ജീവിത തോണിയിലേക്ക് ആഞ്ഞടിച്ച കൊടുങ്കാറ്റിനെ തൻ്റെ ദൈവ വിശ്വാസത്താൽ അതിജീവിച്ച, ഒരു കപ്യാരുടെ ജീവിതകഥ:
ആദ്യം തന്നെ എൻ്റെ പ്രവാസ ജീവിതത്തിൽ നിന്നുള്ള തിരിച്ചുവരവിനെക്കുറിച്ച് ഒരു ചെറു വിവരണം എഴുതിയാലെ ഈ ജീവിതാനുഭവം കുറിക്കാൻ എനിക്ക് ഒരു എൻട്രി ലഭിക്കത്തൊള്ളൂ… സോറി ട്ടോ…

ഏകദേശം 14 വർഷത്തെ പരദേശവാസത്തിന് (ഇറ്റലിയിലെ) ശേഷം 2023 മെയ് മാസത്തിലാണ് ഞാൻ കേരളത്തിലേയ്ക്ക് ട്രാൻസ്ഫർ ആയി തിരിച്ചെത്തിയത്. തലശ്ശേരി അതിരൂപതയുടെ കീഴിൽ ചീക്കാട് ഇടവകയായിരുന്നു എൻ്റെ പുതിയ സേവനമേഖല. കണ്ണൂർ ജില്ലയിലേയ്ക്കാണ് ട്രാൻസ്ഫർ എന്ന് കേട്ടതേ എൻ്റെ പ്രിയപ്പെട്ടവർക്ക് വലിയ ഭയമായി, കാരണം പണ്ടൊക്കെ കേട്ടിരുന്ന ബോംബ് സ്ഫോടനങ്ങൾ ആണ് കണ്ണൂർ എന്ന് കേൾക്കുമ്പോൾ അവരുടെ ഓർമ്മയിലേക്ക് ഓടി എത്തിയത്… എന്നാൽ എൻ്റെ ഉൾഭയം മറ്റൊന്നായിരുന്നു: ചീക്കാട് ശരിക്കും കർണാടകയുടെ അതിർത്തിയിൽ ഉള്ള ഒരു കൊച്ചു ഗ്രാമമാണ്. അതും നിഷ്കളങ്കരായ വിശ്വാസികളുള്ള സ്ഥലം. ഒത്തിരിക്കാലം യൂറോപ്പിൽ ജീവിച്ചിട്ട് ചീക്കാട് പോലുള്ള ഒരു ഗ്രാമത്തിൽ ചെന്ന് ഞാൻ എന്തെല്ലാം പുകിൽ ഒപ്പിക്കും എന്നുള്ളതായിരുന്നു എൻ്റെ ഭയം… കാരണം ഇടുക്കിയിൽ ഞങ്ങൾ നിഷ്കളങ്കമായി ഉപയോഗിക്കാറുള്ള ചില വാക്കുകൾ കണ്ണൂർ ജില്ലയിൽ സംസ്കാര ശൂന്യമായ പദങ്ങളായിരുന്നു…
അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമാണെന്നാണല്ലോ ദൈവവചനത്തിൽ പറയുന്നത്. അതുകൊണ്ട് രണ്ടും കല്പിച്ച് ചീക്കാട് ലക്ഷ്യമാക്കി യാത്രതിരിച്ചു. ചീക്കാടുപള്ളി ഉണ്ണീശോയുടെ ഒരു തീർത്ഥാടന ദൈവാലയം ആയിരുന്നതിനാൽ ഒത്തിരി തീർത്ഥാടകർ എത്തിചേരുന്ന ഒരു സ്ഥലമായിരുന്നു. എൻ്റെ പ്രിയപ്പെട്ടവർ ഭയന്നതുപോലുള്ള ഒരു സ്ഥലമായിരുന്നില്ല, ഒത്തിരി നല്ല ആൾക്കാരായിരുന്നു. ചെറുപ്പം മുതലേ ഉണ്ണീശോയോട് വലിയ ഭക്തിയുണ്ടായിരുന്ന ഞാൻ വളരെ പെട്ടെന്ന് തന്നെ പുതിയ സ്ഥലവുമായി ഇഴുകിചേർന്നു. എങ്കിലും എൻ്റെ ഇറ്റാലിയൻ ചുവയുള്ള മലയാളവും പിന്നെ ചില ഇടുക്കി ശൈലിയിലുള്ള നാടൻ വാക്കുകളും നാട്ടുകാർക്ക് ചിരിക്കാൻ വകയുണ്ടാക്കിക്കൊടുത്തു.
