വിദ്വേഷ പ്രഘോഷണം
“മതിലുകൾ പണിയുന്നതിനെ കുറിച്ച് ചിന്തിക്കുന്ന വ്യക്തി ഒരു ക്രിസ്ത്യാനിയല്ല. അത് സുവിശേഷമല്ല”. ഫ്രാൻസിസ് പാപ്പയുടെ വാക്കുകളാണിത്. 2016-ൽ ട്രമ്പ് അമേരിക്കൻ പ്രസിഡൻറ് ആകുന്നതിനു മുമ്പാണ് പാപ്പ ഇങ്ങനെ പറഞ്ഞത്. അതിർത്തിയിൽ മതില് പണിയും എന്നതായിരുന്നല്ലോ ട്രമ്പിന്റെ തിരഞ്ഞെടുപ്പ് പ്രചരണം. അന്ന് ട്രമ്പ് അനുകൂലികൾ പലരും പാപ്പയെ വിമർശിച്ചു. പോപ്പിന് രാഷ്ട്രീയം പറയേണ്ട കാര്യമില്ല എന്നൊക്കെ അവർ പറഞ്ഞു. പക്ഷേ പാപ്പ പറഞ്ഞത് രാഷ്ട്രീയമല്ലായിരുന്നു. സുവിശേഷമായിരുന്നു. പാപ്പ പറഞ്ഞതാണ് സുവിശേഷത്തിന്റെ യുക്തി. അതു മനസ്സിലാക്കി അംഗീകരിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് നിരന്തരം വർഗീയത മാത്രം പങ്കുവയ്ക്കുന്ന ചില പുരോഹിതരുടെ ഫേസ്ബുക്ക് പേജുകൾ. പറഞ്ഞുവരുന്നത് മലയാളമണ്ണിൽ വർഗീയതയ്ക്കും അപര വിദ്വേഷത്തിനും ചുക്കാൻ പിടിക്കുന്ന ചില പുരോഹിത പുംഗവന്മാരെ കുറിച്ചാണ്. ഒപ്പം അവരെ പൊന്നാടയണിയിച്ച് ആദരിക്കുന്ന നിർഗുണാത്മാക്കളെ കുറിച്ചും. വിഭാഗീയതയ്ക്കും വിഭജനത്തിനെതിരെ സംസാരിക്കുന്നവരെ നിശിതമായി വിമർശിക്കുകയും വിശുദ്ധ ഗ്രന്ഥം കയ്യിൽ പിടിച്ചുകൊണ്ട് വിദ്വേഷത്തിന്റെ വിത്തുകൾ വിതയ്ക്കുന്നവരുടെ പ്രഘോഷണങ്ങളുടെ മുന്നിൽ മൗനം പാലിക്കുകയും ചെയ്യുന്ന ഒരു ക്രൈസ്തവ സമൂഹം ഭാവിക്കു വേണ്ടി മാറ്റി വയ്ക്കുന്നത് അസ്വസ്ഥതയുടെ ഒരു സാമൂഹിക അന്തരീക്ഷം മാത്രമായിരിക്കും എന്നു ഓർമ്മപ്പെടുത്തട്ടെ.
