പതിനൊന്നാം വയസ്സിൽ തൻറെ ആദ്യകുർബ്ബാന സ്വീകരണസമയത്ത് തന്നെ ഈശോയുടെ അടുത്തേക്ക് നിത്യകാലത്തേക്കായി വിളിക്കപ്പെട്ട അവളെപ്പറ്റി ഒന്ന് കേട്ടാലോ ?
1322ൽ ഇറ്റലിയിലെ ബൊളോഞ്ഞയിൽ ഒരു പ്രഭുകുടുംബത്തിലാണ് ഇമെൽഡ ലാംബെർട്ടിനി ജനിച്ചത്. ഭക്തിയിലും കാരുണ്യപ്രവൃത്തികളിലും അതീവതല്പരരായിരുന്ന അവളുടെ മാതാപിതാക്കൾ ഏകമകളെ ഉത്തമ കത്തോലിക്ക വിശ്വാസത്തിൽ വളർത്തിക്കൊണ്ടുവന്നു. വിശുദ്ധരുടെ ജീവിതകഥകൾ കേട്ട് പരിചയിച്ച് അവരെ കൂട്ടുകാരായി കണ്ട കുഞ്ഞു ഇമെൽഡ നന്നേ ചെറുപ്പത്തിൽ തന്നെ പ്രാർത്ഥനകൾ ചൊല്ലാൻ ശീലിച്ചു. വീട്ടിൽ ഒരു കുഞ്ഞുമുറി പുഷ്പങ്ങളും പടങ്ങളും കൊണ്ടലങ്കരിച്ച് ചാപ്പൽ പോലെയാക്കിയ അവൾ അവിടെ തനിച്ചിരുന്ന് പ്രാർത്ഥിക്കാൻ ഇഷ്ടപ്പെട്ടു.
അവളുടെ അമ്മ തൻറെ മകളെ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് സമർപ്പിച്ചു. കാരുണ്യപ്രവൃത്തികൾ കൂടെക്കൂടെ ചെയ്യാനും ഈശോയെയും പാവങ്ങളെയും സ്നേഹിക്കാനും പഠിപ്പിച്ചു. കുഞ്ഞു ഇമെൽഡയുടെ അനിതരസാധാരണമായ ഭക്തിയും വിശുദ്ധിയും അവളെ അറിയുന്നവരെല്ലാം ശ്രദ്ധിച്ചു.
സമ്പത്തിലും ആർഭാടങ്ങളിലും അവൾക്ക് തീരെ താല്പര്യമില്ലായിരുന്നു. തനിക്കുകിട്ടിയ നല്ല വസ്ത്രങ്ങൾ , കളിപ്പാട്ടങ്ങൾ, ഭക്ഷണം എല്ലാം പാവപ്പെട്ട കുട്ടികൾക്ക് കൊടുക്കാനാണ് അവൾ ഇഷ്ടപ്പെട്ടത്.
അടുത്തുള്ള ഡൊമിനിക്കൻ ആശ്രമത്തിൽ വിശുദ്ധ കുർബ്ബാനക്കായി കൂടെക്കൂടെ അവളെ മാതാപിതാക്കൾ കൊണ്ടുപോയി.
ദിവ്യകാരുണ്യത്തിലെ ഈശോയോടുള്ള ഒന്നാകൽ നന്നേ ചെറുപ്പത്തിലേ അവളുടെ സ്വപ്നമായി.പ്രിയകൂട്ടുകാരനായ ഉണ്ണീശോയോട് തനിച്ചുസംസാരിച്ച് ഏറെനേരം അവൾ തൻറെ മുറിയിൽ ചിലവഴിച്ചു.ഇങ്ങനെയൊക്കെ ആണെങ്കിലും ഒൻപത് വയസ്സുള്ളപ്പോൾ അടുത്തുള്ള ഡൊമിനിക്കൻ ആശ്രമത്തിലെ കന്യാസ്ത്രീകളുടെ കൂടെ താമസിക്കാൻ അവൾ അനുവാദം ചോദിച്ചത് , അവളെ തങ്ങളുടെ കണ്ണിന്റെ ആനന്ദമായി കണ്ട് ഏറെ സ്നേഹിച്ചിരുന്ന മാതാപിതാക്കൾക്ക് ഒരു ആഘാതമായിരുന്നിരിക്കണം.