135 വീട്ടുകാർ മാത്രമുള്ള ആ കൊച്ച് ഇടവകയിലെ എല്ലാ വീടുകളും വികാരിയച്ചനും മറ്റ് സിസ്റ്റേഴ്സിനും ഒപ്പം ഒറ്റമാസത്തിനുള്ളിൽ കയറിയിറങ്ങി. സ്പോർട്സുകാരി ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല, 20 വർഷത്തിന് ശേഷം, ആദ്യമായാണ് ഇതുപോലത്തെ കുന്നുകളും താഴ്‌വരകളും ഞാൻ താണ്ടുന്നത്. അല്പം ആരോഗ്യ പ്രശ്നം ഉണ്ടായിരുന്നതിനാൽ ഒരു തരത്തിൽ ഏന്തി വലിഞ്ഞാണ് ആ കുന്നുകൾ കയറി ഇറങ്ങിയതെങ്കിലും ആ ഇടവകയിലെ എല്ലാവരെയും വ്യക്തിപരമായി പരിചയപ്പെടാനും ഓരോ കുടുംബങ്ങളുടെയും അവസ്ഥ നേരിട്ട് മനസ്സിലാക്കാനും സാധിച്ചത് വളരെ നല്ല ഒരു അനുഭവമായിരുന്നു… അങ്ങനെ നടത്തിയ ഭവന സന്ദർശനത്തിനിടയിൽ ആണ് ചീക്കാട് ഉണ്ണീശോ പള്ളിയിലെ പഴയ കപ്യാർ ആയിരുന്ന ജോസഫ് വടക്കേമുറിയുടെ വീട്ടിൽ എത്തുന്നതും അദ്ദേഹത്തിൻ്റെ ജീവിതാവസ്ഥ അടുത്തറിയുന്നതും. നാട്ടുകാർ സ്നേഹപൂർവ്വം ഔസേപ്പച്ചൻ ചേട്ടൻ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. തലശ്ശേരി അതിരൂപതയിലെ ഏറ്റവും നല്ല കപ്യാർ എന്ന പേരെടുത്ത ഔസേപ്പച്ചൻ ചേട്ടൻ 18 വർഷത്തോളം ചീക്കാട് ഉണ്ണീശോ പള്ളിയിൽ ആത്മാർപ്പണത്തോടെ സേവനം ചെയ്തു. 2020 ൽ തലശ്ശേരി അതിരൂപതയിലെ ഏറ്റവും നല്ല കപ്യാർ എന്ന ബഹുമതി സ്വീകരിക്കാൻ ഒരുങ്ങി ഇരിക്കുമ്പോൾ ആണ് കൊറോണ എന്ന മഹാമാരി വില്ലൻ്റെ വേഷത്തിൽ കടന്നുവന്നത്. രൗദ്രഭാവത്തോടെ തന്നെ കീഴടക്കാൻ ശ്രമിച്ച കൊറോണയെ ഔസേപ്പച്ചൻ ചേട്ടൻ ഉണ്ണീശോയുടെ കരങ്ങളിൽ അള്ളിപിടിച്ച് തൻ്റെ മനോബലത്താൽ കീഴടക്കി.
