ഭിന്നശേഷിനിയമനവുമായി ബന്ധപ്പെട്ട്, ക്രിസ്ത്യൻ എയ്ഡഡ് മാനേജ്മെന്റുകൾക്കെതിരെ ബഹു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നടത്തുന്ന വാസ്തവ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകൾക്കുള്ള മറുപടി!

1 ) ‘ഭിന്നശേഷിക്കാരായ ആളുകൾക്ക് നിയമനം നൽകുന്നതിൽ ക്രൈസ്തമാനേജ്മെന്റുകൾ തടസം നിൽക്കുന്നു എന്നതായിരുന്നു ഈ വിഷയത്തിൽ മന്ത്രിയുടെ ആദ്യത്തെ പ്രസ്താവന. എവിടെയും ഏതുകാലത്തും ഭിന്നശേഷിക്കാരായ മനുഷ്യരെ ചേർത്തുപിടിക്കുന്നതിലും അവരെ സ്വയം പര്യാപ്തരാക്കുന്നതിനും എപ്പോഴും മുൻപന്തിയിൽ നിന്നിട്ടുള്ളവരാണ് ക്രൈസ്തവ സമൂഹം. അതുകൊണ്ടുതന്നെ അധ്യാപകനിയമന വിഷയത്തിലും ഭിന്നശേഷിക്കാരായ ആളുകൾ ജോലി നേടുന്നതിനും മുഖ്യധാരയിലേക്ക് കടന്നുവരുന്നതിനും ക്രൈസ്തവ സമൂഹത്തിനു സന്തോഷമേയുള്ളൂ. അതുകൊണ്ടുതന്നെയാണ് സർക്കാർ ഉത്തരവുപ്രകാരം 1996 -2017 കാലഘട്ടത്തിൽ നടത്തിയ നിയമനങ്ങളുടെ 3 ശതമാനവും 2018 മുതൽ നടത്തിയ നിയമനങ്ങളുടെ 4 ശതമാനവും സീറ്റുകളും ഭിന്നശേഷിക്കാർക്കായി ക്രൈസ്തവ മാനേജ്മെന്റുകൾ ഒഴിച്ചിട്ടുള്ളത്. ഇത് സത്യവാഗ്മൂലമായി സർക്കാരിന് സമർപ്പിച്ചിട്ടുള്ളതും, സർക്കാർ പോർട്ടലായ സമന്വയയിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളതുമാണ്. ഗവൺമെന്റ് നിഷ്കർഷിച്ചിരിക്കുന്ന അത്രയും ശതമാനം ഒഴിവുകൾ അവശേഷിപ്പിച്ചിട്ടാണ് ക്രിസ്ത്യൻ മാനേജ്മെന്റുകൾ മറ്റ് നിയമനങ്ങൾ നടത്തിയിട്ടുള്ളത്. ഈ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പത്രപരസ്യങ്ങൾ കൃത്യമായി നടത്തിയിട്ടും ഉണ്ട്. എന്നാൽ, ഇതിൽ പകുതിപോലും ഒഴിവുകളിൽ യോഗ്യരായ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ വിഷയത്തിൽ ഗവൺമെന്റിന്റെ സഹായവും സഹകരണവും അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. യോഗ്യരായ ഭിന്നശേഷിക്കാരെ നൽകേണ്ട ഉത്തരവാദിത്വത്തിൽനിന്നു ബഹു. മന്ത്രിക്കു എങ്ങനെയാണു ഒഴിഞ്ഞുമാറാൻ സാധിക്കുന്നത്? മാത്രമല്ല, സ്വന്തം വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെക്കൊണ്ട് പരിശോധന നടത്തിയിരുന്നെങ്കിൽ ക്രൈസ്തവ സമൂഹത്തിനെതിരായ ഇത്തരം പ്രസ്താവന ബഹു. മന്ത്രിക്കു ഒഴിവാക്കാനാകുമായിരുന്നു. ഇനി, ആരെങ്കിലും സർക്കാർ ഉത്തര് പാലിച്ചിട്ടില്ലങ്കിൽ അവർക്കെതിരെ നടപടി എടുക്കുന്നതിനു പകരം എല്ലാവരെയും ശിക്ഷിക്കുന്നത് എന്ത് നീതിയാണ്?

2 ) ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതായിരുന്നു. ശ്രീ വി. ശിവൻകുട്ടിയുടെ മറ്റൊരു ആരോപണം.
