അന്നീദാ വെള്ളി

സീറോ മലബാർ സഭ ഈ വർഷം ഫെബ്രുവരി 28 വെള്ളിയാഴ്ച (ദനഹാക്കാലം അവസാന വെള്ളിയാഴ്ച) മരിച്ചവിശ്വാസികളുടെ തിരുന്നാൾ ആഘോഷിക്കുന്നു.

പൂന്തോട്ടം മനോഹരമാകുന്നത് വിവിധങ്ങളായ പൂക്കളുടെ സാന്നിധ്യത്താലാണ്. അതുപോലെയാണ്, വിവിധങ്ങളായ സഭാപാരമ്പര്യങ്ങളാൽ ഒരൊറ്റ വിശ്വാസത്തിൽ പരിശുദ്ധ കത്തോലിക്കാ സഭ സമ്പുഷ്ടയാകുന്നതും. ലത്തീൻ സഭയിൽ നവംബർ രണ്ടിനും സീറോ മലങ്കര സഭയിൽ വലിയ നോമ്പ് തുടങ്ങും മുമ്പുള്ള ഞായറാഴ്ചയുമാണ് മരിച്ചവരുടെ തിരുനാൾ ആഘോഷിക്കുന്നത്. എന്നാൽ സീറോ മലബാർ സഭയിൽ മരിച്ചവിശ്വാസികളുടെ ഓർമ ആഘോഷിക്കുന്നത് നോമ്പ് തുടങ്ങുംമുമ്പുള്ള വെള്ളിയാഴ്ചയാണ്. അതായത് ദനഹാക്കാലത്തെ അവസാന വെള്ളിയാഴ്ച.

എന്തുകൊണ്ട് വെള്ളിയാഴ്ച?

നമ്മുടെ കർത്താവ് കുരിശിൽ ജീവൻ വെടിഞ്ഞത് വെള്ളിയാഴ്ച വൈകുന്നേരമാണന്നാണല്ലോ സുവിശേഷം സാക്ഷ്യം നൽകുന്നത്. നമ്മുടെ കർത്താവിന്റെ മരണം അനുസ്മരിക്കുന്ന വെള്ളിയാഴ്ച കർത്താവിൽ മരിച്ച രക്തസാക്ഷികളെയും ഉത്ഥാനം പ്രതീക്ഷിച്ച് മരണമടഞ്ഞവരെയും ഓർക്കുന്നത് അതിനാൽ ന്യായവും യുക്തവുമാണ്. നമ്മുടെ കർത്താവിന്റെ മരണത്തോട് ഐക്യപ്പെട്ടിരിക്കുന്ന നാം അവിടുത്തെ ഉയിർപ്പിലും അവിടുത്തോടുകൂടെ ഐക്യപ്പെടും എന്ന ശ്ലീഹായുടെ വിശ്വാസം തന്നെയാണ് സഭ ഇതിലൂടെ പ്രഘോഷിക്കുന്നത്.

മരിച്ച വിശ്വാസികളുടെ തിരുനാൾ

‘അന്നീദാ’ എന്ന സുറിയാനി പദമാണ് മരിച്ച വിശ്വാസികളെ സൂചിപ്പിക്കാൻ സഭ ഉപയോഗിക്കുന്നത്. അതിനാൽ ഈ തിരുനാളിനെ അന്നീദാ തിരുനാൾ എന്നും വിളിക്കുന്നു. തിരുനാളുകളെ കുറിച്ചുള്ള പഴയ കയ്യെഴുത്ത് പ്രതികളിൽ ഈ തിരുനാളിനെ ആദത്തിന്റെ മക്കളുടെ ഓർമ എന്നും വിളിക്കുന്നുണ്ട്. അതായത് പുതിയ നിയമവിശ്വാസികളെ മാത്രമല്ല പഴയനിയമത്തിൽ ജീവിച്ചിരുന്ന സത്യവിശ്വാസികളുടെയും ഓർമയാചരണം കൂടിയാണ് ഈ തിരുനാൾ.