പൗരൻ എന്ന നിലയിൽ രാഷ്ട്രീയം എല്ലാവരുടെയും ജന്മാവകാശമാണ്. അത് പാടില്ല എന്ന് ആർക്കും ആരോടും നിഷ്കർഷിക്കുവാനും പറ്റില്ല. പുരോഹിതനും ഉണ്ടായിരിക്കണം രാഷ്ട്രീയം. കാരണം പൗരോഹിത്യത്തിനുമുണ്ട് രാഷ്ട്രീയം. അതിന് ദൈവശാസ്ത്രപരമായി ഒരു രാജകീയത കൽപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ സാമൂഹിക വിഭാഗീയത വളർത്തുന്നതിൽ പൗരോഹിത്യം ഒരിക്കലും മുന്നിൽ നിൽക്കാൻ പാടില്ല. അതല്ല അവർ പ്രഘോഷിക്കുന്ന സുവിശേഷത്തിന്റെ അന്തസത്ത. പൗരോഹിത്യ രാഷ്ട്രീയത്തിന്റെ അടിത്തറ സുവിശേഷമാണ്. ക്രിസ്തുവിന്റെ പഠനങ്ങളെയാണ് സുവിശേഷം എന്ന് വിളിക്കുന്നത്. അവന്റെ പഠനങ്ങളിൽ ഒരിടത്തും വിഭാഗീയതയൊ വിഭജനമൊ ഒരു വിഷയമായി കടന്നു വരുന്നില്ല. വിഭാഗീയത ഉണ്ടാക്കുന്നവൻ ഇടർച്ചയാണ്. അങ്ങനെയുള്ളവർ ഒരു തിരികല്ലു കഴുത്തിൽ കെട്ടി കടലിൽ ചാടുന്നതായിരിക്കും ഉചിതമെന്ന് സുവിശേഷം പ്രതിപാദിക്കുന്നുണ്ട്.
ദേശീയത പുരോഹിതന്റെ രാഷ്ട്രീയമല്ല. അതിനുമപ്പുറത്തേക്ക് വളരുന്ന മാനവികതയാണ് അവന്റെ രാഷ്ട്രീയം. ദേശീയതയിൽ സഹജ വിദ്വേഷത്തിന്റെ മാലപ്പടക്കമുണ്ട്. ആ മാലപ്പടക്കത്തിന് തീ കൊളുത്തുന്ന തരത്തിലുള്ള പ്രഘോഷണം നടത്തുന്ന പുരോഹിതരെയാണ് ഇന്ന് ഏറ്റവും കൂടുതൽ ഭയപ്പെടേണ്ടത്. പൗരോഹിത്യം എന്ന ധർമ്മ യുദ്ധത്തിനു മുൻപിൽ നട്ടെല്ല് പണയപ്പെടുത്തി സഹജ വിദ്വേഷവുമായി വരുന്നവരുടെ എച്ചിലു ഭക്ഷിച്ച് കഴിയുന്നവരാണവർ. അവരുടെ പ്രഘോഷണങ്ങൾക്കാണ് ഇനി നമ്മൾ സെൻസർഷിപ്പ് ഏർപ്പെടുത്തേണ്ടത്. അവരുടെ കുറിപ്പുകളെയാണ് index എന്ന ഗണത്തിൽ പെടുത്തി മാറ്റി വയ്ക്കേണ്ടത്. മാറ്റിവയ്ക്കണം അവകൾ. അതുമല്ലെങ്കിൽ പണ്ട് ഉണ്ടായിരുന്നത് പോലെ കത്തിച്ചു കളയണം. കാരണം ആ പ്രഘോഷണങ്ങൾ മനുഷ്യകുലത്തിന്റെ ഭാവിക്ക് ആപത്താണ്. അത് സുവിശേഷമല്ല. അത് വിശേഷമേയല്ല. അതിനെ നിർവ്വചിക്കാൻ ഭാഷയിൽ പദങ്ങൾ ഇല്ല. അതിലെ പൊരുൾ തിന്മ മാത്രമാണ്.
സത്യമാണ്. നമ്മുടെ സമൂഹത്തിൽ പ്രശ്നങ്ങളുണ്ട്. പ്രശ്നങ്ങളുടെ മുന്നിൽ ഒരു നിലപാട് എടുക്കുക എന്നത് പക്വതയാണ്. പക്ഷേ ഒരു പുരോഹിതൻ എന്ന നിലയിൽ നിലപാടിൽ പൈശാചികത കടന്നു വരരുത്. ബൈബിൾ ഭാഷ്യമനുസരിച്ച് വിഭജിക്കുന്നവനാണ് പിശാച്ച്. വിഭജനത്തിന്റെ സുവിശേഷം പ്രസംഗിക്കുന്ന ഒരാളെ മറ്റൊരു ക്രിസ്തു എന്ന് വിളിക്കാൻ സാധിക്കില്ല. അസ്വസ്ഥമായ വ്യക്തിത്വത്തിന്റെ പ്രകാശനമാണ് വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും പദ ശേഖരങ്ങൾ നിറഞ്ഞ പ്രഘോഷണങ്ങൾ. എറിക്ക് ഫ്രോമിന്റെ വാക്കുകളിൽ പറഞ്ഞാൽ അദ്ദേഹം ഒരു malignant narcissist ആണ്. സൂക്ഷിക്കണം അവരെ. ക്രിസ്തുവിന്റെ സഹാനുഭൂതിയെക്കുറിച്ച് ഒരു തരി പോലും അറിയാതെ അവർ ദൈവവചനം പ്രഘോഷിക്കുന്നു. അതിന് അല്ലേല്ലുയ പാടാൻ ധിഷണയെ പണയപ്പെടുത്തിയ കുറെ വർഗീയവാദികളും.
