മെയ് മാസം അവസാനത്തോടെ എപ്പോഴോ ആണ് ഈ വാർത്ത ഫോളോ ചെയ്ത് തുടങ്ങിയത്.
അന്വേഷണ സംഘം ഒരു സ്ഥലത്ത് കണ്ടെത്തിയ ഡയപ്പറും പാൽക്കുപ്പിയും കുഞ്ഞുങ്ങൾ ജീവനോടെ ഉണ്ടാകാൻ ഉള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു എന്നതായിരുന്നു ആ വാർത്ത.
പിങ്ക് പിടികളുള്ള ആ പാൽക്കുപ്പിയിൽ ഹൃദയം കുരുങ്ങിപ്പോയി. ഈ വിഷയത്തിൽ ഓൺലൈനിൽ കിട്ടാവുന്നതെല്ലാം വായിച്ചു.
വായിക്കുന്തോറും ആ കുഞ്ഞുങ്ങൾ രക്ഷപ്പെടണമെന്ന ആഗ്രഹവും പ്രതീക്ഷയും ഏറി വന്നു. മെയ് ഒന്നിന് തകർന്നു വീണ സെസ്ന വിമാനത്തിൽ യാത്ര ചെയ്ത കുഞ്ഞുങ്ങളുടെ അമ്മ, ഗൈഡ്, പൈലറ്റ് എന്നിവർക്ക് ജീവൻ നഷ്ടപ്പെട്ടു.
പതിമൂന്നും ഒൻപതും നാലും വയസുള്ള മൂന്നു കുട്ടികളും പതിനൊന്നു മാസം മാത്രം പ്രായമുള്ള ഇളയ കുഞ്ഞും എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കൊളംബിയ നിയോഗിച്ചത് ആർമിയും എയർഫോഴ്സും തദ്ദേശീയരായ ജനങ്ങളും ചേർന്ന ഒരു ബൃഹദ് സംഘത്തെയായിരുന്നു.
തദ്ദേശീയരായ കുട്ടികളിൽ മുതിർന്ന രണ്ടാൾക്ക് കാട്ടിൽ ജീവിച്ചു പരിചയം ഉണ്ടെന്നതാണ് ആദ്യം മുതലേ ഉണ്ടായിരുന്ന പ്രതീക്ഷ.
അന്വേഷണം പുരോഗമിക്കുമ്പോൾ പലയിടങ്ങളിലും കുട്ടികൾ നേരത്തേ ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്ന പല തെളിവുകളും കിട്ടി. ചെടികൾ ഉപയോഗിച്ച് ചെറിയ ഷെൽട്ടറുകൾ പോലെ നിർമിച്ചതും ഒക്കെ അവർ ജീവനോടെ ഉണ്ട് എന്നതിന് തെളിവായി വന്നു.
ഒരു കത്രിക, ഹെയർ ബാൻഡ് ഒക്കെ പലയിടങ്ങളിലും നിന്ന് തെരച്ചിൽ നായകൾ കണ്ടെത്തി. ദിവസങ്ങൾ പിന്നിട്ടിട്ടും പക്ഷേ കുഞ്ഞുങ്ങളെ നേരിട്ട് കണ്ടെത്താൻ മാത്രം സാധിക്കുന്നുണ്ടായിരുന്നില്ല.
പക്ഷേ കൊളംബിയ എന്ന രാജ്യം തൻ്റെ നാലു മക്കൾക്ക് വേണ്ടി അക്ഷരാർത്ഥത്തിൽ കാടിളക്കി തിരഞ്ഞു. കൊളംബിയൻ പ്രസിഡന്റ് ഗുസ്റ്റാവോ പെട്രോയുടെ ട്വിറ്റർ ഹാൻഡിൽ ലോകമെമ്പാടും ഉള്ള മനുഷ്യർ ഉറ്റുനോക്കിയിരുന്നു.
ഒരു തവണ സ്ഥിരീകരിക്കാത്ത വാർത്ത പുറത്തുവിട്ടത് പിൻവലിച്ചു മാപ്പു പറഞ്ഞു. പക്ഷേ ഒടുവിൽ കാത്തിരുന്ന ആ വാർത്ത നാൽപ്പതു ദിവസങ്ങൾക്കിപ്പുറം വരിക തന്നെ ചെയ്തു. അതിജീവനത്തിന്റെ, ഭരണകൂടത്തിന്റെ നിശ്ചയദാർഢ്യത്തിൻ്റെ, ജീവിതമെന്ന അത്ഭുതത്തിൻ്റെ വാർത്ത.
“A joy for the whole country!”ആ കുഞ്ഞുങ്ങൾ ഇതെങ്ങനെ സാധിച്ചു എന്നതിൻ്റെ ഉത്തരം നമുക്ക് വരും കാലങ്ങളിൽ വായിക്കാം. പുസ്തകങ്ങളും ഡോക്യുമെന്ററികളും സിനിമകളും ഒക്കെ ഉറപ്പായും വരും. “അവർ ഒരുമിച്ചായിരുന്നു, ക്ഷീണിതരായിരുന്നു, ഇപ്പോൾ അവർ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
അവരെ കണ്ടെത്തിയെന്നത് എന്നെ അത്യന്തം സന്തോഷിപ്പിക്കുന്നു” എന്നാണ് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞത്. ഒരുപാട് മനുഷ്യർ സത്യമായും സന്തോഷിക്കുന്നു. കുഞ്ഞുങ്ങളുടെ അതിജീവനത്തിൽ, അവർക്കു നൽകിയ മൂല്യത്തിൽ, അതിനു വേണ്ടി ചിലവാക്കിയ അധ്വാനത്തിൽ ഒക്കെ. മരിച്ചു പോയ ആ അമ്മ അവസാനം ആഗ്രഹിച്ചിട്ടുണ്ടാവുക അവരുടെ കുഞ്ഞുങ്ങൾ രക്ഷപ്പെടണമെന്നാവും.
ആ നാലു കുഞ്ഞുങ്ങൾക്ക് വേണ്ടി ഇറങ്ങിയ എല്ലാ മനുഷ്യരോടും നന്ദി. കുഞ്ഞുങ്ങൾ ലോകത്തിന്റേതാണല്ലോ.
©Pallavi Gopinathan
Glenda Fernandez