നല്ലൊരു കർഷകൻ കൂടിയായ ഔസേപ്പച്ചൻ ചേട്ടൻ പിന്നീടങ്ങോട്ട് നാളുകളായി തൻ്റെയുള്ളിൽ സ്വരുക്കൂട്ടിയ ഒരു പുതിയ ഭവനം ഉണ്ടാക്കണം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള പരക്കംപാച്ചിലിലായിരുന്നു… 2022 ഫെബ്രുവരി മാസം ആയപ്പോൾ, പുതിയ ഭവനത്തിൻ്റെ പണികൾ ഒക്കെ ഏകദേശം തീരാറായി, ഈസ്റ്ററിന് ശേഷം പുതിയ വീടിൻ്റെ വെഞ്ചിരിപ്പും ആർമിയിലുള്ള ഇളയ മകൻ ജെറിൻ്റെ വിവാഹവും ഒരുമിച്ച് നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. പക്ഷെ അപ്രതീക്ഷിതമായി പ്രതിസന്ധികളുടെ കൊടുങ്കാറ്റ് ഔസേപ്പച്ചൻ ചേട്ടൻ്റെ ജീവിതത്തിലേക്ക് ആഞ്ഞടിച്ചു. കഠിനാധ്വാനിയായിരുന്ന അദ്ദേഹം അടയ്ക്കാ പറിക്കുന്നതിനിടയിൽ കമുകിൽ നിന്ന് കാലിടറി താഴെ വീണു. ആ വീഴ്ചയിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം അരയ്ക്ക് കീഴ്പോട്ട് തളർന്ന് കിടപ്പിലായി. അവധിക്ക് ശേഷം വിദേശത്തേയ്ക്ക് തിരിച്ചുപോകേണ്ടിയിരുന്ന മൂത്ത മകൻ റോബിൻ തൻ്റെ ജോലി ഉപേക്ഷിച്ച് അപ്പനെ ശുശ്രൂഷിക്കാൻ ആശുപത്രികൾ കയറി ഇറങ്ങി…
ജാതിമത ഭേദമെന്യേ നാട്ടുകാർ എല്ലാവരും വിലമതിച്ചിരുന്ന തങ്ങളുടെ സ്വന്തം കപ്യാരുടെ ജീവിതത്തിൽ ഉണ്ടായ ഈ ദുരന്തത്തിൽ അകമേയും പുറമേയും പലരും ദൈവത്തെ പഴിച്ചുവെങ്കിലും ഒരു വാക്കുകൊണ്ടു പോലും ദൈവത്തെ പഴിക്കുകയോ, അല്ലെങ്കിൽ ചോദ്യം ചെയ്യുകയോ ചെയ്യാൻ ഔസേപ്പച്ചൻ ചേട്ടൻ തുനിയാത്തതാണ് അദ്ദേഹത്തിൻ്റെ ദൈവത്തിലുള്ള ഉറച്ച വിശ്വാസത്തിൻ്റെ മാറ്റ് കൂട്ടുന്നത്. ശരീരവും മനസ്സും തളർന്ന് കിടക്കുന്ന അവസ്ഥയിലും വീണ്ടും കഷ്ടകാലം അദ്ദേഹത്തിൻ്റെ ജീവിതത്തെ തല്ലിച്ചതച്ച് തരിപ്പണം ആക്കാൻ പരിശ്രമിച്ചു എങ്കിലും ആ പരീക്ഷണങ്ങളെ എല്ലാം തന്റെ പേരിൻ്റെ മധ്യസ്ഥനായ വി. യൗസേപ്പിതാവിൻ്റെ സമചിത്തതയോടെയും ക്ഷമയോടെയും ദൈവാശ്രയ ബോധത്തോടെയും അദ്ദേഹം നേരിട്ടു കൊണ്ടിരിക്കുന്നു. തൻ്റെ പ്രിയതമൻ്റെ ദുരന്തയാത്രയിൽ രോഗിണിയായ പ്രിയതമ ആദ്യം ഒന്ന് അടിപതറിയെങ്കിലും പിന്നീട് ഭർത്താവ് പകർന്നു നൽകിയ അചഞ്ചലമായ വിശ്വാസവും ശാന്തതയും മോളി ചേച്ചിയെ കൂടുതൽ ശക്തിപ്പെടുത്തി. ശരീരത്തിനും മനസ്സിനുമേറ്റ സ്വന്തം വേദനകൾ മറന്ന് മോളി ചേച്ചിയും തൻ്റെ പ്രിയതമനോട് ചേർന്നു നിന്ന് അദ്ദേഹത്തെ ശുശ്രൂഷിച്ചു കൊണ്ടിരിക്കുന്നു.
