തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ 45 ന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിത്തുടങ്ങും. ദിവസം 2.50 ലക്ഷം ആള്‍ക്കാര്‍ക്ക് എന്ന തോതില്‍ 45 ദിവസം കൊണ്ട് വാക്‌സിനേഷന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഇതിനായി കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കുന്നതാണ്. കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറി വി.പി ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം വിലയിരുത്തി.

വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി വാക്‌സിന്‍ സ്വീകരിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്ന് ആരോഗ്യവകുപ്പ് അഭ്യര്‍ത്ഥിച്ചു. 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും ലഭ്യമാകുന്ന ആദ്യ അവസരത്തില്‍ തന്നെ വാക്‌സിന്‍ സ്വീകരിച്ച്‌ സുരക്ഷിതരാകണം.
കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം കൊവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസായി എടുത്തിട്ടുള്ളവര്‍ രണ്ടാം ഡോസ് ആദ്യ ഡോസ് എടുത്ത് കഴിഞ്ഞ് 42 ദിവസം മുതല്‍ 56 ദിവസത്തിനുള്ളില്‍ എടുക്കണം. കൊവാക്‌സിന്‍ ആദ്യ ഡോസായി എടുത്തിട്ടുള്ളവര്‍, ആദ്യഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസ് സ്വീകരിക്കണം.