ഭീകരസംഘടനകളും അധോലോകസംഘങ്ങളും ചേർന്നു കേരളത്തെ വരിഞ്ഞുമുറുക്കുകയാണോ എന്നു സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. പിടിച്ചതിനെക്കാൾ വലുത് അളയിലുണ്ട് എന്ന മട്ടിലാണു കാര്യങ്ങൾ.
ഭീകരവാദ സംഘടനകളും അധോലോകസംഘങ്ങളും കേരളത്തിൽ എത്രമാത്രം വേരാഴ്ത്തിക്കഴിഞ്ഞു എന്നു വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പലതും ഈ ദിവസങ്ങളിൽ പുറത്തുവരുന്നുണ്ട്. കോഴിക്കോട്ടും മറ്റു ചില സ്ഥലങ്ങളിലും സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചുവന്നതായുള്ള വാർത്തകൾ അതീവ ഗൗരവമുള്ളതാണ്. ഹവാല ഇടപാടുകാരും സ്വർണക്കടത്തുകാരുമൊക്കെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളെയാണ് ആശ്രയിക്കുന്നത് എന്നത് അധോലോകസംഘം എത്ര വിപുലമായ സന്നാഹങ്ങളോടെയാണ് ഇവിടെ പ്രവർത്തിക്കുന്നതെന്നു വ്യക്തമാക്കുന്നു. ഇത്തരം സമാന്തര സാങ്കേതിക സംവിധാനങ്ങളെ ഭീകരവാദ സംഘടനകളും ഉപയോഗപ്പെടുത്തുന്നുണ്ട് എന്നതാണ് ഏറെ ഉത്കണ്ഠാജനകം. ഐഎസ് അടക്കമുള്ള തീവ്രവാദിസംഘടനകളുടെ സ്ലീപ്പിംഗ് സെല്ലുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന വിരമിച്ച ഡിജിപി ലോക്നാഥ് ബഹ്റയുടെ വെളിപ്പെടുത്തൽ ഇപ്പോഴത്തെ പല വാർത്തകളുമായും ചേർത്തുവായിക്കുന്പോൾ കാര്യങ്ങളുടെ ഗുരുതരാവസ്ഥ ബോധ്യമാകും.
സംസ്ഥാനത്തു കോളിളക്കം സൃഷ്ടിച്ച നയതന്ത്ര ബാഗേജ് സ്വർണക്കള്ളക്കടത്തിനു പിന്നിലുള്ള സംഘം സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് ഉപയോഗിച്ചിരുന്നതായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കരുതുന്നു. കോഴിക്കോട്ട് സമാന്തര എക്സ്ചേഞ്ച് പിടികൂടിയശേഷമാണ് നയതന്ത്ര കേസിലുൾപ്പെട്ടവർ ഇത് ഉപയോഗിച്ചിരിക്കാനുള്ള സാധ്യത കസ്റ്റംസ് സംശയിച്ചത്. വേറെ പല സ്വർണക്കള്ളക്കടത്തുസംഘങ്ങളും ഹവാല സംഘങ്ങളും സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് ഉപയോഗിക്കുന്നതായി പോലീസ് നേരത്തേ കണ്ടെത്തിയിരുന്നു. സ്വർണ കള്ളക്കടത്തുകാരെയും ഹവാല ഇടപാടുകാരെയും പിടികൂടിയതായി ഇടയ്ക്കിടെ വാർത്തകൾ വരാറുണ്ടെങ്കിലും സ്വർണക്കടത്തും ഹവാല ഇടപാടുകളും ഇവിടെ സമാന്തര ബിസിനസായി ഭീമാകാരം പൂണ്ടു വളരുന്നതുകണ്ടു സാധാരണക്കാർ അമ്പരന്നിരുന്നു. ഉത്തരം കിട്ടാത്ത പലവിധ സംശയങ്ങളും അവർക്കുണ്ടായിരുന്നു. സംസ്ഥാനത്തു സമാന്തര സന്പദ്ഘടന സൃഷ്ടിക്കാൻ സമാന്തര വാർത്താവിനിമയ ബന്ധങ്ങൾ പോലും സ്ഥാപിച്ച് ഒരു സമാന്തര സർക്കാർ പ്രവർത്തിക്കുന്നതു പോലുള്ള നിലയിലേക്ക് അധോലോക സംഘങ്ങൾ വളർന്നതു വളരെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മുന്നൂറിലേറെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണു പിടിയിലായവർ പോലീസിനു നൽകിയ മൊഴി. വിദേശത്തുനിന്നു നിയമവിരുദ്ധമായി ഫോൺകോളുകൾ രാജ്യത്തേക്ക് എത്തിക്കുന്ന ഒന്നിലേറെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കോഴിക്കോട്ടും പരിസരങ്ങളിവുമായി പ്രവർത്തിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പോലീസും വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളും നടത്തിയ പരിശോധനയിൽ ഫൈബർ കേബിളുകളും മറ്റുപകരണങ്ങളും പിടിച്ചെടുത്തു. സമാന്തര എക്സ്ചേഞ്ചിനു പിന്നിലെ പ്രധാന കണ്ണികളിലൊരാളായ മലപ്പുറം സ്വദേശിക്കു പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. പാക്കിസ്ഥാനിയായ റഹിം എന്നയാൾക്ക് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിന് ഉപയോഗിക്കുന്ന സിം റൂട്ടറുകൾ ഇയാൾ നൽകിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. ഈ റൂട്ടറുകൾ ഉപയോഗിച്ച് എന്തെല്ലാം പ്രവർത്തനങ്ങളാണു രാജ്യത്തിനകത്തു നടത്തിയതെന്നു വ്യക്തമായിട്ടില്ല. ചൈനയിൽ നിർമിക്കുന്ന ഉപകരണങ്ങളാണു ദക്ഷിണേന്ത്യയിൽ പലയിടത്തേക്കും സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിനായി എത്തിക്കുന്നതെന്നു വ്യക്തമായിട്ടുണ്ട്. ഇന്ത്യയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന വിദേശശക്തികളുടെ സഹായവും ഇവർക്കെല്ലാം ലഭിക്കുന്നുണ്ടെന്നതു ഞെട്ടിക്കുന്ന കാര്യമാണ്.
2019-ൽ മുംബൈയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പിടികൂടിയിരുന്നു. തുടർന്നു മിലിട്ടറി ഇന്റലിജൻസും മുംബൈ തീവ്രവാദവിരുദ്ധ സേനയും നടത്തിയ അന്വേഷണത്തിൽ ഇതിനു മലയാളി ബന്ധമുണ്ടെന്ന സൂചന ലഭിച്ചു. കൂടുതൽ അന്വേഷണത്തിൽ തിരൂർ സ്വദേശിയായ യുവാവിന്റെ പങ്കിനെക്കുറിച്ചു വിവരങ്ങൾ കിട്ടി. ഈ അന്വേഷണം നടക്കുന്നതിനിടെ വയനാട് വൈത്തിരിയിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിനെക്കുറിച്ചുള്ള അന്വേഷണം നീളുന്പോൾ ഇത്തരം ദുരൂഹമരണങ്ങൾ ഉണ്ടാകുന്നതു സംശയങ്ങൾ വർധിപ്പിക്കുകയാണ്. ഭീകരസംഘടനകളും അധോലോകസംഘങ്ങളും ചേർന്നു കേരളത്തെ വരിഞ്ഞുമുറുക്കുകയാണോ എന്നു സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. പിടിച്ചതിനെക്കാൾ വലുത് അളയിലുണ്ട് എന്ന മട്ടിലാണു കാര്യങ്ങൾ. ഇവിടത്തെ പോലീസ് സേനയും രഹസ്യാന്വേഷണ ഏജൻസികളും ഇത്രനാളും എന്തെടുക്കുകയായിരുന്നു എന്ന ചോദ്യം ന്യായമായും ഉയരുന്നു. അതോ അവയിലും ഈ ഭീകരസംഘങ്ങൾക്കു സ്ലീപ്പിംഗ് സെല്ലുകളുണ്ടോ? ഏറെ ആശങ്കാജനകമാണു സ്ഥിതിഗതികൾ.
ദീപിക ആഗസ്ത് 6