സീറോ മലബാർ സഭയുടെ ആരാധനാക്രമ പഞ്ചാംഗത്തിൽ ദനഹാകാലത്തിലെയും കൈത്താക്കാലത്തിലെയും വെള്ളിയാഴ്ചകളിലാണ് വിശുദ്ധരുടെ ഓർമ ആഘോഷിക്കുന്നത്. കാരണം, അവർ ഈ ലോകത്തിൽ കർത്താവിനെ വെളിപ്പെടുത്തി നൽകിയവരാണ്. കർത്താവിനെ ഈ ലോകത്തിൽ ആദ്യമായി വെളിപ്പെടുത്തി നൽകിയ മറിയത്തിന്റെ തിരുനാൾ ദനഹാതിരുനാളിന് മുമ്പുള്ള വെള്ളിയാഴ്ചയാണ് ആഘോഷിക്കുന്നത്. അതുപോലെ, ഈ ലോകത്തിൽ മാമ്മോദീസാ വഴി ക്രിസ്തുവിനെ വെളിപ്പെടുത്തിയ യോഹന്നാനെ ദനഹാതിരുനാൾ കഴിഞ്ഞുവരുന്ന വെള്ളിയാഴ്ചയും ഓർക്കുന്നു.

പിന്നീടുള്ള ആഴ്ചകളിൽ തന്നെ ഈ ലോകത്തിൽ പലവിധത്തിൽ ക്രിസ്തുവിനെ വെളിപ്പെടുത്തിയ രക്തസാക്ഷികളെയും സഭാപിതാക്കന്മാരെയും സഭയുടെ സ്ഥാപകരെയും അനുസ്മരിക്കുന്നു. അതിപ്രകാരമാണ്, ഒന്നാം വെള്ളിയാഴച സ്നാപക യോഹന്നാനെയും രണ്ടാം വെള്ളി സഭയുടെ നെടുംതൂണുകളായ പത്രോസ്^ പൗലോസ് ശ്ലീഹന്മാരെയും മൂന്നാം വെള്ളി ലോകത്തിൽ സുവിശേഷമറിയിച്ച നാല് സുവിശേഷകരെയും നാലാം വെള്ളി ആദ്യ രക്തസാക്ഷിയായ എസ്തപ്പാനോസ് സഹദായെയും ഓർമിക്കുന്നു. അഞ്ചാം വെള്ളിയിൽ ഗ്രീക്ക് സഭയിലെ മൽപ്പാന്മാരെയും ആറാം വെള്ളിയിൽ സുറിയാനി സഭകൾ മുഴുവനിലെയും മൽപ്പാന്മാരെയും ഏഴാം വെള്ളി അതാത് സഭയുടെ സ്ഥാപകനെയും (കേരളത്തിൽ മാർത്തോമ്മാ ശ്ലീഹായെയും) ഓർക്കുന്നു.

ഈസ്റ്റർ താമസിച്ചുവരുന്നു വർഷങ്ങളിൽ ദനഹാക്കാലം ഒൻപത് ആഴ്ചകളാകും, അങ്ങനെ വരുമ്പോൽ എട്ടാം വെള്ളി 40 രക്തസാക്ഷികളുടെ (സെബാസ്ത്യായിലേ 40 രക്തസാക്ഷികൾ) ഓർമ ആചരിക്കുന്നു. ഒൻപതാം വെള്ളി (ദനഹായുടെ അവസാന വെള്ളി) സകല മരിച്ചുപോയവരെയും അനുസ്മരിക്കുന്ന ദിവസമാണ്. കാരണം രക്തസാക്ഷികൾക്ക് തുല്യമായി, ഇഹലോക ജീവിതം പൊരുതി ജയിച്ച് കർത്താവിനെ ഈ ലോകത്തിൽ സാക്ഷ്യപ്പെടുത്തിയവരാണ് മരിച്ച വിശ്വാസികൾ.

മരിച്ചവരുടെ ഓർമയാചരണം എങ്ങനെ?

