തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അര്‍ധരാത്രിമുതല്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍,മലപ്പുറം ജില്ലകളിലാണ് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മറ്റു പത്ത് ജില്ലകളില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകള്‍ പൂര്‍ണമായും അടച്ചിടും. കണ്ടെയ്ന്മെന്റ് സോണുകളില്‍ നിന്ന് പുറത്തേക്കും അകത്തേക്കും ഒരു വഴി മാത്രം.
മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്ബുകള്‍ എന്നിവ തുറക്കും. പാല്, പത്രം എന്നിവ രാവിലെ ആറിന് മുന്‍പ് വീടുകളില്‍ എത്തിക്കണം. വീട്ടുജോലിക്കാര്‍, ഹോംനഴ്സ്, പ്ലംബര്‍, ഇലക്ട്രീഷന്‍ തുടങ്ങിയവര്‍ക്ക് ഓണ്‍ലൈന്‍ പാസ് വാങ്ങി യാത്ര ചെയ്യാം. വിമാന, ട്രെയിന്‍ യാത്രക്കാര്‍ക്ക് യാത്രാനുമതിയുണ്ട്. ബേക്കറി, പലവ്യജ്ഞന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കും.
ആള്‍ക്കൂട്ടമുണ്ടാകുന്നത് കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ച് ആകാശ നിരീക്ഷണവും നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ക്വാറന്റൈന് ലംഘിക്കുന്നത് കണ്ടെത്താന്‍ ജിയോ ഫെന്‍സിങ് സാങ്കേതി വിദ്യയും ഉപേയോഗിക്കും.
ക്വാറന്റൈന് ലംഘിക്കുന്നവര്‍ക്കും സഹായം ചെയ്യുന്നവര്‍ക്കെതിരെയും ശക്തമയ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.പതിനായിരം പൊലീസുകാരെയാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളില്‍ നിരീക്ഷണത്തിന് നിയോഗിക്കുക. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് വാര്‍ഡ് സമിതികള്‍ ഭക്ഷണം നല്‍കും. ഇതിനായി കമ്യൂണിറ്റി കിച്ചന് ജനകീയ ഹോട്ടലുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കും.
ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഒന്നുവരെ മാത്രം പ്രവര്‍ത്തിക്കും. അത്യാവശ്യം ജീവനക്കാര്‍മാത്രമാകും ഉണ്ടാകുക. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളുടെ അതിര്‍ത്തി അടയ്ക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.