ് പുതിയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനമെന്ന് തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടു.
പാലാ രൂപത ബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, കോളജ് മാനേജരും മുഖ്യവികാരി ജനറാളുമായ മോണ്‍. ജോസഫ് തടത്തില്‍, പാലാ രൂപത കോര്‍പറേറ്റ് സെക്രട്ടറിയും സീറോമലബാര്‍ സിനഡല്‍ കമ്മിറ്റി സെക്രട്ടറിയുമായ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം പ്രിന്‍സിപ്പല്‍ റവ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത് തുടങ്ങിയവർ പ്രസംഗിച്ചു.