വെള്ളിയാഴ്ച ഉപവാസവും മാംസ വർജ്ജന ദിനവുമാകയാൽ ആഘോഷങ്ങളിൽ മാംസവർജ്ജനം നടത്തിയിരുന്നു. മരിച്ചവരെ പ്രതിയുള്ള ഉപവാസവും സഭയിൽ ഈ ദിനത്തിൽ നടത്തിയിരുന്നു. പള്ളിയുടെ നടുവിൽ വിരിപ്പ് വിരിച്ച് ധൂപം അർപ്പിക്കുകയും വിശുദ്ധ ജലം തളിക്കുകയും ചെയ്തിരുന്നു. എന്തിനാണ് മരിച്ചവരുടെ കല്ലറയിൽ ധൂപം വയ്ക്കുകയും വിശുദ്ധജലം തളിക്കുകയും ചെയ്യുന്നത്? അതേക്കുറിച്ച് അറിയുന്നതും നല്ലതാണ്.

പാപാപരിഹാരത്തിന് ധൂപബലി പഴയനിയമത്തിൽ ദൈവം ആവശ്യപ്പെടുന്നുണ്ട്. നമ്മുടെ കർത്താവിന്റെ രക്തത്താൽ രക്ഷിക്കപ്പെട്ട സഭയുടെ തനയർക്കു വേണ്ടിയും സഭ ധൂപബലി അർപ്പിക്കാറുണ്ട്. മക്കബായരുടെ പുസ്തകത്തിൽ, യുദ്ധത്തിൽ കൊല്ലപ്പെട്ടവർക്കുവേണ്ടി പാപപരിഹാരബലി നടത്താൻ ജറുസലേം ദൈവാലത്തിലേക്ക് അയക്കപ്പെടുന്നത് നാം വായിക്കുന്നുണ്ട്. അസ്ഥികൾ പനിമഞ്ഞ് തളിക്കണമെന്നും സോപ്പായാൽ എന്റെ പാപം കഴുകണമേ എന്നുമുള്ള സങ്കീർത്തകന്റെ പ്രാർത്ഥനയോട് ചേർന്നുകൊണ്ടാണ് സഭയും മൃതരുടെ അസ്ഥികളിന്മേൽ വിശുദ്ധ ജലം തളിക്കുന്നത്.

മരിച്ചവരുടെ ഓർമയാചരണം പരിശുദ്ധ കുർബാനയിൽ

ജീവിച്ചിരിക്കുന്നവർക്കുവേണ്ടിയും മരിച്ചുപോയവരുടെ പാപപരിഹാരത്തിനായും അർപ്പിക്കപ്പെടുന്ന ആരാധനയാണ് പരിശുദ്ധ കുർബാന. സീറോ മലബാർ കുർബാനയിൽ മരിച്ചുപോയവരെ നിരവധി തവണ ഓർക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്. അനാഫോറായുടെ (കുർബാനയുടെ മുഖ്യഭാഗം) തുടക്കത്തിൽ വിശ്വാസപ്രമാണത്തിന് മുമ്പ് ഓർക്കുന്ന അനുസ്മരണാഗീതത്തിലെ അവസാന വരികൾ മരിച്ചവരുടെ വിശ്വാസപ്രഖ്യാപനമാണ്.

അനാഫോറായിലും അനാഫോറാക്ക് ശേഷവും മരിച്ചവരെ ഓർക്കാറുണ്ട്. കുർബാനയിൽ നാം പ്രാർത്ഥിക്കുന്നതുപോലെ നമുക്കും പ്രാർത്ഥിക്കാം: ‘ചെറിയവരും വലിയവരും നിന്റെ മഹത്വപൂർണമായ ഉത്ഥാനം വഴി നീ മഹത്വത്തോടെ ഉയർപ്പിക്കുമെന്നുള്ള പ്രത്യാശയിൽ മരിച്ചവരെല്ലാം നിദ്ര ചെയ്യുന്നു.’

Syro Malabar Daily Readings 

സീറോ മലബാർ സഭയിൽ സകല വിശുദ്ധരുടെയും മരിച്ചവരുടെയും തിരുനാളുകൾ എന്തുകൊണ്ടാണ് നവംബർ മാസത്തിൽ അല്ലാത്തത്?

