വൈദികരും സിസ്റ്റേഴ്സും തീക്ഷണമതികളായ അൽമായരുമൊക്കെ അടുക്കലടുക്കൽ മരണമടഞ്ഞു കൊണ്ടിരിയ്ക്കുന്ന ഈ സാഹചര്യത്തിൽ ഇവരുടെ വിയോഗം സഭയക്ക് കുടുംബത്തിന് ഒക്കെ വലിയ നഷ്ടമാണ് വരുത്തി വച്ചിരിയ്ക്കുന്നത് എന്ന് തോന്നിയാലും; അവർക്ക് കുടുംബത്തിനും സഭയ്ക്കും ലോകത്തിനും വേണ്ടി കൂടുതലായി പ്രവർത്തിയ്ക്കുവാൻ സാധ്യത ലഭിച്ചിരിയ്ക്കുകയാണ് എന്നതാണ് സത്യം.
കൃപാവരത്തിൽ മരണമടഞ്ഞവർ ഭൂമിയിൽ ആയിരുന്നപ്പോൾ എന്നതിനെക്കാൾ ലോകത്തെയും സഭയെയും കുടുംബത്തെയുമൊക്ക സഹായിക്കാൻ പറ്റുന്ന ഒരു തലത്തിലേയ്ക്ക് പ്രവേശിച്ചിരിയ്ക്കുകയാണ് (വിശുദ്ധ ഡൊമിനിക്).
മദ്ധ്യസ്ഥപ്രാർത്ഥന നടത്തുക, പ്രസംഗിക്കുക, ജീവകാരുണ്യ പ്രവർത്തികൾ ചെയ്യുക തുടങ്ങി പലവിധ പ്രവർത്തികൾ ചെയ്യുന്നതിലാണ് സഭയുടെ വളർച്ച അടങ്ങിയിരിയ്ക്കുന്നത് എന്ന് ചിന്തിയ്ക്കുന്നവർക്ക്, ഏറെ പ്രവർത്തിക്കുന്നവരായി തോന്നുന്നവരുടെ വിയോഗം വഴി സഭയ്ക്കും ലോകത്തിനും വലിയ നഷ്ടം ഉണ്ടായതായി അനുഭവപ്പെടും. എന്നാൽ പ്രവൃത്തിയെക്കാളുപരി ദൈവത്തോട് ഐക്യത്തിലായിരിക്കുക, ദൈവസ്നേഹത്തിലായിരിക്കുക, ദൈവത്തിന് പ്രവർത്തിക്കുവാൻ തക്ക മാധ്യമമായി വർത്തിക്കുക എന്നതിലാണ് സഭാവളർച്ചയുടെ അടിസ്ഥാനം എന്ന സഭാത്മക ബോധ്യം ലഭിച്ചവർക്ക് ഇത്തരം സാഹചര്യങ്ങളിൽ വലിയ ശാന്തതയും സമാധാനവും അനുഭവപ്പെടും. സ്നേഹമില്ലാതെ തിരുസഭയിൽ നടക്കുന്ന സകല പ്രവർത്തനങ്ങളെക്കാൾ സഭയ്ക്ക് കൂടുതൽ പ്രയോജനകരം ശുദ്ധമായ സ്നേഹത്തിൻ്റെ ചെറുചലനമാണ് എന്ന വിശുദ്ധ യോഹന്നാൻ ക്രൂസിൻ്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്.
പുണ്യവാൻമാരുടെ ഐക്യത്തിൽ വിശ്വസിയ്ക്കുന്നവരെ സംബന്ധിച്ച് കൃപാവരത്തിൽ മരിക്കുന്നവരുടെ വിയോഗം നിരാശയ്ക്ക്, അമിത വേദനയ്ക്ക് കാരണമാകില്ല.
അവർ ഭൂമിയിൽ എന്നതിനെക്കാൾ വലിയ ആനന്ദത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നതിനാൽ അവരെ ഓർത്ത് വലിയ പ്രത്യാശ കൈവരും. ” അമ്മേ, അമ്മ മരിച്ച് സ്വർഗ്ഗത്തിൽ പൊയ്ക്കോ, ഞാൻ അമ്മയെ ഒത്തിരി സ്നേഹിക്കുന്നു, അമ്മ സ്വർഗ്ഗത്തിൽ പോയി ഒത്തിരി സന്തോഷിച്ചോ” (വിശുദ്ധ കൊച്ചുത്രേസ്യ മൂന്നുവയസ്സുള്ള സമയത്ത് അമ്മ സെലിഗ്വരിനോട് പറഞ്ഞത്) എന്ന് മരണമടഞ്ഞുപോയ നമ്മുടെ പ്രിയപ്പെട്ടവരോട് പറയുവാൻ തക്ക ക്രിസ്തീയ പ്രത്യാശ നമുക്കുണ്ടാകട്ടെ.
(ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ് )