ഇത് തികച്ചും തെറ്റായ ആരോപണമാണ്, കാരണം, ഭിന്നശേഷിക്കാർക്ക് വേണ്ടി നിശ്ചയിക്കപ്പെട്ട ശതമാനം ഒഴിവുകൾ മാറ്റിവച്ചിട്ടുണ്ടെന്നും, യോഗ്യരായ ഉദ്യോഗാർത്ഥികളെ കിട്ടുന്നമുറക്ക് നിയമനങ്ങൾ നടത്താമെന്നും സത്യവാഗ്മൂലമായി സർക്കാരിന് സമർപ്പിച്ചിട്ടുള്ളതും, സർക്കാർ പോർട്ടലായ സമന്വയയിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളതുമാണ്. ഗവൺമെന്റ് നിഷ്കർഷിച്ചിരിക്കുന്ന അത്രയും ശതമാനം ഒഴിവുകൾ അവശേഷിപ്പിച്ചിട്ടാണ് ക്രിസ്ത്യൻ മാനേജ്മെന്റുകൾ മറ്റ് നിയമനങ്ങൾ നടത്തിയിട്ടുള്ളത്. ഈ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പത്രപരസ്യങ്ങളും കൃത്യമായി നടത്തിയിട്ടും ഉണ്ട്. കൂടാതെ എംപ്ലോയ്‌മെന്റ് എക്സ്ച്ചഞ്ചിലും വിദ്യാഭ്യാസ വകുപ്പിലും യോഗ്യരായ ഉദ്യോഗാർത്ഥികളെ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും ഉണ്ട്.
3 ) ക്രൈസ്തവ മാനേജ്മെന്റ്കളുടെ പ്രതിഷേധം രാഷ്ട്രീയപ്രേരിതമാണ്, ഇലക്ഷൻ അടുക്കുന്നത്കൊണ്ടുള്ള സമ്മർദ്ദതന്ത്രമാണ്, ഇത് ഭീഷണിയും സർക്കാരിനെ വിരട്ടലുമാണ് എന്ന തികച്ചും ബാലിശമായ മറ്റൊരു ആരോപണമാണ് ബഹു. മന്ത്രി പിന്നീട് നടത്തിയത്.
ഭിന്നശേഷി അധ്യാപകനിയമനവുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ എയ്ഡഡ് മേഖലയിലെ അധ്യാപകർ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് വിദ്യാഭ്യാസമന്ത്രി വേണ്ടവിധം പഠിച്ചിട്ടില്ല എന്നുള്ളത് നിരുത്തരവാദപരമായ അദ്ദേഹത്തിന്റെ ഈ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഏതൊരു ധാർമികസമരത്തെയും എല്ലാക്കാലത്തും ഭരണവർഗ്ഗം നശിപ്പിക്കാൻ ശ്രമിക്കുന്നത് ഏതെങ്കിലും ഒരു ദുരാരോപണം അതിന്മേൽ ഉന്നയിച്ചു കൊണ്ടാണ്. ഇവിടെ സമ്മർദ്ദതന്ത്രം എന്നും, വിരട്ടൽ എന്നും, രാഷ്ട്രീയപ്രേരിതമെന്നുമുള്ള ദുരാരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ബഹുമാന്യനായ വിദ്യാഭ്യാസമന്ത്രി അതിജീവനത്തിന് വേണ്ടിയുള്ള അധ്യാപക സമൂഹത്തിന്റെ ധർമ്മസമരത്തിന്റെ മുനയടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇലക്ഷന് അടുത്തപ്പോളല്ല ബഹു മന്ത്രി 2018 മുതൽ ഈ വിഷയത്തെ താങ്കളുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും, ബഹു മുഖ്യ മന്ത്രിയുടെവരെയും ശ്രദ്ധയിൽ നിരവധി തവണ കൊണ്ടുവന്നിട്ടുള്ളതാണ്. ഇത് സംബന്ധിച്ച നിവേദനങ്ങളും റിപ്പോർട്ടുകളും താങ്കളുടെ ഓഫീസിൽ നല്കിയിട്ടുള്ളതുമാണ്. അതിൽ ഒന്നുപോലും തുറന്നുനോക്കാൻ അങ്ങ് മിനക്കെട്ടിട്ടില്ല എന്ന തികഞ്ഞ ജനവിരുദ്ധതയാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതിലേക്കു അങ്ങയെ കൊണ്ടെത്തിച്ചത്. ഈ വിഷയത്തിൽ സർക്കാരിന്റെ തെറ്റിദ്ധാരണകൾ മാറ്റുന്നതിനായി ചർച്ചയ്ക്കും സഭാഷണത്തിനും ക്രിസ്ത്യൻ മാനേജ്മെന്റുകൾ സന്നദ്ധവുമാണ്.