ആഗോള ലത്തീൻ കത്തോലിക്കാ സഭ യഥാക്രമം നവംബർ ഒന്നും രണ്ടും തീയതികൾ സകല വിശുദ്ധരുടെയും മരിച്ചവരുടെയും തിരുനാളുകൾ ആഘോഷിക്കുമ്പോൾ സീറോ മലബാർ ഉൾപ്പെടെയുള്ള മറ്റ് ആഗോള പൗരസ്ത്യ കത്തോലിക്കാ സഭകൾ വേറെ ദിവസങ്ങളിൽ ഈ തിരുനാളുകൾ ആഘോഷിക്കുന്നത് ചിലർക്കെങ്കിലും ദഹിയ്ക്കാൻ ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്

എന്തുകൊണ്ട് വ്യത്യാസം?

ആരാധനാക്രമത്തിൽ ലത്തീൻ സഭ വിശുദ്ധരുടെ തിരുനാളുകളെ കേന്ദ്രീകരിച്ചു(sanctoral cycle) മുന്നേറുമ്പോൾ സുറിയാനി ആരാധന പാലിക്കുന്ന സീറോ മലബാർ സഭ ഈശോയുടെ രക്ഷണീയ കർമ്മത്തെ ധ്യാനിക്കുന്ന വിവിധ ആരാധനാക്രമ കാലങ്ങളെ(temporal cycle) കേന്ദ്രീകരിച്ചു മുന്നേറുന്നു.(ഉദാ: മംഗലവാർത്തക്കാലം). ഈശോയുടെ രക്ഷാകര കർമ്മങ്ങളോട് ബന്ധപ്പെടുത്തി ആണ് സീറോ മലബാർ സഭയിൽ ഏറ്റവും പ്രധാനപ്പെട്ട തിരുനാളുകൾ ആചരിക്കുന്നത്. അതുകൊണ്ട് മലബാർ സഭ ദനഹാക്കാലത്തെ അവസാനത്തെ വെള്ളിയാഴ്ച്ച സകല മരിച്ചവരുടെയും തിരുനാൾ കൊണ്ടാടുന്നു. ഉയിർപ്പ് ഞായർ കഴിഞ്ഞുള്ള ആദ്യത്തെ വെള്ളിയാഴ്ച സകല വിശുദ്ധരുടെയും തിരുനാളും ആചരിക്കുന്നു. ഇനി അതിന്റെ കാരണങ്ങൾ കാണാം.

A. സകല മരിച്ചവരുടെയും തിരുനാൾ

ദനഹാക്കാലത്താണ് സീറോ മലബാർ(പൗരസ്ത്യ സുറിയാനി) പാരമ്പര്യത്തിൽ ഈ തിരുനാൾ ആചരിക്കുന്നത്. ദനഹാ കാലത്ത് ഈശോ ഈ ലോകത്തിന് വെളിപ്പെട്ടതിനെക്കുറിച് ഉള്ള ധ്യാനങ്ങൾ ആണല്ലോ സഭയുടെ പ്രാർത്ഥനകളിൽ മുഴുവൻ നിഴലിക്കുന്നത്. ദനഹാ എന്ന വാക്കിന്റെ അർത്ഥം തന്നെ പ്രത്യക്ഷീകരണം, വെളിപ്പെടുത്തൽ എന്നൊക്കെയാണ്. അതുകൊണ്ട് തന്നെ ദനഹാക്കാലത്തെ വെള്ളിയാഴ്ചകൾ ഈശോയെ ഈ ലോകത്തിന് വെളിപ്പെടുത്തിയ സുവിശേഷകന്മാരെയും രക്തസാക്ഷികളെയും, മൽപ്പാന്മാരെയും വിശുദ്ധരെയും ഓർക്കുന്നതിനുള്ള തിരുനാളുകൾ ആയി നമ്മുടെ സീറോ മലബാർ സഭ ആചരിക്കുന്നു. ദനഹാക്കാലത്തെ അവസാന വെള്ളിയാഴ്ച രണ്ടു കാരണങ്ങൾ കൊണ്ട് മരിച്ചവരുടെ തിരുനാൾ ദിനം ആയി ആഘോഷിക്കുന്നു. ഒന്നാമത്തെ കാരണം മരിച്ചവർ തങ്ങളുടെ ജീവിതത്തിലൂടെ ഈശോയുടെ ദനഹാ ആയി മാറിയവർ ആണ എന്നതാണ്. അഥവാ തങ്ങളുടെ ജീവിതത്തിലൂടെ ഈശോയെ ലോകത്തിന് വെളിപ്പെടുത്തിയവർ/ നൽകിയവർ ആണ്. രണ്ടാമത്തെ കാരണം ദനഹാകാലത്തെ ഈ അവസാന വെള്ളി കഴിഞ്ഞ് ഉടൻ നോമ്പുകാലം ആരംഭിക്കുന്നു എന്നതാണ്. നോമ്പുകാലത്ത് ഈശോയുടെ പീഡാസഹനവും മരണവും ഒക്കെയാണല്ലോ ധ്യാനവിഷയങ്ങൾ. മരിച്ചവർ തങ്ങളുടെ ജീവിതകാലത്ത് ഈശോയുടെ സഹനത്തിലും മരണത്തിലും പങ്കുചേർന്നവർ ആണ്.

