പ്രണയപ്പകയുടെ ചോരക്കറ വീണ് സാക്ഷരകേരളത്തിന്റെ ഭൂമികയില്‍ കൂരിരുള്‍ പരന്നത് ലോകസൗഹൃദദിന(ഓഗസ്റ്റ്1)ത്തിന് രണ്ടുനാള്‍മുമ്പാണ്.

സാംസ്‌കാരികകേരളം അപമാനഭാരത്താല്‍ തല താഴ്ത്തിയ കറുത്ത ദിനമാണത്. ദന്തല്‍ ഡോക്ടറായ മാനസ എന്ന യുവതിയെ മുന്‍സുഹൃത്തായ യുവാവ് കോതമംഗലത്തെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി വെടിവച്ചുകൊന്ന സംഭവം, പ്രണയനിരാസം പ്രതികാരത്തിനായി പ്രതികരിച്ചതിന്റെ പരിണതഫലമാണ്. മാത്രമല്ല, ആസൂത്രിതമായ കൊലയ്ക്കുശേഷം സ്വന്തം ശിരസ്സില്‍ വെടിയുതിര്‍ത്തു ജീവന്‍ ഹനിക്കാന്‍ മാത്രം ഭ്രാന്തമായ മനോവൈകൃതത്തിനിരയായ രഖില്‍ എന്ന ആണ്‍കുട്ടിയും ചര്‍ച്ചയ്ക്കു വിഷയമാണ്. പ്രണയക്കുരുക്കില്‍ ജീവന്‍ പൊലിഞ്ഞ ദുരന്തവാര്‍ത്തകളിലൊന്നുമാത്രമായി കരുതാനാവുന്നതാണോ കോതമംഗലത്തെ കൊലയും ആത്മഹത്യയും എന്നത് പ്രബുദ്ധകേരളം സഗൗരവം ചര്‍ച്ച ചെയ്യേണ്ടതാണ്.

യുവത്വത്തിന്റെ ശരിവിചാരങ്ങള്‍ പൂത്തുലയുന്ന പ്രണയസൗഹൃദങ്ങള്‍ക്കു സൗകുമാര്യം നഷ്ടമാകുന്നത് അപക്വമായ വികാരങ്ങളുടെ വേലിയേറ്റങ്ങളാലാവാം. ആണ്‍പെണ്‍സൗഹൃദങ്ങളില്‍ സ്വാര്‍ത്ഥത കടന്നുകൂടുമ്പോഴാണ് അവന്‍/അവള്‍ തന്റേതുമാത്രമെന്നു ശഠിക്കുന്ന ഏകപക്ഷീയവിചാരം ശക്തമാകുന്നത്. സ്വാര്‍ത്ഥപ്രേരിതമായ ആകര്‍ഷണങ്ങളും ഇഷ്ടങ്ങളും വച്ചുപുലര്‍ത്തുന്നിടത്ത് പ്രണയവും സൗഹൃദവും ചൂഷണാധിഷ്ഠിതമാകും. പ്രണയനിരാസവും കലഹവും ജീവന്‍ നശിപ്പിക്കുന്ന പ്രവണതകളിലേക്കു യുവാക്കളെ ചെന്നെത്തിക്കുന്നുണ്ടെങ്കില്‍, മനശ്ചികിത്സയ്ക്കു വിധേയമാക്കേണ്ടത് അവരെ മാത്രമല്ല, അവര്‍ ജീവിക്കുന്ന കുടുംബങ്ങളെയും ഈ സമൂഹത്തെത്തന്നെയുമാണ്.

സാക്ഷരതയില്‍ അഭിമാനംകൊള്ളുന്ന പ്രബുദ്ധകേരളത്തിന്റെ വിരിമാറില്‍, പുതുതലമുറയുടെ സെക്‌സും ക്രൈമും വയലന്‍സും കരിനിഴല്‍ വീഴ്ത്തുന്നുവെങ്കില്‍, വിദ്യാഭ്യാസവിചക്ഷണരും മനോരോഗവിദഗ്ധരുമടക്കമുള്ളവര്‍ ഉണര്‍ന്നുചിന്തിച്ചേ മതിയാകൂ. നമ്മുടെ കലാലയവിദ്യാഭ്യാസം കുട്ടികളുടെ ഹൃദയവികാസത്തിനും സംസ്‌കാരപോഷണത്തിനും ഉതകുന്നവിധത്തില്‍ സിലബസിലും പഠനബോധനരീതികളിലും പൊളിച്ചെഴുത്തു വേണമെന്നു ശഠിക്കാന്‍ അധികാരികള്‍ മടിക്കുന്നതെന്തേ? ഈശ്വരവിശ്വാസവും സാന്മാര്‍ഗികബോധനവും കൊടുക്കാന്‍ വിദ്യാഭ്യാസകേരളം മടിയോ പേടിയോ നാണമോ വിചാരിച്ചാല്‍, സത്യധര്‍മമൂല്യാദികളെന്തെന്നറിയാത്ത കുറെ ബുദ്ധിരാക്ഷസന്മാരായിരിക്കും ഭാവിയില്‍ ഇവിടം ഭരിക്കുന്നത്.