അവളെ പിരിഞ്ഞിരിക്കുന്നത് അവർക്ക് ചിന്തിക്കാൻ വയ്യായിരുന്നു. എന്നിരുന്നാലും മകളുടെ ആഗ്രഹത്തിന് അവർ എതിരുനിന്നില്ല.
ഡൊമിനിക്കൻ ആശ്രമത്തിലെ കന്യാസ്ത്രീകൾ അവളെ ഏറെ സ്നേഹിച്ചു. അവരുടേതുപോലുള്ള ഡൊമിനിക്കൻ സഭാവസ്ത്രം തന്നെ ഇമെൽഡയും ധരിച്ചു. അവരുടെ പ്രാർത്ഥനകളിലും വിശുദ്ധ കുർബ്ബാനകളിലും പങ്കുചേർന്നു. പക്ഷെ ഏറെ കൊതിച്ച ഒരേയൊരു കാര്യം മാത്രം അവൾക്ക് അനുവദിച്ചുകിട്ടിയില്ല. അത് ദിവ്യകാരുണ്യസ്വീകരണമായിരുന്നു.
ഇമെൽഡ ഒരുപാട് ആഗ്രഹത്തോടെ ദിവ്യകാരുണ്യസ്വീകരണത്തിനുള്ള അനുവാദത്തിനായി പലവട്ടം കെഞ്ചിയെങ്കിലും മദർസുപ്പീരിയറിന് അത് വിലക്കേണ്ടി വന്നു.
അന്നത്തെ കാലത്ത് പന്ത്രണ്ട് വയസ്സെങ്കിലും ആകാതെ ദിവ്യകാരുണ്യസ്വീകരണം സാധ്യമായിരുന്നില്ല. അതുകൊണ്ട് അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണവും പ്രാർത്ഥനകളും കൊണ്ട് തൽക്കാലം തൃപ്തിപ്പെടാൻ അവർക്ക് അവളോട് പറയേണ്ടി വന്നു.
ദിവ്യകാരുണ്യഈശോയോടുള്ള ഒന്നാകൽ, അവനെ നാവിലും ഹൃദയത്തിലും സ്വീകരിക്കുന്നത്, എപ്പോഴും ഇമെൽഡയുടെ സ്വപ്നമായി. ആ നിമിഷങ്ങളുടെ ആനന്ദമെത്രയായിരിക്കുമെന്ന ഊഹിക്കാൻ പോലും അവൾക്ക് കഴിയുന്നില്ലായിരുന്നു.
“പറയൂ ,ഈശോയെ ഹൃദയത്തിൽ സ്വീകരിക്കുന്ന ആർക്കെങ്കിലും മരിക്കാതിരിക്കാൻ പറ്റുമൊ ? ” എന്നവൾ ഇടയ്ക്കിടെ ചോദിക്കുമായിരുന്നു. ഈശോയെ സ്വീകരിക്കുന്ന അടക്കാനാകാത്ത സന്തോഷം കൊണ്ട് ചങ്കുപൊട്ടില്ലേ എന്നായിരിക്കണം അവൾ ഉദ്ദേശിച്ചത്.
അവളുടെ ആഗ്രഹമറിയാവുന്ന ചാപ്ലയിൻ അച്ചനും അവളോട് പക്ഷെ കാത്തിരിക്കാൻ ആണ് പറഞ്ഞത്. അങ്ങനെ കുഞ്ഞു ഇമെൽഡ ഈശോ തൻറെ ഹൃദയത്തിലേക്ക് വരുന്ന ദിവസത്തിനായി പ്രാർത്ഥിച്ചു കാത്തിരുന്നു.
