വിതുമ്പിക്കൊണ്ടാണ് സിസ്റ്റർ അനുപമയടക്കമുള്ള ഇരക്ക് വേണ്ടി പോരാടിയ കന്യാസ്ത്രീകൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇന്നത്തെ കോടതി വിധിയിൽ വിശ്വസിക്കുന്നില്ലെന്നും അവർ പറഞ്ഞു.
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന (Nun rape case) ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കേസിൽ ജുഡീഷ്യറിയിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ഇരായായ കന്യാസ്ത്രീക്ക് വേണ്ടി പോരാടിയ കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. ഞങ്ങടെ സിസ്റ്റർക്ക് നീതി കിട്ടുവരെ പോരാട്ടം തുടരുമെന്നും വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നും സിസ്റ്റർ അനുപമ അടക്കമുള്ളവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരക്ക് വേണ്ടി പോരാടിയ സിസ്റ്റർ അനുപമയടക്കമുള്ള കന്യാസ്ത്രീകൾ വിതുമ്പിക്കൊണ്ടാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ ഇന്നത്തെ കോടതി വിധിയിൽ വിശ്വസിക്കുന്നില്ലെന്നും അവർ പറഞ്ഞു.
‘പണത്തിന്റെ സ്വാധീനത്തിന്റെയും ഫലമാണ് വിധി. പണവും സ്വാധീനവുമുള്ളവർക്ക് എല്ലാം നടക്കുമെന്നതാണ് വിധിയിൽ നിന്ന് മനസിലാകുന്നത്. ഫ്രാങ്കോ മുളക്കലിന് പണവും സ്വാധീനിക്കാനാളുമുണ്ട്. പൊലീസും പ്രോസിക്യൂഷനും ഞങ്ങൾക്ക് ഒപ്പം നിന്നെങ്കിലും കോടതിയിൽ നിന്നും നീതി ലഭിച്ചില്ല. അന്വേഷണ സംഘത്തിൽ ഇന്നും ഞങ്ങൾക്ക് വിശ്വാസമുണ്ട്. എവിടെയാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്ന് അറിയില്ല. മരിക്കാനും തയ്യാറായാണ് മഠത്തിൽ കഴിയുന്നത്. കേസിൽ തീർച്ചയായും അപ്പീൽ പോകുമെന്നും മഠത്തിൽ നിന്ന് തന്നെ പോരാട്ടം തുടരും കന്യാസ്ത്രീകൾ ആവർത്തിച്ചു. സഭക്കുള്ളിൽ നിന്നും പിന്തുണയില്ലെങ്കിലും പുറത്ത് നിന്നും ജനപിന്തുണയുണ്ട്. ഇതുവരെ പോരാട്ടത്തിൽ തങ്ങൾക്കൊപ്പം നിന്നവർക്ക് നന്ദിയറിയിച്ച സിസ്റ്റർ അനുപമ വിതുമ്പിക്കൊണ്ടാണ് സംസാരിച്ചത്.
അതേ സമയം, ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധി അംഗീകരിക്കാൻ സാധിക്കാത്തതെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കോട്ടയം മുൻ എസ് പി ഹരിശങ്കറും പ്രതികരിച്ചു. ആശ്ചര്യകരമായ വിധിയാണ് കോടതിയിൽ നിന്നുണ്ടായതെന്നും അപ്പീൽ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരുമായി ആലോചിച്ച് അപ്പീൽ പോകുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടറും ആവർത്തിച്ചു.
വ്യവസ്ഥാപിത സഭ സമൂഹത്തിനെതിരെ സഹപ്രവർത്തകക്ക് നീതി തേടി ദൈവത്തിന്റെ മാലാഖമാർ 13 ദിവസമാണ് തെരുവിൽ സമരമിരുന്നത്. പീഡനപരാതിയിൽ കുറവിലങ്ങാട് പൊലീസ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടും രണ്ട് മാസത്തിലധികം കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാതിരുന്നതോടെയാണ് മഠത്തിന്റെ മതിൽക്കെട്ടിന് പുറത്തേക്ക് കന്യാസ്ത്രീകളുടെ ശബ്ദം ഉയർന്നത്. സിസ്റ്റർ അനുപമയുടെ നേതൃത്വത്തിൽ അഞ്ച് പേർ സമരത്തിനിറങ്ങി. കോട്ടയത്ത് നിന്ന് കൊച്ചിയിലെ വഞ്ചി സ്ക്വയറിലേക്ക് എത്തിയായിരുന്നു സമരം. സഹപ്രവർത്തക അനുഭവിച്ച ക്രൂരപീഡനത്തിന് കാരണക്കാരനായ ബിഷപ്പിന്റെ അറസ്റ്റ് എന്നതായിരുന്നു ആവശ്യം.
സമരത്തിന്റെ പന്ത്രണ്ടാം ദിവസം ചോദ്യം ചെയ്യലിനായി ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ഹാജരായി. എന്ത് നടന്നാലും ബിഷപ്പിന്റെ അറസ്റ്റില്ലെങ്കിൽ സമരം പിൻവലിക്കില്ലെന്ന് സമരസമിതി നിലപാടെടുത്തു. ആദ്യദിവസം നിരാശയായിരുന്നു ഫലം. രണ്ടാം ദിവസം ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുണ്ടാകുമെന്ന സൂചനകൾ ശക്തമായി. പൊലീസിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനുള്ള കാത്തിരിപ്പ് തുടർന്നു. ഒടുവിൽ അറസ്റ്റിൽ സ്ഥിരീകരണം എത്തി. എന്നാൽ കോടതിയിൽ നിന്നും ഫ്രാങ്കോ മുളക്കൽ കുറ്റവിമുക്തനാകുകയായിരുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ
കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. ആഴ്ചകൾ നീണ്ട കന്യാസ്ത്രീകളുടെ തെരുവിലിറങ്ങിയുള്ള ചരിത്രസമരം, 105 ദിവസത്തെ വിസ്താരം, എല്ലാറ്റിനുമൊടുവിൽ വിധി.
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.
വിധി കേൾക്കാൻ കോടതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു.