പാച്ചോറും ചക്കപ്പഴവും
സ്കൂൾ പൂട്ടാൻ കാത്തിരിക്കുന്നത് അമ്മ വീട്ടീ ലേക്കുള്ള യാത്രക്കാണ്.പുന്നംപറമ്പിൽ നിന്ന് പൊങ്ങണം കാട്ടിലേക്കുള്ള ഒമ്പത് കീലോമീറ്റർ ദൂരം ഒരു മഹാ യാത്രയുടെ അനുഭൂതിയാണ്. ബസ്സിന്റെ സൈഡ് കമ്പി പിടിച്ച് പുറത്തേക്ക് നോക്കി പിന്നോട്ട് പായുന്ന മരങ്ങളോടും വീടുകളോടും ഉറക്കെ പാട്ടു പാടിക്കൊണ്ടുള്ള യാത്ര അവസാനിക്കുമ്പോൾ ബസ് സ്റ്റോപ്പിൽ കൂട്ടൂകാർ കാത്തു നിൽക്കുന്നുണ്ടാകും. കുഞ്ഞാച്ചു ,യൂദ, സുര, അങ്ങനെ ചെമ്മൺപാതയിലൂടെ ഞങ്ങടെ യാത്ര പാറപ്പുറം വരെ നീളും .അവിടെയാണ് മാളിയേക്കൽ അന്നമ്മ എന്ന അമ്മാമയുടെ വീട്. അവിടെ കാലങ്ങളായി സൂക്ഷിച്ചു വെച്ച പലഹാരങ്ങൾ ഞങ്ങൾക്കു മുന്നിൽ നിരക്കും. കടിച്ചാൽ പൊട്ടാത്ത ഉണ്ട .കാറി തുടങ്ങിയ അച്ചപ്പം. തണുപ്പു കേറിയ കുഴലപ്പം ,ഇവയൊക്കെ മകരത്തിലെ പെരുനാളിന്റെ ബാക്കി ടിന്നുകളിൽ അടച്ച് അട്ടത്ത് സൂക്ഷിച്ചവയുടെ ശേഷിപ്പുകളാണ്.
ഇടവേലികളില്ലാത്ത പറമ്പുകളിൽ നിന്ന് പറമ്പുകളിലേക്ക് യഥേഷ്ടം സാഞ്ചാരയോഗ്യമായ വഴികളാണ് ആ ഇടവഴിയിലെ പ്രത്യേകത.പത്തു സെന്റിലാണ് കൂടുതൽ വീടുകളും. പൊങ്ങണംകാട് വനജ നൂൽ കമ്പനിയിലെ ജീവനക്കാരാണ് ആ ഇടവഴിയിലെ ഇരുപുറം താമസക്കാർ. അതു കൊണ്ടു തന്നെ ഒരേ സാമൂഹ്യ സാമ്പത്തിക ചുറ്റുപാടുള്ളവർ.ആർക്കും ആരുടെ അടുക്കളയിലും കയറി ചെല്ലാം എന്തെങ്കിലും വേണമെങ്കിൽ തിന്നാം കുടിക്കാം. നടേ പുറത്തെ(മുന്നിലെ ) വാതിൽ ചാരിയിട്ടാലും അടുക്കള വാതിൽ എപ്പോഴും തുറന്നു കിടന്നു.
ഏപ്രിൽ മാസം തായം കളി, വട്ടു കളി, ഹോക്കി, കിളിമാസ്, കശുമാങ്ങ പറക്കൽ അങ്ങനെ തകൃതിയാണ്. വൈകുന്നേരങ്ങൾ വഴി പ്രാർത്ഥന അതിനിടയിൽ വലിയ ആഴ്ച. പെസഹ ,ദു:ഖവെള്ളി, ഈസ്റ്റർ, വിഷു ആഘോഷങ്ങൾ.