B. സകല വിശുദ്ധരുടെയും തിരുനാൾ….

ഉയിർപ്പ് കാലത്തെ ആദ്യവെള്ളിയാഴ്ച്ച ആണ് സീറോ മലബാർ സഭ സകല വിശുദ്ധരുടെയും തിരുനാൾ ആചരിക്കുന്നത്. അതിന് ചരിത്രപരമായ ഒരു പശ്ചാത്തലം കൂടിയുണ്ട്. പൗരസ്ത്യ സുറിയാനി സഭയുടെ കാതോലിക്ക(പാത്രീയർക്കീസ്) ആയിരുന്ന മാർ ശെമയോൻ ബർസബായും മറ്റു പല മെത്രാന്മാരും വിശ്വാസത്തെപ്രതി AD 341 ൽ ദുഃഖവെള്ളിയാഴ്ച്ച ദിവസം രക്തസാക്ഷിത്വം വരിച്ചു. അവർ മരിച്ചത് ദുഃഖവെള്ളിയാഴ്ച്ച ആയതിനാൽ അതിനുശേഷം വരുന്ന വെള്ളിയാഴ്ച അവരുടെ ഓർമ്മ ആചരിച്ചു തുടങ്ങി. കാലക്രമത്തിൽ സകല വിശുദ്ധരുടെയും ഓർമ്മയായി ഈ ദിവസം മാറി. ഉയിർപ്പു തിരുനാൾ കഴിഞ്ഞുള്ള വെള്ളിയാഴ്ച്ച കർത്താവിനോട് കൂടെ വിജയം പ്രാപിച്ചവരായ വിശുദ്ധരെ അനുസ്മരിക്കുന്നത് കൂടുതൽ യുക്തിസഹമാണല്ലോ.

ഉപസംഹാരം

കത്തോലിക്കാ കൂട്ടായ്മയിലെ ഏറ്റവും വലിയ വ്യക്തിസഭയായ റോമൻ കത്തോലിക്കാ സഭ(ലത്തീൻ സഭ)യോടൊപ്പം ഈ രണ്ടു തിരുനാളുകളും ആചരിക്കാതിരിക്കുന്നത് ഒരു വൈരാഗ്യബുദ്ധിയുടെ ഭാഗം ആണെന്നു ചിന്തിക്കുന്നവർക്ക് ഉള്ള മറുപടികൾ ആണ് പറയാൻ ശ്രമിച്ചത്. Temporal cycle അഥവാ ആരാധനാക്രമവത്സരത്തെ കേന്ദ്രമാക്കി മുൻപോട്ട് പോകുന്ന പൗരസ്ത്യ സുറിയാനി ക്രമം പാലിക്കുന്ന സീറോ മലബാർ സഭ അതിന്റെ തനതായ ആചാരണങ്ങൾ വഴി സാർവത്രിക സഭാ കൂട്ടായ്മയ്ക് തന്നെ വലിയ നിക്ഷേപം ആണ് സമ്മാനിക്കുന്നത്. തിരുനാളുകളെ മിശിഹായുടെ രക്ഷാകര ദൗത്യങ്ങളോട് ചേർത്തു വച്ച് ആഘോഷിക്കാനും ധ്യാനിക്കാനും ആണ് പൗരസ്ത്യ സുറിയാനി പിതാക്കന്മാർ എന്നും ശ്രമിച്ചിട്ടുള്ളത്.

നിങ്ങൾ വിട്ടുപോയത്