സത്യത്തിൽ പഴയ നിയമത്തിലെ ജോബിൻ്റെ അതേ സാഹചര്യങ്ങളിൽ കൂടിയാണ് അടിയുറച്ച ദൈവവിശ്വാസിയായ ഈ കപ്യാർ കടന്നു പോകുന്നത്. ചലനമറ്റ ശരീരവുമായി കിടക്കയിൽ ആയിരിക്കുമ്പോഴും ഔസേപ്പച്ചൻ ചേട്ടൻ്റെ ഹൃദയം സ്പന്ദിച്ചിരുന്നത് വിശുദ്ധ കുർബാനയ്ക്കുവേണ്ടി ആയിരുന്നു. അദ്ദേഹത്തിൻ്റെയും മറ്റനവധി ആൾക്കാരുടെയും പ്രാർത്ഥനയുടെയും അതുപോലെ നിരവധി ചികിത്സകളുടെയും ഫലമായി ഒന്നരവർഷം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് പരസഹായത്താൽ വീൽചെയറിൽ ഇരിക്കാറായി. ഒരു ദിവസം പുതിയ വികാരി ജോമിഷ് നൂറന്മാക്കലച്ചൻ്റെ നിർദ്ദേശപ്രകാരം സി. ലിസ് മരിയായും ഞാനും കൂടി ഔസേപ്പച്ചൻ ചേട്ടൻ്റെ ഭവനത്തിലേയ്ക്ക് കടന്നു ചെന്ന് അദ്ദേഹത്തെ കൊന്ത കെട്ടാൻ പഠിപ്പിച്ചു. വളരെ പെട്ടെന്ന് തന്നെ കൊന്ത കെട്ടാൻ പഠിച്ച അദ്ദേഹം ഇന്ന് നൂറുകണക്കിന് കൊന്തകൾ അനേകായിരങ്ങളുടെ രക്ഷയ്ക്ക് വേണ്ടി നിയോഗങ്ങൾ ചേർത്തുവച്ച് പ്രാർത്ഥിച്ചുകൊണ്ട് ഉണ്ടാക്കുന്നു. നാളുകൾ ചലനമറ്റിരുന്ന ശരീരത്തിൽ ജീവൻ്റെ തുടിപ്പുകൾ സ്പന്ദിച്ചു തുടങ്ങി. അതിൻ്റെ ഫലമായി കഠിനമായ വേദന സഹിച്ചുകൊണ്ടാണ് അദ്ദേഹം കൊന്ത കെട്ടി ആത്മാക്കളെ രക്ഷിക്കണം എന്ന പുതിയ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഈ കൊന്തകൾ എല്ലാം തീർത്ഥാടകർക്ക് വേണ്ടിയുള്ള ഇടവകയുടെ സ്റ്റാളിൽ കൊണ്ടുവച്ച് വിൽക്കുമ്പോൾ അദ്ദേഹത്തിന് ചെറിയ ഒരു വരുമാനവും ലഭ്യമാകുന്നു.
18 വർഷക്കാലം ഉണ്ണീശോയുടെ ദേവാലയത്തിലേക്ക് കടന്നുവന്ന് പ്രാർത്ഥിച്ച് ഒരുങ്ങി ദിവ്യബലിക്കുള്ള കാര്യങ്ങൾ എല്ലാം അതിവിശുദ്ധിയോടെ സജ്ജീകരിച്ചിരുന്ന ഈ വിശ്വസ്തനായ കപ്യാരുടെ ജീവിതത്തിൽ നിന്ന് വിശുദ്ധ കുർബാനയോടുള്ള അഭിവാഞ്ച ഇല്ലാതാക്കാൻ ഒരു ദുരന്തത്തിനും കഴിഞ്ഞില്ലെന്നതാണ് സത്യം. വിശുദ്ധ പൗലോസ് ശ്ലീഹാ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ പറയുന്നത് പോലെ, ദൈവസ്നേഹത്തിൽ നിന്ന് ആര് തന്നെ വേർപെടുത്തും? ക്ലേശമോ ദുരിതമോ…!! ദിവ്യകാരുണ്യത്തോടുള്ള അടങ്ങാത്ത ദാഹം ഉള്ളിൽ സൂക്ഷിച്ചിരുന്ന അപ്പൻ്റെ ആഗ്രഹം മനസ്സിലാക്കിയ മകൻ റോബിനും ഭാര്യയും അദ്ദേഹത്തിൻ്റെ പഴയ സ്കൂട്ടർ അദ്ദേഹത്തിന് യാത്ര ചെയ്യാവുന്ന തരത്തിൽ മോഡിഫൈ ചെയ്യിപ്പിച്ചു കൊടുത്തു.