വേനൽമഴ കഴിയുമ്പോൾ മറ്റത്തെ ലില്ലികൾ മുളച്ചുപൊന്തി മെയ് മാസത്തിൽ പൂക്കൾ നിറയും. മെയ് മാസ രാത്രികൾ വണക്കമാസ പാട്ടുകൾ കൊണ്ട് നിറയും എറെ ഉച്ചത്തിൽ വീടുകളിൽ നിന്ന് ” നല്ല മാതാവേ മരിയേ “മുഴങ്ങി കേൾക്കും. ലില്ലി പൂക്കളും മുല്ല പൂക്കളും കൊണ്ട് മാതാവിന്റെ രൂപം അലങ്കരിക്കൽ സന്ധ്യക്ക് കുട്ടികളുടെ ഉത്തരവാദിത്വമാണ്.” ചൈത്തന്മാർ ഞങ്ങളെ കാത്തിടുകിൽ ചത്താലും ഞങ്ങൾക്കിഷ്ടമല്ല ” എന്ന വരികളാണ് കുട്ടികൾ ഉറക്കെ പാടുക .വരിക്കപ്ലാവിലെ ഏറ്റവും വലിയ ചക്ക അമ്മാമ സൂക്ഷിച്ചു വെക്കും. വണക്കമാസം കാലം കൂടാനുള്ളതാ എന്ന് ഇടക്കിടെ പ്ലാവിന്റെ ചോട്ടിൽ വന്ന് ചക്കയെ നോക്കി പറയും. കലാം കൂടുന്നതിത് ഒരാഴ്ച മുമ്പ് നല്ല മൂത്ത ചക്കകൾ നാരണേട്ടനെ കയറ്റി കയർ കെട്ടി ഇറക്കും. എല്ലാ വീടുകളിലും മെയ് 31 ന് വണക്കാമാസം കാലം കുടുമ്പോൾ അമ്മാമ എല്ലാ പിള്ളാരേയും വിളിച്ച് കൂട്ടി മുപ്പതാം തിയ്യതി വൈകുന്നേരം കാലം കൂടും. 31 ന് ഞങ്ങൾ തിരിച്ചു പോകും. ഒന്നാം തിയ്യതി സ്കൂൾ തുറക്കില്ലേ. അന്ന് വണക്കമാസ പ്രാർത്ഥന കഴിഞ്ഞാൽ എല്ലാവർക്കും വയറുനിറയെ വാഴയിലയിൽ പാച്ചോറും ചക്ക ചുളയും വിളമ്പും. ഈ വിഭവങ്ങളുടെ രുചിയാണ് മെയ് മാസം മുഴുവൻ വണക്കമാസം എത്തിക്കുന്നതിന്റെ പ്രചോദനം. അതിലെ ദൃഷ്ടാന്ത കഥകളാണ് ഇപ്പോഴും കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ പ്രേരകം.
എൽ .പി സ്കൂൾ കാലഘട്ടത്തിലെ ആ വണക്കമാസ ആചരണങ്ങളാണ് പിന്നീട് മറിയത്തിലേക്ക് ചേർത്തുനിർത്തിയത്. എന്റെ അമ്മേ! എന്റെ ആശയമേ! എന്ന അർത്ഥമറിയാതെ ഉരുവിട്ട ശീലിച്ച സുകൃതജപമാണ് പിന്നീട് ഇരുട്ടിൽ വെളിച്ചമായത്. പിന്നെ പിന്നെ മറിയത്തെ മുൻനിർത്തി ‘സ്ത്രൈണ ആത്മീയത ‘ എന്നൊരു ആശയത്തിലേക്ക് എത്തിച്ചതും.മറിയപുത്രനായ യേശു എന്നു ഉറക്കെ പറയാൻ ധൈര്യം തന്നതും കുട്ടിക്കാലത്തെ അർത്ഥമറിയാതെ ചെയ്തു പോന്ന വണക്കമാസാചരണം തന്നെയാണ്. ബന്ധനവിമുക്ത ധ്യാനങ്ങളൊന്നും ഇല്ലാതിരിരുന്ന അക്ക ലാത്ത് ലളിതമായ ഭക്തിയായിരുന്നു വിശ്വാസത്തെ ജീവിത ശൈലി കൊണ്ട് ആഴപ്പെടുത്തിയിരുന്നത്. എങ്ങും ആഘോഷങ്ങളും ധ്യാനകേന്ദ്രങ്ങളും നിറഞ്ഞപ്പോൾ നിഷ്കളങ്കമായ ഭക്തി നമുക്ക് അന്യമായ് തീർന്നു. ഭക്തി സ്പോൺസേഡ് പ്രോഗ്രാം ആയി മാറിയ ഈ കാലത്തും നന്മയുടെ പഴയനാട്ടു വെളിച്ചങ്ങൾ എനിക്കിപ്പോഴും വഴികാട്ടുന്നുണ്ട്.
മറിയം വ്യാകുലങ്ങളുടെ നിസ്സഹായലല്ലസ്ഥൈര്യത്തിന്റെ രാജ്ഞിയാണ്.
മെയ് മാസം മറിയത്തിന്റെ മാസമാകുമ്പോൾ – മറിയം മെയ് മാസ റാണിയാകുമ്പോൾ അത് സ്ത്രീത്വത്തിന്റെ തന്നെ ഉയിർപ്പാണ്. സൂര്യനെ ഉടയാടയാക്കി എല്ലാ സങ്കടങ്ങൾക്കും മീതെ ഒരു സ്ത്രീ ഭൂമിക്കു മുകളിൽ ഉയന്നു നിൽക്കുന്നു.നന്മ നിറഞ്ഞവളേ നിനക്കു സ്വസ്തി എന്ന്ഭൂമിയിൽ ഒരു സ്ത്രീയോടു ദൈവദൂതൻ മംഗളം പറഞ്ഞത് മറിയത്തോടാണ്. ദൈവം തന്റെ മകന് പിറക്കാൻ അവളോട് സമ്മതം ചോദിക്കുന്നു. ഒരു സ്ത്രിക്ക് അവളുടെ അഭിമാനവും സ്വകാര്യമായ അഹങ്കാരവുമാണ് മറിയം. ഈ വണക്കമാസക്കാലം മറിയത്തിന്റെ ശക്തി സ്ഥൈര്യം ഇവ ഓരോ സ്ത്രീക്കും സ്വന്തമാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
റോസി തമ്പി.