പരിശുദ്ധ മറിയത്തിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ചുള്ള നോമ്പ് ആണിത്. സെപ്തംബർ ഒന്നു മുതൽ എട്ടു വരെയുള്ള തിയതികളിലാണ് എട്ട് നോമ്പ് അനുഷ്ടിക്കുന്നത്. പരിശുദ്ധ അമ്മയോടുള്ള ബഹുമാനവും, ഭക്തിയും, വണക്കവും വർദ്ധിപ്പിക്കാൻ സുറിയാനി ക്രൈസ്തവർ ഈ നോമ്പ് വിശിഷ്യാ ആചരിച്ചു പോന്നു. ആദിമകാലം മുതലെ പരിശുദ്ധ മറിയത്തിന് നമ്മുടെ ആരാധനയിലും ജീവിതത്തിലും അഭേദ്യവും അതുല്യവുമായ സ്ഥാനമാണു കല്പിച്ചു നൽകിയിട്ടുള്ളത്. രക്ഷകന്റെ അമ്മയായും, സഭയുടെ മാതാവായും നിത്യകന്യകയായും നാമവളെ വാഴ്ത്തുന്നു.
എട്ടുനോമ്പിന്റെ ആരംഭത്തിനുപിന്നിൽ ഒരു ചരിത്രമുണ്ട്. ഇന്നത്തെ തലമുറ ആ സത്യം അറിയാതെ പോകരുത്.സർക്കാരും, രാഷ്ട്രീയക്കാരും, കപട മതേതരത്വം കൊട്ടിഘോഷിക്കുന്നവരും, എന്തിന് നമ്മുടെ മക്കൾ പഠിക്കുന്ന പുസ്തകങ്ങളിൽ പോലും കാമവെറിയനായ ടിപ്പുവിനെ വെളിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത്. എന്നാൽ ടിപ്പുവിൻ്റെ യഥാർത്ഥ മുഖം എന്താണ് എന്ന് സുറിയാനി ക്രിസ്ത്യാനികളായ അമ്മമാർക്ക് അറിയാം.
ടിപ്പുവിന്റെ പടയോട്ടകാലത്ത് അമുസ്ലീങ്ങളായവർ അക്രമിക്കപ്പെടുകയും അവരുടെ ആരാധനാലയങ്ങൾ കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു. മലബാർ ടിപ്പു കീഴടക്കിയപ്പോൾ ഉണ്ടായ മതമർദനം സഹിക്കാനാവാതെ ഹിന്ദുക്കളും ക്രിസ്ത്യാനികളുമായ ഒട്ടേറെപ്പേർ തിരുവിതാംകൂറിൽ അഭയം തേടി.
ടിപ്പുവിന് തിരുവിതാംകൂറിനോട് ശത്രുത ഉണ്ടാവാൻ ഇതു കാരണമായി. 1789-ൽ തിരുവിതാംകൂർ കീഴടക്കുക എന്ന ലക്ഷ്യത്തോടെ ടിപ്പു പടപ്പുറപ്പാടു നടത്തി. വിവരം അറിഞ്ഞ തിരുവിതാംകൂറിലെ സുറിയാനി ക്രിസ്ത്യാനികൾ ദൈവാലയങ്ങളിൽ ഒരുമിച്ചുകൂടുകയും ടിപ്പുവിന്റെ ആക്രമണത്തിൽനിന്നും തങ്ങളെ രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടിരുന്നു. ടിപ്പുവിന്റെ സൈന്യം; കീഴടക്കുന്ന പ്രദേശങ്ങളിലെ സ്ത്രീകളുടെ മാനം കവരുന്ന കാര്യത്തിൽ കുപ്രസിദ്ധി നേടിയിരുന്നു. കൊടുങ്ങല്ലൂർ കോട്ടയും, ആയ്ക്കോട്ടയും, ആലങ്ങാടും, പറവൂരും കീഴടക്കി മൈസൂർ സൈന്യം ആലുവാപ്പുഴ വരെ എത്തി. ഈ വിവരം അറിഞ്ഞ സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ തങ്ങളുടെ ചാരിത്ര്യം സംരക്ഷിക്കപ്പെടുന്നതിനായി പരിശുദ്ധമാതാവിന്റെ പ്രത്യേക മാധ്യസ്ഥം യാചിച്ചു കൊണ്ട് കഠിനമായി ഉപവാസം അനുഷ്ഠിക്കാൻ തുടങ്ങി. ഈ സമയത്ത് കാലവർഷം ശക്തമാവുകയും പെരിയാർ കരകവിഞ്ഞൊഴുകുകയും ചെയ്തു. ഇത് ടിപ്പുവിന്റെ സൈനികനീക്കത്തെ തടഞ്ഞു. തുടർന്ന് മടങ്ങിപ്പോയ ടിപ്പു ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടതോടെ തിരുവിതാംകൂറിലെ ക്രിസ്ത്യാനികൾക്ക് ആശ്വാസമായി.
പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥതയിൽ തങ്ങൾക്കു ലഭിച്ച പ്രത്യേക അനുഗ്രഹത്തിന്റെ സ്മരണയ്ക്കായി അന്നുമുതൽ എട്ടു നോമ്പ് അനുഷ്ടിക്കുന്നത് സുറിയാനി ക്രൈസ്തവരുടെ പതിവായിതീർന്നു. കത്തോലിക്കാ, യാക്കോബായ ഭേദമില്ലാതെ ഇന്നും സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ എട്ടു നോമ്പ് അതീവ ഭക്തി പുരസരം അനുഴ്ഠിച്ചു പോരുന്നു. സുറിയാനി ക്രൈസ്തവ സ്ത്രീകൾ ഈ നോമ്പിനു നൽകുന്ന പ്രാധാന്യം ഇതിന്റെ ചരിത്രപരതയോട് ചേർന്നു നിൽക്കുന്നു
Jose Sebastian Devasia