പാലാ: കുവൈത്ത് സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ (SMCA), പാലാ രൂപതയുടെ ഹോം പാലാ പ്രൊജക്ടുമായി ചേർന്ന് കൂട്ടിക്കൽ ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി പറത്താനം ഇടവകയിൽ നിർമ്മിച്ച ഭവനത്തിന്റെ താക്കോൽദാനം പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. പാരമ്പര്യത്തിന്റേയും ആരാധനാക്രമത്തിന്റേയും കാവലാളുകളാണ് പ്രവാസികളെന്നും മിഡിൽ ഈസ്റ്റിലെ പ്രവാസികൾ അത് വളരെ ഭംഗിയായി നിറവേറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനഡിലും എപ്പാർക്കിയൽ അസംബ്ലികളിലും മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലികളിലും പ്രവാസികളുടെ ഗുണപരമായ സംഭാവനകളെപ്പറ്റി മറ്റു മെത്രാൻമാരും മേജർ ആർച്ച് ബിഷപ്പും സംസാരിക്കാറുണ്ടെന്നും മാര് ജോസഫ് കല്ലറങ്ങാട്ട് കൂട്ടിച്ചേർത്തു.
കൂട്ടിക്കൽ പ്രദേശത്തെ പറത്താനം വ്യാകുലമാതാ ഇടവകയിൽ വികാരി ഫാ. ജോസഫ് അറക്കലിന്റെ നേതൃത്വത്തിൽ വിൻസെന്റ് ഡി പോൾ സംഘടനാഭാരവാഹികളായ ജിൻസ് കളരിക്കൽ, ഡോണി എം. മാത്യു എന്നിവരുടെ മേൽനോട്ടത്തിലാണ് ഭവനം പണി തീർത്തത്. മെയ് 15 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ഹോം പാലാ പ്രൊജക്ടിന്റെയും പ്രവാസി അപ്പസ്തോലേറ്റിന്റേയും ഡയറക്ടറായ ഫാ. കുര്യാക്കോസ് വെള്ളച്ചാലിന്റെയും കുവൈറ്റ് സീറോ മലബാർ കൾച്ചറൽ അസോസിയേഷനെ പ്രതിനിധികരിച്ചു വന്ന അബ്ബാസിയ ഏരിയ സെക്രട്ടറി മാത്യു ഫിലിപ്പ് മാർട്ടിൻ, ഏരിയ ട്രെഷർ റീജോ ജോർജ്, എന്നിവരുടെയും സാന്നിധ്യത്തിലായിരിന്നു മാര് ജോസഫ് കല്ലറങ്ങാട്ട് വീട് വെഞ്ചരിച്ചത്.
പാലാ ഹോം പ്രൊജക്ട് ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ അച്ചൻ താക്കോൽ ദാന ചടങ്ങിന് സ്വാഗതം ആശംസിച്ചു. കുവൈറ്റ് SMCA യെ പ്രതിനിധികരിച്ചു അബ്ബാസിയ ഏരിയ സെക്രട്ടറി മാത്യു ഫിലിപ്പ് മാർട്ടിൻ ആശംസകൾ അർപ്പിച്ചു. പറത്താനം ഇടവകവികാരി ഫാ. ജോസഫ് നന്ദി പറഞ്ഞു. സഭയുടെ അടിസ്ഥാനഘടകമായ ഗാർഹിക സഭയുടെ അടിസ്ഥാന ആവശ്യമായ അടച്ചുറപ്പുള്ള ഒരു ഭവനം ആഗ്രഹിക്കുന്ന പാവപ്പെട്ടവർക്ക് അത് സാധ്യമാക്കാൻ പ്രയത്നിക്കുന്ന, കുവൈറ്റ് സീറോ മലബാർ കൾച്ചറൽ അസോസിയേഷനെ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പ്രത്യേകം അഭിനന്ദിച്ചു.
പ്രവാസി അപ്പസ്തോലേറ്റ് ഗ്ലോബൽ കോർഡിനേറ്റർ ഷാജിമോൻ മങ്കുഴിക്കരി, പ്രവാസി അപ്പസ്തോലേറ്റ് സെക്രട്ടറി ഷിനോജ് മാത്യു എന്നിവർ നേതൃത്വം നൽകി. എസ്എംസിഎ കുവൈറ്റ് റിട്ടേണിസ് ഫോറത്തെ പ്രതീനിധികരിച്ചു ട്രഷറർ ജോർജ് ചാക്കോ, കുര്യാക്കോസ് മാണിവയലിൽ, ടോമി ഐക്കരെട്ട്, തോമസ് കയ്യാലക്കൽമിഡിൽ ഈസ്റ്റ് PDMA സെക്രട്ടറി രജിത് മാത്യു എന്നിവരും നിരവധി എസ്എംസിഎ, കെആര്എഫ് അംഗങ്ങളും സന്നിഹിതരായിരുന്നു.