‘നമ്മുടെ മംഗലപ്പുഴ സെമിനാരീടെ പള്ളിക്ക് മുൻപിൽ ഒരു കണിക്കൊന്നയുണ്ട്.. ആരേലുമത് ശ്രദ്ധിച്ചീട്ടുണ്ടൊ…
അതിനൊരു പ്രത്യേകതയുണ്ട്..
എല്ലാ ദിവസവും അതിന്റെ ഏതേലുമൊരു കൊമ്പിൽ ഒരു കുഞ്ഞിപ്പൂവുണ്ടാവും. ആ കൊന്നമരം പോലെ ഒരു കുഞ്ഞു നന്മയെങ്കിലും എന്നും മറ്റുള്ളവർക്കായി വിടർത്തി നിൽക്കാൻ നിങ്ങൾക്ക് കഴിയട്ടെ…
ഒരുപക്ഷെ ഒരുപാടൊന്നും വിടർന്ന് പുഷ്പ്പിക്കാൻ പറ്റിയില്ലെങ്കിൽ പോലും….
” ഒറ്റാപ്പിയച്ചാ…..
പതിമൂന്നു വർഷങ്ങൾക്ക് മുൻപ് അച്ചൻ പറഞ്ഞ ആ പ്രസംഗം ഇന്നും ഓർമ്മയിലുണ്ട്…
ആ മുഖത്തെ അപ്പൊഴത്തെ ചിരി പോലും…
മൈനർ സെമിനാരിയുടെ കുഞ്ഞു ലോകത്ത് നിന്ന് മംഗപ്പുഴയുടെ വലിയ ലോകത്തെക്കെത്തിയ ആദ്യ ദിനങ്ങൾ…
അപരിചത്വം കൊണ്ട് വീർപ്പു മുട്ടി നിൽക്കുമ്പോ അന്ന് പുതുതായി വന്ന എല്ലാരേയും ഗ്രൂപ്പായി തിരിച്ച് ക്യാമ്പ് നടത്തീപ്പൊ ഒറ്റാപ്പിയച്ചാ അച്ചനായിരുന്നു ഞങ്ങടെ ഗ്രൂപ്പിലെ ചേട്ടായി….
അന്ന് ആ പുഴയോരത്തെക്കും ലൈബ്രറിയിലേക്കും ആദ്യമായി കൊണ്ട് പോയി അനുഭവങ്ങൾ പറഞത് ഇന്നും കണ്മുൻപിലുണ്ട്…
ഒരുമിച്ചുള്ള ലൈബ്രറി ജോലികൾ…
വൈകുന്നെരങ്ങളിലെ ഭക്ഷണം കഴിഞ്ഞുള്ള ചെറു നടത്തങ്ങൾ…
എത്രയോ രാത്രികളിൽ വർത്തമാനം പറഞ്ഞു നമ്മൾ ഒരുമിച്ച് നടന്നു…
ഒരുമിച്ചുണ്ടായ നാടകങൾ….
മിക്കവാറും കുട്ടി ട്രൗസറിട്ട ഏതേലും കുട്ടിയുടെ വേഷം ആവും…
നിനക്ക് കുട്ടീടെ വേഷം കൃത്യാ എന്നുള്ള ആ പറച്ചിൽ….
ഒറ്റാപ്പിച്ചാ…
അച്ചനുണ്ടാക്കിയ മരത്തിനുള്ളിലെ പുൽക്കൂട് ഒരു തവണ ഞാൻ വീട്ടിലുണ്ടാക്കീട്ടുണ്ട്…
അന്ന് പലരും ചോദിച്ചു… എവിടുന്നാ ഈ പുൽക്കൂടിന്റെ ഐഡിയ കിട്ടിയേ എന്ന്…
അന്ന് അവരോടൊക്കെ പറഞ്ഞു…
ഞങ്ങടെ സെമിനാരീലു ഒരു സൂപ്പർ ആർട്ടിസ്റ്റ് ബ്രദറുണ്ട്. പുള്ളീടെ ഐഡിയയാ…
ആളു ഗംഭീര വരയാ…. അല്ലെങ്കി തന്നെ അച്ചൻ ഏത് മേഖലയാ കൈ വയ്ക്കാത്തെ? പാട്ട്, വര, അഭിനയം, എഴുത്ത്, കളി, പഠിപ്പ്…
ദൈവത്തിനു സ്വർഗ്ഗത്തിലൊരു ഓൾ റൗണ്ടറെ വേണമെന്ന് തോന്നുന്നു….
എന്നാലും ഇത്ര പെട്ടെന്ന് പോവേണ്ടിയിരുന്നില്ല…
ഒറ്റാപ്പിച്ചാ..
അച്ചൻ ഫേസ്ബുക്കിൽ രണ്ടു കൊല്ലം മുൻപ് ഷാജി അച്ചനെക്കുറിച്ച് എഴുതിയ വരികൾ…
അച്ചന്റെ ആ വരികളോടെ തന്നെ നിർത്തുകയാണ് ഈ കുറിപ്പ്…
കാരണം ശരിക്കും അച്ചനു തന്നെയാണ് ആ വരികൾ യോജിക്കുന്നത്…
”അങ്ങ്ആരെയും മുറിവേൽപ്പിച്ചില്ല,സ്നേഹാമൃതം കൊണ്ട് എല്ലാ മുറിവുകളും ഉണക്കി.. ആരിൽ നിന്നും മുഖം തിരിച്ചില്ല, കരുണയുടെ എല്ലാ വാതിലുകളും തുറന്നിട്ടു…
അങ്ങയുടെ വാക്കുകളൊന്നും പാഴായില്ല,എല്ലാം സുവിശേഷ പൊരുളാക്കി…
ആരെയും ഭയന്നില്ല, എന്നും എപ്പോഴും മുറിവേറ്റയാകരങ്ങളിൽമുറുകെ പിടിച്ചിരുന്നു.
ദൈവത്തോടുള്ള വിശ്വസ്തതയും മനുഷ്യരോടുള്ള പ്രതിബദ്ധതയും കൊണ്ട്പൗരോഹിത്യം അങ്ങ് ആനന്ദമാക്കി ” എഫ് ബിയിൽ കവർ ഫോട്ടൊയായി അച്ചനിട്ടെക്കുന്നൊരു ചിത്രം…..
മുകളിൽ നിന്ന് ദൈവം താഴോട്ട് നോക്കി…
കനത്ത മഴയിൽ കുടകൾ പിടിച്ചിരുന്ന ജനക്കൂട്ടത്തിൽ ഒരാളുടെ കുട ഉയർന്നിരുന്നു…
അയാളുടെ മുഖം ദൈവം വ്യക്തമായി കണ്ടു. ദൈവം അയാളെ ഇങ്ങനെ വിളിച്ചു കൊണ്ട് തന്റെ അരികിലേക്ക് വിളിച്ചു….
”ഒറ്റാപ്പി….”
Rinto Payyappilly