ദൈവമക്കളായ നാം ഭൂമിയിൽ ദൈവത്തിന്റെ സ്ഥാനപതികളാണ്. ഈശോയെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും ഈശോ ആരാണെന്ന ചോദ്യത്തിന് മറ്റുള്ളവരോട് ഉത്തരം പറയാൻ കടപ്പെട്ടിരിക്കുന്നു.

ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഈശോ പലപ്പോഴും നമുക്ക് ഒരു സുഹൃത്തും സഹായിയും സംരക്ഷകനും പരിപാലകനും ഒക്കെ ആയി അനുഭവപ്പെടാറുണ്ട്. ആ വിധത്തിലെല്ലാം ഈശോയോടിഴപഴകാൻ അവിടുന്ന് നമ്മെ അനുവദിക്കുന്നുമുണ്ട്. ഭൂമിയിൽ ഇന്ന് പല വ്യക്തികളും ഈശോയെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പല വ്യക്തികളും ഈശോയെ തിരിച്ചറിയുന്നത് നമ്മളുടെ സ്വഭാവ ഗുണങ്ങളിലൂടെയും, പ്രവർത്തികളിലൂടെയുമാണ്.

സർവതും സൃഷ്ടിക്കുകയും പരിപാലിക്കുകയും ദൈവത്തിന്റെ ഏകജാതൻ ഭൂമിയിൽ അവതരിച്ചത് രാജാവായിട്ടല്ല. മറിച്ചു, മറ്റുള്ളവർക്ക് വേണ്ടി മേശയും കസേരയും പണിയുന്ന ഒരു ആശാരി ആയിട്ടാണ്. ദാരിദ്ര്യത്തിൽ ജനിച്ച് അദ്ധ്വാനിച്ച് ജീവിച്ചതിലൂടെ സേവനത്തിന്റെ മഹാത്മ്യം എന്താണെന്നു ഈശോ നമുക്ക് കാണിച്ചുതരുന്നു. അധികാരവും പദവിയുമൊക്കെ മറ്റുള്ളവരെ ചൂഷണം ചെയ്യാനല്ല, മറിച്ച് തന്റെ കീഴിലുള്ളവരെ സഹായിക്കുന്നതിനും അവർക്ക് സേവനം ചെയ്യുന്നതിനുമാണെന്ന് യേശു തിരുവചനത്തിലൂടെ ഓർമ്മിപ്പിക്കുന്നു. മർദ്ദിതർക്കു നീതി നടത്തികൊടുക്കുകയും, വിശക്കുന്നവർക്ക് ആഹാരം നൽകുകയും, ബന്ധിതരെ മോചിപ്പിക്കുകയും, അന്ധരുടെ കണ്ണു തുറക്കുകയും, നിലംപറ്റിയവരെ എഴുന്നേൽപ്പിക്കുകയും, പരദേശികളെ പരിപാലിക്കുകയും, വിധവകളെയും അനാഥരെയും സംരക്ഷിക്കുകയും ചെയ്യുന്നവനാണ് കർത്താവ്‌.

സമൂഹത്തിലും, കുടുബത്തിലും, വ്യക്തി ജീവിതത്തിലും, ജോലി സ്ഥലത്തും നാം കർത്താവിന്റെ സ്ഥാനപതികൾ ആകണം. കരയുന്നവരുടെ കണ്ണുനീര് ഒപ്പാനും, ഹൃദയം തകർന്നവരെ ചേർത്തുപിടിക്കാനും നാം ഓരോരുത്തർക്കും സാധിക്കണം. നമ്മളുടെ ചിന്തകളും, പ്രവർത്തികളും, സംസാരങ്ങളും, വചനം വായിക്കാത്ത വ്യക്തികൾക്ക് വചനമായി മാറണം. വചനം വായിച്ചാൽ മാത്രം പോരാ, പ്രവർത്തികളും വചനത്തിന് അടിസ്ഥാനമായി രൂപപ്പെടുത്തണം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ

നിങ്ങൾ വിട്ടുപോയത്