മരണം അനിഷേധ്യമായ ഒരു പ്രകൃതി നിയമം തന്നെ. എല്ലാവരും ഒരുനാൾ മരിക്കണം. എന്നാൽ മരണശേഷവും സജീവമായി സ്നേഹമശ്രുണമായി മനുഷ്യഹൃദയങ്ങളിൽ ജീവിക്കുന്നവരുണ്ട്. അവരുടെ ഓർമ്മ നമ്മെ സമ്പുഷ്ഠമാക്കുന്നു. അവരെപ്പറ്റിയുള്ള സ്മരണകൾ നമ്മുടെ സിര കോശങ്ങളിൽ നിർവൃതിയുടെ ഊഷ്മളത പടർത്തുന്നു.
മരണശേഷം മായാതെ മറയാതെ മറക്കപ്പെടാതെ ഓർമ്മകൾ തുടരുന്നത് ജീവിച്ചിരുന്നപ്പോൾ നാം ചെയ്ത സൽകൃത്യങ്ങളുടെ ഫലമായിട്ടായിരിക്കും. ആ സൽകൃത്യങ്ങൾ മാനുഷിക പരിമിതികൾക്കും വികാരവൈകൃതങ്ങൾക്കും സങ്കുചിതതാല്പര്യങ്ങൾക്കും വികലമായ സാഹചര്യപ്രേരണകൾക്കും അതീതമായി സാഹോദര്യത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും ഉൾപ്രേരണകൾ ഉൾക്കൊണ്ട് വിശാലമായ വിഹായസ്സിൽ നിറഞ്ഞുനിൽക്കുന്നതായിരിക്കണം.
പകലിരുണ്ട് ദിവസത്തെ പ്രക്ഷാളനങ്ങളും പരാക്രമങ്ങളും പരിദേവനങ്ങളും ബാക്കി വച്ചു പാതിജീവനോടെ ശരീരത്തിൽ കുമിഞ്ഞുതുപ്പുന്ന ലഹരിയോടെ ഇഴഞ്ഞുവലിഞ്ഞു വീട്ടിലെത്തുമ്പോൾ മറ്റുള്ളവർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, അയാളിന്നെത്രപേരെ വഴിയാധാരമാക്കി? അല്ലെങ്കിൽ ഉപദ്രവിച്ചു? ഇതാണ് ശരാശരി മലയാളിയുടെ നിലവിളികൾ വിതുമ്പലുകളായി മാറുന്ന ദിനചര്യയുടെ ഇന്നത്തെ ബാക്കി പത്രം എന്ന് ഞാൻ പറഞ്ഞാൽ എതിർക്കുന്നവർ എത്രപേരുണ്ട്? വിരളമാവും. സഹജീവികളോടുള്ള സ്നേഹ പ്രകടനത്തിലും കരുതലിലും മലയാളി അത്രമാത്രം ദരിദ്രനായി പ്പോയി. എന്താണ് മലയാളിയുടെ മനസ്സിൽ ? ആർക്കൊക്കെ എന്തൊക്കെ പറ്റിയാലും തന്റെ കാര്യം നടക്കണം, അതെങ്ങനെയും നടക്കണം, അതിനാരെയും എന്തും ചെയ്യാൻ മടിക്കില്ല. അത്രമാത്രം മലീമസമായി പ്പോയി മലയാളിയുടെ ഹൃദയതാളങ്ങൾ.
ഇങ്ങെനെയൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്ന , ഒരു വലിയ മനുഷ്യന്റെ വിയോഗത്തിൽ കേരളീയർ കാട്ടുന്ന മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധമുള്ള തേങ്ങളുകളെയും സങ്കടങ്ങളെയും വിലാപങ്ങളേയും ഞാൻ വിലയിരുത്തുന്നത്. അതെ ശ്രീ ഉമ്മൻ ചാണ്ടി മേലുദ്ധരിച്ച സങ്കുചിത ജീവിതാചാരങ്ങൾക്ക് അതീതനായിരുന്നു. കഴിവതും ആരെയും നോവിക്കാതെയും കഷ്ടപ്പെടുത്താതെയും അവഗണിക്കാതെയും, തനിക്കെതിരെ ആക്രോശങ്ങളും അക്രമങ്ങളും തൊടുത്തുവിട്ടു നിർദ്ദയം ഉന്മൂലനം ചെയ്യാൻ കച്ചകെട്ടിവന്നവരെ സഹിച്ചും അവോരോട് ക്ഷമിച്ചും ജീവിച്ച ഒരു സാധാരണക്കാരൻ. ഇതുതന്നെയാണ് ശവ മഞ്ചത്തിനരികെ നിങ്ങൾ കണ്ട ആൾക്കൂട്ടങ്ങൾക്ക് പിന്നിലെ രഹസ്യം, അല്ലാതെ മറ്റൊന്നുമല്ല.
അടുത്ത ചോദ്യം ഇങ്ങനെയുള്ളവർ ഇനി കേരളത്തിൽ ഉണ്ടാകുമോ? ഉത്തരം വിഷമകരം.
അഴിമതി -അടിമ രാഷ്ട്രീയബന്ധനത്തിൽ നിന്ന് നാം മുക്തി നേടണം.
അതിന് കേരളത്തിലെ ബുദ്ധിജീവികളും സൽഗുണസമ്പന്നരും സഹൃദയരായ സാധാരണക്കാരും മനസ്സിരുത്തി പ്രയത്നിക്കണം.
അതാവണം ശ്രീ ഉമ്മൻ ചാണ്ടിയുടെ വിയോഗം നമ്മെ പഠിപ്പിക്കുന്നത്. അതിന് നാം കണ്ട ആൾക്കൂട്ടങ്ങൾ ഊർജസ്രോതസ്സാകണം. കേരളം ഇനിയും രക്ഷപെടാൻ മാർഗങ്ങളുണ്ട്. പ്രിയപ്പെട്ടവരേ നിങ്ങൾക്ക് നല്ലത് വരട്ടെ!
നിങ്ങളുടെ സ്വന്തം
ഡോ ജോർജ് തയ്യിൽ