1333 ൽ അവൾക്ക് പതിനൊന്നു വയസ്സുള്ളപ്പോൾ ഒരു മെയ് 12ന്, ഈശോയുടെ സ്വർഗ്ഗാരോഹണതിരുന്നാൾ തലേന്ന് വൈകുന്നേരത്തെ വിശുദ്ധ കുർബ്ബാനയ്ക്ക്, മറ്റ് സന്യാസിനികൾ വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന സമയം ഇമെൽഡ അവൾ നിൽക്കാറുള്ളിടത്ത് പ്രാർത്ഥനയിൽ ലയിച്ചിരിക്കുകയായിരുന്നു. കുർബ്ബാന കഴിഞ്ഞ് മറ്റുള്ളവർ പോയിക്കഴിഞ്ഞപ്പോഴും ഇമെൽഡ അതൊന്നുമറിയാതെ തൻറെ ദിവ്യനാഥനോട് ആത്മാവിൽ സംസാരിച്ചു കൊണ്ടിരുന്നു.
അൾത്താര സജ്ജീകരിച്ചുകൊണ്ടിരുന്ന ഒരു സിസ്റ്റർ എന്തോ ശബ്ദം കേട്ട് ഇമെൽഡ നിന്നിരുന്നിടത്തേക്ക് നോക്കി.
ഇമെൽഡയെ കാണാതെ അന്വേഷിച്ചു വന്ന സന്യാസിനികളെ അസാധാരണമായ ഒരു സ്വർഗ്ഗീയസുഗന്ധം അങ്ങോട്ട് നയിച്ചതാണെന്നും പറയപ്പെടുന്നു. അവിടെ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു.
പാരവശ്യത്തിൽ ലയിച്ച് ചുറ്റും നടക്കുന്നതൊന്നും അറിയാതിരിക്കുന്ന ഇമെൽഡയുടെ മുകളിലായി ഒരു ദിവ്യവെളിച്ചം. ഒരു തിരുവോസ്തി അതിരറ്റ ശോഭയോടെ അതിൽ ചുറ്റിക്കറങ്ങുന്നു. സ്തംഭിച്ചുപോയ സന്യാസിനികൾ വേഗം ചാപ്ലയിൻ അച്ചനെ കൂട്ടിക്കൊണ്ടുവന്നു. തൻറെ കുഞ്ഞുകൂട്ടുകാരിക്ക് തന്നെത്തന്നെ നൽകാൻ ഈശോ മനസ്സായിരിക്കുന്നെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. തന്നെ ഇത്രയധികം സ്നേഹിക്കുന്ന, തന്നോടൊന്നാവാൻ ആഗ്രഹിക്കുന്ന അവളിലേക്ക് വരാതിരിക്കാൻ ഈശോക്ക് കഴിയുന്നില്ലായിരുന്നു.
‘കുഞ്ഞുങ്ങൾ എന്റെ അടുക്കൽ വരട്ടെ അവരെ തടയരുത്’ എന്ന ഈശോയുടെ വചനം അവർ ഓർമ്മിച്ചോ എന്നറിയില്ല, അച്ചൻ ഒട്ടും താമസിയാതെ ഒരു പീലാസയെടുത്തു വന്നു. തിരുവോസ്തി താഴ്ന്നു അതിൽ വന്നിരുന്നു.അച്ചൻ ആ തിരുവോസ്തി വേഗം ഇമെൽഡക്ക് നൽകി. ഭക്തിപാരവശ്യത്തിൽ, അതിയായ ആനന്ദത്തിൽ മുട്ടുകുത്തി കണ്ണടച്ചുനിന്ന ഇമെൽഡ പ്രാർത്ഥനയിൽ ലയിച്ചു. അവൾക്ക് നന്ദിപ്രകരണത്തിന് അവസരം നൽകാൻ എല്ലാവരും അവിടെനിന്ന് പിൻവാങ്ങി.
