ചെറുപ്പക്കാർ കൂട്ടത്തോടെ നാടു വിടുന്നതിനെപ്പറ്റി കുറച്ചു നാളുകൾക്കു മുൻപു ഒരു കുറിപ്പ് എഴുതിയിരുന്നു. പിന്നീട് ഈ വിഷയം കേരളത്തിലെങ്ങും വലിയ ചർച്ചയായി. അതിപ്പോഴും തുടരുന്നു. കേരളത്തിലെ കോളേജുകളിൽ ബിരുദപഠനത്തിനു ആവശ്യത്തിന് വിദ്യാർത്ഥികളില്ല. കോഴ്സുകൾ ഓരോന്നായി നിർത്തലാക്കേണ്ട സാഹചര്യമാണുള്ളത്.

ഇവിടുത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ മൂന്നിലൊന്നും താമസിയാതെ പൂട്ടും. കാര്യങ്ങൾക്ക് സമൂലമായ മാറ്റം ഉണ്ടാകണം. അതിനുള്ള യാതൊരു ലക്ഷണവും കാണുന്നില്ല. മറിച്ച്, ചില രാഷ്ട്രീയ വിദ്യാർത്ഥി സംഘടനകൾ കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം ഇടിച്ചു താഴ്ത്തിയിട്ടേ അടങ്ങൂ എന്ന വാശിയിലാണ് മുന്നേറുന്നത്. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്.
ഇതോടു ബന്ധപ്പെട്ടു നമ്മുടെ സമൂഹം നേരിടുന്ന ഒരു പ്രശ്നത്തെപ്പറ്റി സൂചിപ്പിക്കാനാണ് ഈ കുറിപ്പ്. മുന്പ് എഴുതിയ കുറിപ്പിനു ഒരു അമ്മ നടത്തിയ പ്രതികരണം കൊണ്ട് തുടങ്ങാം.
ഈ അമ്മയുടെ മകൾ ആയിടെ പഠിക്കാനായി കാനഡയിൽ പോയിരുന്നു. അതു വലിയ നേട്ടമായി ആ അമ്മ കണ്ടിരുന്നു എന്നു വ്യക്തം. വിദേശത്ത് പോകുന്നത് മോശം കാര്യമായി അവതരിപ്പിച്ചു എന്ന ധാരണയിൽ ആ അമ്മ എഴുതി: ‘ പള്ളീലച്ചനു കുശുമ്പാണ്.’ എന്തായാലും അമ്മമാരുടെ ആകുലതകളെപ്പറ്റിയാണ് ഇപ്പോൾ പറയാനുദ്ദേശിക്കുന്നത്. തങ്ങളുടെ ആൺമക്കൾക്കു കല്യാണം കഴിക്കാൻ പെൺകുട്ടികളെ കിട്ടുന്നില്ല എന്നതാണ് അവരുടെ സങ്കടം. പല അമ്മമാരും ഇതാവർത്തിച്ചപ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം മനസ്സിലായത്.
ചെറിയ ജോലി/ ബിസിനസ്സ് ഉണ്ട്, സാമാന്യം നല്ല വരുമാനമുണ്ട്, പക്ഷേ അന്തസ്സുള്ള ജോലിയില്ല. വലിയ വിദ്യാഭ്യാസവുമില്ല എന്നു അനുമാനിക്കാം. സ്ത്രീധനമൊന്നും വേണ്ട എന്നു പറഞ്ഞിട്ടും ആരും അടുക്കുന്നില്ല. ചെറുക്കനു വയസ്സ് 38, 40 അങ്ങനെ കയറിപ്പോകുന്നു. ഈയിടെ ഇങ്ങനെയൊരാൾ തിരക്കിയത് അനാഥയായ പെൺകുട്ടിയെ കിട്ടുമോ എന്നാണ്

.പണ്ടൊക്കെ പുര നിറഞ്ഞു നിൽക്കുന്ന പെൺമക്കളെ പ്പറ്റിയായിരുന്നു അമ്മമാരുടെ ആധി. ഇപ്പോഴത് ആൺമക്കളെപ്പറ്റിയാണ്. എന്താണ് ഇവിടെ സംഭവിക്കുന്നത്?
ഒന്നാമതായി, പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ ഉയർന്ന വിദ്യാഭ്യാസം നേടുന്നു എന്നതാണ്. ആൺകുട്ടികൾ പലരും വിദ്യാഭ്യാസം ഗൗരവമായി എടുക്കുന്നില്ല. പഠിക്കുന്ന സമയത്ത് അവർ മറ്റു പലതിന്റെയും പിന്നാലെ പോകും. ചിലപ്പോൾ ചില്ലറ വരുമാനം കിട്ടുന്ന പണികൾ ചെയ്യും. മികച്ച യോഗ്യതകൾ ഇല്ലാത്തതുകൊണ്ട് തുടർന്നും ചില്ലറ ജോലികളേ കിട്ടൂ. ആൺമക്കൾ നന്നായി പഠിക്കണമെന്ന കാര്യത്തിൽ അച്ഛനമ്മമാർക്ക് വലിയ നിഷ്ഠയില്ല എന്നതാണ് വസ്തുത.
പണ്ട് പെൺകുട്ടികളുടെ ഭാവി വലിയൊരു പ്രശ്നമായി കണ്ടിരുന്നതുകൊണ്ടു നന്നായി പഠിക്കാൻ പ്രേരിപ്പിക്കുമായിരുന്നു. ഇന്ന് ആ ശ്രദ്ധ ആൺകുട്ടികൾക്കാണ് കൊടുക്കേണ്ടത്.
രണ്ടാമതായി, പെൺകുട്ടികൾ കൂടുതലായി വിദേശത്തു പോകുന്നു എന്നതാണ്. അവർ സ്വാഭാവികമായും കുറച്ചു വിദ്യാഭ്യാസവും വെളിവുമുള്ള ചെറുക്കന്മാരെ തേടും. അവിടെയും നാട്ടിലുള്ള പല ചെറുക്കന്മാരും തഴയപ്പെടും.അനുമാനം?
ആൺകുട്ടികളുടെ പഠനത്തിന് ഊന്നൽ നൽകുക. ചെറുപ്പത്തിലെ അവരുടെ കുസൃതികൾ/ വേണ്ടാതീനങ്ങൾ മഹാ സംഭവങ്ങളായി കാണാതിരിക്കുക.
അങ്ങനെ കാണുമ്പോഴാണ് അവർ പിന്നീട് മദ്യം, മയക്കുമരുന്ന്, മറ്റു ലീലാവിലാസങ്ങൾ എന്നിവയിലേക്ക് നീങ്ങുന്നത്. ആൺമക്കളെപ്പറ്റി ആകുലപ്പെടുന്ന എല്ലാ അമ്മമാരോടും പറയാനുള്ളത്:
ആകുലത ആദ്യമേ തുടങ്ങുക. കതിരിൽ വളം വെച്ചിട്ട് കാര്യമില്ല.
Shinoj Mathew Salma Kaithamattathil