ജനാധിപത്യ സംവിധാനത്തിൽ സമരങ്ങളും പ്രതിഷേധങ്ങളും എന്നുമുതലാണ് നിങ്ങള്ക്ക് വിരട്ടലായി തോന്നിയിട്ടുളളത്? ജനാധിപത്യ അവകാശങ്ങളും തുല്യനീതിയും ഉറപ്പാക്കാൻ സഹനസമരങ്ങൾ സാക്ഷാൽ മഹാത്മാ ഗാന്ധിജി തന്നെ പഠിപ്പിച്ച മാർഗമാണെന്നത് അങ്ങ് മറക്കരുത്. പൗരാവകാശങ്ങളിൽ സർക്കാർ കാണിച്ച വിവേചനത്തിനെതിരെ പ്രതിഷേധിക്കുമ്പോൾ വിരളുകയല്ല, വിവേകമുദിക്കുകയാണ് സാർ വേണ്ടത്. എൻ. എസ്. എസ്സിന് ഒരു നീതി ക്രൈസ്തവ മാനേജ്‌മെന്റുകൾക്ക് മറ്റൊരു നീതി ഇതെന്തു ജനാധിപത്യ മര്യാദയാണ് സാർ? ഒരു മാനേജ്മെന്റിന് പരമോന്നത കോടതിയിൽനിന്ന് ലഭിച്ച അനുകൂല വിധി സമാനസാഹചര്യമുള്ള മറ്റു മാനേജ്മെന്റുകൾക്ക് നിഷേധിക്കാൻ സാധ്യമാകുന്നതെങ്ങിനെയാണ്? ഈ ഇരട്ട നീതിയെ ചോദ്യം ചെയ്യാതെ ജീവിക്കാൻ ഞങ്ങൾ അടിമത്വത്തിലൊന്നും അല്ലല്ലോ ജീവിക്കുന്നത്, സ്വതന്ത്ര ഭാരതത്തിലല്ലേ?

ബഹുമാന്യനായ മന്ത്രിയോടും ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടും ക്രൈസ്തവ മാനേജ്മെന്റുകൾക്ക് പറയാനുള്ളത്; ഞങ്ങളിവിടെ ഗവൺമെന്റിനോട് ഒരു സംഘർഷത്തിനോ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയലാഭത്തിനു വേണ്ടിയല്ല ഈ സമരത്തിന് ഇറങ്ങിയത്, 2018 മുതൽ ഉന്നയിച്ച ആവശ്യമാണ് ഇപ്പോളും ഉന്നയിക്കുന്നത്. മാത്രമല്ല, ഉപജീവനത്തിനുള്ള ഉപാധികൾ സകലതും അടയ്ക്കപ്പെട്ട് ദുരിതത്തിൽ ആയിരിക്കുന്ന പതിനാറായിരത്തിലധികം വ്യക്തികളുടെയും അത്രയും കുടുംബങ്ങളിലെ 50000 ത്തോളം വരുന്ന മനുഷ്യരുടെയും ജീവൽപ്രശ്നമാണ് നിങ്ങളുടെ മുൻപിലേക്ക് കൊണ്ടുവരുന്നത്. ഈ വിഷയത്തിൽ ദയവായി രാഷ്ട്രീയം കലർത്തി നശിപ്പിക്കാൻ ശ്രമിക്കരുത്. ഒരു ജനാതിപത്യ സർക്കാർ അതിലെ പൗരന്മാരോട് ദുശാഠ്യത്തിനു പോകുന്നത് ഉചിതമാണോ എന്ന് നിങ്ങൾ പര്യാലോചിക്കണം. ബഹുസഹസ്രം മനുഷ്യരുടെ കണ്ണീരിൽ നിങ്ങൾ രാഷ്ട്രീയം കലർത്താൻ ശ്രമിക്കരുത്.