കഴിഞ്ഞ ഒരു വർഷത്തോളമായി ഔസേപ്പച്ചൻ ചേട്ടൻ മഴയില്ലാത്ത എല്ലാ ദിവസവും തൻ്റെ സ്കൂട്ടറിൽ ദിവ്യബലിക്കായി ഉണ്ണീശോയുടെ ആലയത്തിലേയ്ക്കു കടന്നുവരുന്നു. നിർഭാഗ്യവശാൽ ആ സ്കൂട്ടർ ദേവാലയത്തിനുള്ളിലേയ്ക്ക് കടത്താൻ സാധിക്കാത്തതിനാൽ മോണ്ടളത്തിൽ ഇരുന്ന് അദ്ദേഹം ദിവ്യബലിയിൽ പങ്കെടുക്കുകയും ദിവ്യകാരുണ്യ സ്വീകരണ സമയത്ത് വികാരിയച്ചൻ അദ്ദേഹത്തിനടുത്തേക്ക് ഇറങ്ങി ചെന്ന് വിശുദ്ധ കുർബാന കൊടുക്കുകയും ചെയ്യുന്നു. മഴയുള്ള ദിവസങ്ങളിൽ വീട്ടിൽ നിന്ന് മെയിൻ റോഡിലേക്ക് സ്കൂട്ടർ ഇറക്കാൻ ഉള്ള ബുദ്ധിമുട്ട് മൂലം അദ്ദേഹത്തിന് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കത്തില്ല. വിശുദ്ധ കുർബാന സ്വീകരിക്കാൻ പറ്റാത്ത ദിവസങ്ങളിലെല്ലാം ജീവശ്വാസത്തിനുവേണ്ടി കരയിൽ കിടന്ന് പിടയുന്ന ഒരു മത്സ്യത്തിൻ്റെ അതേ അവസ്ഥയാണ് ഔസേപ്പച്ചൻ ചേട്ടൻ്റെ ഹൃദയവും.
കിടക്കയിൽ നിന്ന് എന്നെ ഇത്രയും വഴി നടത്തിയ ഉണ്ണീശോ, എനിക്ക് പൂർണ്ണസൗഖ്യം നൽകും എന്ന പ്രത്യാശയാണ് അദ്ദേഹത്തെ ഇന്ന് കൂടുതൽ ശക്തിപ്പെടുത്തുന്നത്. ചീക്കാടുകാരുടെ മാത്രമല്ല ഉണ്ണീശോയുടെ അനുഗ്രഹം തേടി വന്നുകൊണ്ടിരിക്കുന്ന അനേകായിരം വിശ്വാസികൾക്കും പ്രിയങ്കരനായ കപ്യാരുടെ ദൈവവിശ്വാസവും ആത്മധൈര്യവും ഇന്ന് അനേകർക്ക് ദൈവത്തിലേയ്ക്ക് തിരികെ നടക്കാൻ പ്രചോദനം നൽകുന്നുണ്ട്.
മനസ്സും ശരീരവും ബലമുള്ളവരായിരുന്നിട്ടും നിരുത്സാഹത്തിന്റെയും ഒപ്പം കാലം സമ്മാനിച്ച നിസ്സംഗതയുടെയും ഫലമായി വിശുദ്ധ കുർബാനയെ സ്നേഹിക്കുകയോ വിലകല്പിക്കുകയോ ചെയ്യാത്ത അനേകായിരങ്ങൾക്ക് ഈ കപ്യാരുടെ ജീവിത മാതൃക ഒരു പ്രചോദനം ആകട്ടെ, പ്രത്യേകിച്ച് ദിവ്യരക്ഷകന്റെ ജനന തിരുനാളിനായി ഏറ്റവും അടുത്തൊരുങ്ങുന്ന ഈ ദിവസങ്ങളിൽ തണുത്തുറഞ്ഞ മനസ്സുകളെ ദൈവസ്നേഹത്താൽ ജ്വലിപ്പിക്കട്ടെ എന്ന ആശംസകളോടെ…
സ്നേഹപൂർവ്വം,

സി. സോണിയ തെരേസ് ഡി. എസ്. ജെ.