വർഗീയത പ്രസംഗിക്കുന്ന പുരോഹിതരേക്കാൾ വലിയ അപകടം ജനാധിപത്യത്തിൽ വേറെയില്ല. ഒരു കൂട്ടത്തിന് വിദ്വേഷത്തിന്റെ മയക്കുമരുന്ന് നൽകി വെറുപ്പിന്റെ കൂടാരത്തിലേക്ക് നയിക്കാൻ അവർക്ക് വളരെ എളുപ്പത്തിൽ സാധിക്കും. അങ്ങനെയുള്ള ദുർബോധനം ജനാധിപത്യത്തിനെതിരായ പോപുലിസത്തെ (populism) വളർത്തും. പോപുലിസത്തിൽ വെറുപ്പ് ആളിപ്പടരും. കലാപം നിശബ്ദമായി നമ്മുടെ നിരത്തിലൂടെ സഞ്ചരിക്കും. സാഹോദര്യം നമ്മിൽ നിന്നും അപഹരിക്കപ്പെടും. നാട് കൂട്ടമായി ജീവിക്കുന്ന ശത്രുക്കളുടെ ഇടമായി മാറും.
ജർമൻ ചിന്തകനായ Ingolf Dalferth ദൈവം എന്ന പദത്തെ ഒരു index-word (സൂചിത പദം) ആയിട്ടാണ് കരുതുന്നത്. അതിനു കാരണമുണ്ട്. ദൈവമെന്ന യാഥാർത്ഥ്യത്തെ എല്ലാ തലത്തിലൂടെയും അറിയാൻ സാധിക്കില്ല. “God is to be identified in the lives of those believing in God” എന്നാണദ്ദേഹം പറയുന്നത്. എന്റെ ചോദ്യമിതാണ്. വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും പൊരുളുകൾ കുത്തി നിറച്ചിട്ടുള്ള ചില പ്രഘോഷണങ്ങളിലൂടെയും കുറിപ്പുകളിലൂടെയും ഏതു ദൈവത്തെയാണ് നിങ്ങൾ ചൂണ്ടികാണിക്കുന്നത്? ഏതു ദൈവത്തെയാണ് ഞങ്ങൾ നിങ്ങളിൽ നിന്നും തിരിച്ചറിയേണ്ടത്? അതുകൊണ്ട്, പുരോഹിതാ, നീ എന്താണ് പറയുന്നത്, നീ എന്താണ് കുറിക്കുന്നത്, നീ എന്താണ് പ്രഘോഷിക്കുന്നത് എന്നതിനെ കുറിച്ച് വ്യക്തമായ ബോധമുണ്ടാകുക. നിന്റെ പദങ്ങളിൽ നിന്നും വിദ്വേഷത്തിന്റെ ഭാവങ്ങൾ എടുത്തു മാറ്റുക. സുവിശേഷത്തിൽ മായം ചേർക്കാതെ, അതിന്റെ തനിമ നഷ്ടപ്പെടുത്താതെ സ്നേഹത്തിനും ആർദ്രതയ്ക്കും സഹാനുഭൂതിക്കും പ്രാധാന്യം കൊടുക്കുക
./// ഫാ. മാർട്ടിൻ N ആന്റണി///