ബന്ധങ്ങളിലുണ്ടാകേണ്ട പക്വതയും വിശ്വാസ്യതയും വിശാലതയും കുട്ടികള്‍ പഠിച്ചുതുടങ്ങുന്നത് കുടുംബങ്ങളില്‍നിന്നുതന്നെയാണ്. പരസ്പരസ്വാതന്ത്ര്യവും അവകാശങ്ങളും സമത്വബോധവും ഭംഗിയായി കൈകാര്യം ചെയ്യുന്ന എത്ര മാതാപിതാക്കളുണ്ട് നമ്മുടെ കുട്ടികള്‍ക്കു മാതൃക കാണിച്ചുകൊടുക്കാന്‍?

പെണ്‍കുട്ടികളുടെ കാര്യത്തിലെന്നപോലെ ആണ്‍കുട്ടികളുടെ കാര്യത്തിലും വീട്ടുകാര്‍ക്ക് ഉയര്‍ന്ന കരുതലും ശ്രദ്ധയുമുണ്ടാകണം. ഇതു സ്‌കൂളധികാരികള്‍ക്കും അധ്യാപകര്‍ക്കും ഉണ്ടാകേണ്ടതാണ്. എല്ലാ ദുരന്തവാര്‍ത്തകളിലും പ്രതിനായകവേഷംകെട്ടാന്‍മാത്രം വിധിക്കപ്പെട്ട ഒരു വിഭാഗക്കാരായി മാറി നമ്മുടെ ആണ്‍കുട്ടികള്‍.

നമ്മള്‍ വളര്‍ത്തുന്നതും നിയന്ത്രിക്കുന്നതും സൂക്ഷിക്കുന്നതും ഓമനിക്കുന്നതും എല്ലായ്‌പ്പോഴും പെണ്‍കുട്ടികളെത്തന്നെ. സ്വത്വമോ സ്വന്തം ഇടമോ തിരിച്ചറിയാനാവാതെ ഉള്‍വലിവിന്റെ തുരുത്തുകളില്‍ ഒറ്റപ്പെട്ടുപോകുന്ന ആണ്‍കുട്ടികളുടെ സ്വകാര്യതകളും അവരുടെ വികാരവിചാരങ്ങളും മാതാപിതാക്കള്‍ ഗൗരവമായി മനസ്സിലാക്കേണ്ടതാണ്.

ലിംഗസമത്വം, ആണ്‍പെണ്‍ ബന്ധങ്ങളിലെ ജനാധിപത്യം, സ്ത്രീസുരക്ഷ ഇവയൊക്കെ ആണ്‍കുട്ടികളുടെയും പഠനവിഷയമാകണം. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒന്നിച്ചിരുന്ന് ഇത്തരം വര്‍ത്തമാനങ്ങള്‍ പറഞ്ഞുതുടങ്ങണം. ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും നമ്മുടെ വീട്ടകങ്ങളും സ്‌കൂളിടങ്ങളും അവസരം തുറന്നുകൊടുക്കണം. ആണത്തം, പെണ്ണത്തം, പ്രണയം, സൗഹൃദം, സ്‌നേഹം, ത്യാഗം, സമര്‍പ്പണം തുടങ്ങിയ ജീവിതസത്യങ്ങള്‍ അവനും അവള്‍ക്കും മനസ്സുതുറന്നു സംസാരിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചിരുന്നെങ്കില്‍, ഒരു ഫോണിനപ്പുറവുമിപ്പുറവുമിരുന്നു വളരുന്ന, ഇത്തിരിക്കാലംപോന്ന പ്രണയവും പ്രണയനിരാസവും പ്രണയപ്പകയും ഈ നാട്ടില്‍ ഉണ്ടാവുകയില്ലായിരുന്നു.

ഫാ. കുര്യന്‍ തടത്തില്‍

നിങ്ങൾ വിട്ടുപോയത്