തൻറെ ദിവ്യനാഥനുമായി ഏറെക്കാലത്തെ ആഗ്രഹത്തിന് ശേഷം ഒന്നായ ഇമെൽഡ നിത്യമായി അവനിൽ ചേർന്നത് ആ സന്യാസിനികൾ അറിഞ്ഞില്ല.
അത്രയും സ്നേഹം താങ്ങാനുള്ള കെല്പ് ആ കുഞ്ഞുഹൃദയത്തിനില്ലായിരുന്നു. ആദ്യദിവ്യകാരുണ്യസമാഗമത്തിൽ തന്നെ ഈശോ ആ കുഞ്ഞുമാലാഖയെ തൻറെ സ്വർഗ്ഗീയോദ്യാനത്തിലേക്ക് കൊണ്ടുപോയി.സ്വർഗ്ഗത്തിലെ മാലാഖമാർക്കൊപ്പമാണ് അവൾ തൻറെ നാഥന് നന്ദി അർപ്പിച്ചത് .
ഏറെനേരം കഴിഞ്ഞുവന്ന കന്യാസ്ത്രീകൾ അറിഞ്ഞു സ്വർഗീയമായ പുഞ്ചിരിയോടെ കണ്ണടച്ച് കൈകൂപ്പി നിന്നിരുന്ന അവൾ മരിച്ചുകഴിഞ്ഞിരുന്നെന്ന്.
“പറയൂ ,ഈശോയെ ഹൃദയത്തിൽ സ്വീകരിക്കുന്ന ആർക്കെങ്കിലും മരിക്കാതിരിക്കാൻ പറ്റുമൊ ? ” എന്ന അവളുടെ വാക്കുകൾ അവളുടെ ജീവിതത്തിൽ അക്ഷരം പ്രതി സത്യമായി. ലിയോ പന്ത്രണ്ടാമൻ പാപ്പ ഇമെൽഡയെ 1826 ഡിസംബർ 21 ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു .
പത്താം പീയൂസ് പാപ്പ അവളെ ആദ്യകുർബ്ബാന സ്വീകരിക്കുന്നവരുടെ മധ്യസ്ഥ ആയി ഉയർത്തി. ബൊളോഞ്ഞയിലെ സാൻ സിജിസ്‌മോന്തോ ദേവാലയത്തിലെ ചാപ്പലിൽ അവളുടെ അഴുകാത്ത ശരീരം സൂക്ഷിച്ചിരിക്കുന്നു.
ഈശോയെ എല്ലാറ്റിലും അധികമായി സ്നേഹിക്കുന്നവർക്ക് കൈവരുന്ന വിശുദ്ധിയും സന്തോഷവും കുഞ്ഞുവിശുദ്ധ ഇമെൽഡ ലാംബെർട്ടിനി നമുക്ക് കാണിച്ചുതരുന്നു.
ആദ്യകുർബ്ബാന സ്വീകരിക്കുന്ന കുഞ്ഞുങ്ങളുടെ ശരിയായ ഒരുക്കത്തിനും ഭക്തിതീക്ഷ്ണതക്കും അവരുടെ ഈ മധ്യസ്ഥയോട് നമുക്ക് പ്രാർത്ഥിക്കാം.
നമുക്ക് വേണ്ടിയും. വാഴ്ത്തപ്പെട്ട ഇമെൽഡയെ, ദിവ്യകാരുണ്യഈശോയെ നീ സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ ഞങ്ങളെ സഹായിക്കണമേ .
വാഴ്ത്തപ്പെട്ട ഇമെൽഡയുടെ തിരുന്നാൾ ആശംസകൾ
ജിൽസ ജോയ്