പ്രഭാത പ്രാർത്ഥന..🙏
നഥാനയേൽ പറഞ്ഞു..റബ്ബി അങ്ങ് ദൈവപുത്രനാണ്,ഇസ്രായേലിന്റെ രാജാവാണ്..(യോഹന്നാൻ :1/49)
ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയേ..
അങ്ങയുടെ പൂർണതയിൽ നിന്നും കൃപയ്ക്കു മേൽ കൃപ സ്വീകരിച്ചു കൊണ്ട് ഈ പ്രഭാതത്തിന്റെ നല്ല നിമിഷങ്ങളിൽ അങ്ങയോടൊപ്പമായിരിക്കാൻ ഞങ്ങൾ അണയുന്നു.ദൈവപുത്രനായ ക്രിസ്തുവിൽ വിശ്വസിക്കുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നവരാണ് ഞങ്ങൾ..എങ്കിലും പലപ്പോഴും ഞങ്ങളുടെ വിശ്വാസത്തിന്റെ ഏറ്റുപറച്ചിലുകളിൽആത്മാർത്ഥത ഇല്ലാതെ പോകാറുണ്ട്.പണ്ടൊക്കെ എവിടെയെങ്കിലും യാത്ര ചെയ്യുമ്പോൾ വഴിയരികിൽ പള്ളിയോ കുരിശടിയോ കാണുമ്പോൾ അമ്മച്ചി ഭക്തിയോടും ആദരവോടും കൂടി നെറ്റിയിൽ കുരിശടയാളം വരച്ചു പ്രാർത്ഥിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.അന്നൊക്കെ അതു കണ്ടിട്ട് ഉത്‍സാഹത്തോടെ അമ്മച്ചിയെ അനുകരിച്ച് ഞാനും അങ്ങനെ ചെയ്യാറുണ്ട്.അതു പക്ഷേ ഭക്തി കൊണ്ടാണോ,വിശ്വാസം കൊണ്ടാണോ എന്നു ചോദിച്ചാൽ അന്ന് അത് എനിക്കറിയില്ല.സത്യത്തിൽ അന്ന് അത്‌ വെറും അനുകരണം മാത്രമായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ട്.എന്നിലെ വിശ്വാസത്തിന്റെ അർത്ഥവും ആഴവും ഒന്നും അറിയാൻ ശ്രമിക്കാതെ ഞാൻ ചെയ്യുന്ന വെറും ഒരനുകരണംപിന്നെപ്പിന്നെ മാറുന്ന ശീലങ്ങൾക്കും പ്രായത്തിനുമൊപ്പം.. അനുകരണമായിരുന്നുവെങ്കിൽ പോലും ആ ശീലവും പതിയെ മാറാൻ തുടങ്ങി. ഇനി എങ്ങാനും പഴയ ഓർമ്മകളിൽ അറിയാതെ കുരിശടയാളം വരച്ചാൽ പോലും അരികിലുള്ളവർ ആരെങ്കിലും അതു കാണുകയോ ശ്രദ്ധിക്കുകയോ ചെയ്തിരുന്നോ എന്ന് ഇത്തിരി കുറച്ചിലോടെ.. പരിഭ്രമത്തോടെ ചുറ്റിലും നോക്കുന്ന ഭാവമാറ്റത്തിലേക്കു എന്റെ വിശ്വാസവും ചുവടു മാറ്റി.
എന്റെ പ്രിയനേശുവേ..എനിക്കു ചുറ്റും വിശുദ്ധരുടെയും രക്തസാക്ഷികളുടെയും അളവില്ലാത്ത ഒരു സമൂഹം തന്നെയുണ്ട്.അവരെല്ലാം അങ്ങയോടുള്ള സ്നേഹത്തെയും വിശ്വാസത്തേയും പ്രതി മനുഷ്യബുദ്ധിക്ക് ഗ്രഹിക്കാൻ പോലും കഴിയാത്ത വിധത്തിലുള്ള സഹനങ്ങളെയും പീഡകളെയും സന്തോഷത്തോടെ ഏറ്റുവാങ്ങിയവരാണ്.എന്നിട്ടും മറ്റുള്ളവരുടെ മുന്നിൽ വച്ചു ചെയ്യേണ്ടി വരുന്ന നിസാരമായ ഒരു കുരിശടയാളത്തിൽ പോലും പരിഭ്രമവും ലജ്ജയും കലർത്തുന്ന എനിക്ക് എങ്ങനെ വിശ്വാസത്തിനു സാക്ഷ്യം നൽകുന്ന അങ്ങയുടെ പ്രിയമക്കളെ പോലെ സഹനദാസിയായി തീരാൻ കഴിയും..നല്ല ദൈവമേ..ഈ ലോകത്തിലുള്ള ഒന്നിനു വേണ്ടിയും നിന്നെ നഷ്ടപ്പെടുത്താത്ത,ഒന്നിനു മുൻപിലും തകർക്കപ്പെടാത്ത അടിയുറച്ച വിശ്വാസവെളിച്ചം നൽകി എന്റെ ജീവനിലെ ഓരോ സൂക്ഷമാണുവിനെ പോലും ഉത്തേജിപ്പിക്കണമേ നാഥാ..

നശ്വരമായ ഈ ലോകജീവിതത്തിൽ അനശ്വരമായ ദൈവസ്നേഹത്തെ സ്വന്തമാക്കി സഹനങ്ങളിലും സന്തോഷങ്ങളിലും പതറാത്ത വിശ്വാസത്തിനുടമയായി ഞാനും മഹിമയുടെ കിരീടം സ്വന്തമാക്കാനുള്ള അനുഗ്രഹം നേടിയെടുക്കട്ടെ..അപ്പോൾ കാലിത്തൊഴുത്തിന്റെ എളിമയും,കുരിശിന്റെ മഹത്വവും എന്റെ നേട്ടങ്ങളായി കണ്ടുകൊണ്ട് ഇസ്രായേലിന്റെ രാജാവും ദൈവപുത്രനുമായ അങ്ങയെ ഇപ്പോഴും എപ്പോഴും എന്റെ ജീവന്റെ ജീവനായി സ്നേഹിക്കുവാനും,അങ്ങനെ എന്റെ നാഥനും രക്ഷകനുമായി ആരുടെ മുന്നിലും അങ്ങയെ ഏറ്റുപറയുവാനും കഴിയുന്ന വിശ്വാസവളർച്ചയുടെ സ്നേഹ ഉടമ്പടിയിൽ എന്റെ ജീവനും മുദ്രിതമായി തീരുകയും ചെയ്യും..
പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫൻ..ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ..ആമേൻ 🙏

നിങ്ങൾ വിട്ടുപോയത്