ഒരു ഡിഗ്രി വിദ്യാർത്ഥിനിയുടെ
പരിഭവങ്ങൾ ഇപ്രകാരമായിരുന്നു.
“അച്ചാ, വീട് ഒരു ജയിലായി മാറിയിരിക്കുകയാണ്.
അപ്പയും അമ്മയും ആ ജയിലിലെ വാർഡന്മാരും.
കോളേജിൽ പോകാൻ കഴിയാതെ ഞങ്ങളെ പോലുള്ളവർ അനുഭവിക്കുന്ന മാനസിക വ്യഥ മാതാപിതാക്കൾക്ക് പലപ്പോഴും മനസിലാകുന്നില്ല. എന്നെ എപ്പോഴും സംശയത്തോടെയാണ് അവർ വീക്ഷിക്കുന്നത്.
ആരെങ്കിലുമായി ഫോണിൽ സംസാരിച്ചാൽ ഉടൻ അവർക്ക് തെറ്റിദ്ധാരണയാണ്. സത്യമായിട്ടും തെറ്റിൻ്റെ വഴിയേ ഞാൻ പോയിട്ടില്ല. രാത്രി പത്തുമണി കഴിഞ്ഞാൽ അവർ ഫോൺ വാങ്ങി വയ്ക്കും. എൻ്റെ ഫ്രൻണ്ട്സ് പലരും ആ സമയത്ത് ഓൺലൈനിൽ വരും. എന്തായാലും അവരുമായുള്ള ചാറ്റിങ്ങ് എനിക്ക് നഷ്ടമായി.
മാതാപിതാക്കൾ എൻ്റെ ചില സഹപാഠികളുടെ നന്മകൾ പറയുന്നതു കേൾക്കുമ്പോൾ എനിക്ക് ചിരി വരും.
അവർ നല്ലവരെന്നു പറയുന്ന എത്ര പേർക്ക് തെറ്റായ ബന്ധങ്ങളും ശീലങ്ങളും ഉണ്ടെന്ന് എനിക്കല്ലേ അറിയൂ…..
മടുത്തു…
ഇനിയും കോളേജ് തുറന്നില്ലേൽ ചിലപ്പോൾ എൻ്റെ മനോനില തെറ്റും. ജൂലൈ മാസം പരീക്ഷയുണ്ടെന്നാണറിയുന്നത്. ശരിക്കും ശ്രദ്ധിച്ച് പഠിക്കാനും കഴിയുന്നില്ല…”
അവളെ ശ്രവിച്ച ശേഷം
ഞാനവളോട് പറഞ്ഞു:
“നിന്നെപ്പോലെ തന്നെ മാനസിക പിരിമുറുക്കത്തിലൂടെയാണ് മാതാപിതാക്കളും കടന്നുപോകുന്നതെന്ന് മനസിലാക്കുക.
അവർ പറയുന്നത് കേട്ട് ഇറിറ്റേറ്റഡ് ആകാതെ അതിലെ നന്മ ഉൾക്കൊള്ളാൻ ശ്രമിക്കുക. നിൻ്റെ ഭാവികണ്ട് നന്നായി പഠിക്കാനും ശ്രമിക്കുക. അല്ലെങ്കിൽ നിനക്ക് തന്നെയാണ് നഷ്ടം.
പലയിടങ്ങളിൽ നിന്നും മാതാപിതാക്കൾ കേൾക്കുന്ന വാർത്തകൾ അത്ര നല്ലതല്ലല്ലോ? അതുകൊണ്ടാണ് രാത്രി പത്തുമണിക്ക് ശേഷം അവർ ഫോൺ വാങ്ങി വയ്ക്കുന്നത്”
“അച്ചൻ പറഞ്ഞത് ശരിയാണ്.
എന്നാൽ അവ പ്രായോഗികമാക്കാൻ ഏറെ ബുദ്ധിമുട്ടുണ്ട്. എങ്കിലും ഞാൻ ശ്രമിക്കാം.”
ഞാനവളോടു പറഞ്ഞു:
“ദൈവകൃപയുണ്ടെങ്കിൽ നിനക്ക് എല്ലാം സാധ്യമാകും. ഈശോയുടെ
ആ വചനം ഓർക്കുക: പിതാവിനാൽ ആകർഷിക്കപ്പെടാതെ ഒരുവനും എൻ്റെ അടുക്കലേക്ക് വരാൻ കഴിയില്ല
(യോഹ 6:44). അതുകൊണ്ട് ദൈവകൃപ വന്നു നിറയുമ്പോൾ എല്ലാം ശരിയാകും. പ്രാർത്ഥനയും പരിശ്രമവും തുടരട്ടെ.
ഞാനും പ്രാർത്ഥിക്കാം.”
ഏതാനും ദിവസങ്ങൾക്കു ശേഷം അവൾ വീണ്ടും വിളിച്ചു:
“അച്ചാ, ഇപ്പോൾ ഞാൻ ബെറ്റർ ആയി. കുറേയൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ എനിക്ക് കഴിയുന്നുണ്ട്. എങ്കിലും ഇനിയും ഏറെ മാറാനുണ്ട്. എൻ്റെ മാതാപിതാക്കളോടും അച്ചനൊന്ന് സംസാരിക്കണം.”
”അടുത്തയാഴ്ച സംസാരിക്കാം”
എന്ന് പറഞ്ഞ്
ഞാൻ ഫോൺ വച്ചു.
ജീവിതത്തിൽ അപ്രതീക്ഷിതമായ സംഘർഷങ്ങളിലൂടെയാണ് മാതാപിതാക്കളും മക്കളുമെല്ലാം ഇപ്പോൾ കടന്നു പോകുന്നത്.
പരസ്പരം മനസിലാക്കാൻ ഇരുകൂട്ടരും പലപ്പോഴും പരാജയപ്പെടുന്നു.
പ്രതിസന്ധികളെ വികാരപരമായി സമീപിക്കാതെ വിവേകത്തോടെ
നോക്കിക്കാണാൻ കഴിഞ്ഞെങ്കിൽ മാത്രമേ വിജയത്തിലെത്താൻ സാധിക്കൂ.
അതിന് ദൈവകൃപയും അന്ത്യന്താപേക്ഷിതമാണ്.
ഫാദർ ജെൻസൺ ലാസലെറ്റ്