അനുദിനം അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളില്‍ യാതൊരുവിധ വിലക്കുകളും ഇല്ലാതെ പങ്കെടുത്ത നാളുകളില്‍ നാം അവയുടെ മഹത്വം തിരിച്ചറിഞ്ഞിരുന്നില്ല. പക്ഷേ കോവിഡും ലോക്ക ഡൗണും മൂലം ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ദേവാലയങ്ങള്‍ അടഞ്ഞുകിടക്കുകയും ബലിയര്‍പ്പണങ്ങള്‍ നിലച്ചുപോകുകയും ചെയ്തിരിക്കുന്ന ഈ കാലത്ത് നാം അവയുടെ വിലയും മഹത്വവും തിരിച്ചറിയുന്നുണ്ട്.
അറിഞ്ഞോ അറിയാതെയോ സാഹചര്യം കൊണ്ടോ നമ്മുടെയൊക്കെ ഉള്ളില്‍ നിന്ന് നഷ്ടമായിരിക്കുന്ന വിശുദ്ധ കുര്‍ബാനയോടുള്ള സ്‌നേഹത്തെ തിരിച്ചുപിടിക്കാനും ആഴമായ ബന്ധത്തിലേക്ക് വളരാനും സഹായിക്കുന്ന മനോഹരമായ ഒരു ഭക്തിഗാനമാണ് ജീവന്റെ നീര്‍ച്ചാലൊരുക്കി.
വിശുദ്ധ കുര്‍ബാനയുടെ തിരുനാളിനോട് അനുബന്ധിച്ച് പുറത്തിറങ്ങിയിരിക്കുന്ന ഈ ഗാനത്തിന്റെ രചനയും സംഗീതവും എസ് തോമസിന്റേതാണ്. സോണി ഇരിങ്ങാലക്കുടയാണ് ഗായകന്‍. ഈ ഗാനം കേട്ടാല്‍ നാം ഒരിക്കലും വിശുദ്ധ കുര്‍ബാന മുടക്കില്ല എന്നാണ് ഗാനത്തിന്റെ പിന്നണിക്കാര്‍ അവകാശപ്പെടുന്നത്. അത് ശരിയാണെന്ന് ഗാനത്തിലൂടെ ഒരുവട്ടമെങ്കിലും കടന്നുപോയിട്ടുള്ളവര്‍ തിരിച്ചറിയുന്നുമുണ്ട്. നിത്യതയോട് നമ്മെ ചേര്‍ക്കാനും ജീവനുണ്ടാകാനും സമൃദ്ധമായി അതുണ്ടാകുവാനും എന്നും ബലിയോട് ചേര്‍ന്നുനില്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഗാനമാണ് ജീവന്റെ നീര്‍ച്ചാലൊരുക്കി. ഗാനം റീലിസ് ചെയ്തിരിക്കുന്നത് കാന്‍ഡില്‍സ് ബാന്‍ഡിലൂടെ.