പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ത്ഥിയുടെ മാനസികാവസ്ഥയോടെയാണ് ‘വരയന്‍’ കാണുന്നതിന് തീയേറ്ററില്‍ കയറിയത്. സിനിമയുടെ സംവിധായകന്‍ ജിജോ ജോസഫ് അടുത്ത സുഹൃത്താണ്.

സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്ത് എഴുമെന്നായിരുന്നു എന്റെ ആശങ്ക. അടുത്ത കാലത്ത് ഹൃദയത്തില്‍ തട്ടിയ ചില സിനിമകളെക്കുറിച്ച് റിവ്യൂ എഴുതിയിരുന്നു. അതുവായിച്ചതുകൊണ്ടാണ് ആ സിനിമകള്‍ കണ്ടതെന്ന് ചിലര്‍ പറഞ്ഞതായിരുന്നു മനസില്‍. എന്റെ സിനിമ ഇറങ്ങിക്കഴിയുമ്പോള്‍ എന്തായിരിക്കും എഴുതുന്നതെന്ന് ഒരു സുഹൃദ്‌സദസില്‍ വച്ച് തമാശുരൂപേണ ജിജോ ഒരിക്കല്‍ ചോദിച്ചിരുന്നു.

തീയേറ്ററില്‍നിന്നും വലിയ സന്തോഷത്തോടെയാണ് ഇറങ്ങിയത്. വളരെ നല്ല സിനിമ. കാലം ആവശ്യപ്പെടുന്ന നല്ലൊരു പ്രമേയം. ഒരു നിമിഷംപോലും ബോറടിച്ചില്ല. നായകനായ സിജു വില്‍സന്റെ എബിയച്ചന്‍ എന്ന കഥാപാത്രം തീയേറ്ററില്‍നിന്ന് ഇറങ്ങിയിട്ടും മനസില്‍ മായാതെ നില്ക്കുന്നു.

വിശുദ്ധമായ ഒരു സ്വപ്നം കണ്ട് ഉറക്കമുണരുന്ന മനസോടെയാണ് തീയേറ്ററില്‍നിന്നും പുറത്തേക്ക് ഇറങ്ങിയത്. കണ്ടും കേട്ടും വായിച്ചും പരിചയമുള്ള അനേകം വിശുദ്ധരായ വൈദികരെക്കുറിച്ചുള്ള ഓര്‍മകള്‍ മനസില്‍ നിറയുന്നു. വരയനിലെ ചെറുതും വലുതുമായ കഥാപാത്രങ്ങളൊന്നും മനസില്‍നിന്നും മാഞ്ഞുപോവില്ലെന്നതായിരിക്കും ഈ സിനിമയുടെ പ്രത്യേകത കളിലൊന്ന്.ജീന്‍വാല്‍ജിന്റെ കഥയിലെ ബിഷപ് ഒരിക്കല്‍ക്കൂടി ഓര്‍മയിലേക്ക് എത്തി. ജയില്‍പുള്ളിയുടെ മുദ്രയും പേറി പുറത്തിറങ്ങുന്ന ജീന്‍വാല്‍ജിന്റെ നേരെ എല്ലാവരും വാതിലുകള്‍ കൊട്ടിയടച്ചപ്പോള്‍ രാത്രിയില്‍ അഭയം നല്‍കിയത് കരുണനിറഞ്ഞ ആ ബിഷപായിരുന്നു. എങ്കിലും, രാത്രിയുടെ യാമങ്ങളില്‍ അയാള്‍ ഒരു കള്ളനായി മാറി ബിഷപിന്റെ വെള്ളിപാത്രങ്ങളുമായി സ്ഥലം വിടുന്നു. പിറ്റേന്ന് പോലീസുകാര്‍ തൊണ്ടിസഹിതം അയാളെ ബിഷപിന്റെ മുമ്പില്‍ ഹാജരാക്കുമ്പോള്‍ കാരുണ്യത്തോടെ അദ്ദേഹം ചോദിക്കുന്നു, ”തിരിക്കാലുകള്‍കൂടി നിനക്ക് നല്‍കിയതല്ലേ? എന്തുകൊണ്ട് അതുകൊണ്ടുപോയില്ല?” കള്ളനില്‍നിന്നും ഒരു വിശുദ്ധന്‍ അവിടെ ജനിക്കുകയായിരുന്നു.

ആ കഥയില്‍ വെള്ളിപാത്രങ്ങളാണ് മോഷ്ടിച്ചതെങ്കില്‍ ഇവിടെ സ്വന്തം ജീവനെടുക്കാന്‍ ശ്രമിച്ചവരെയാണ് പോലീസ് സ്റ്റേഷനില്‍നിന്നും എബിയച്ചന്‍ പുറത്തിറക്കുന്നത്. അന്ധകാരത്തിന്റെ നടുവില്‍ കത്തിച്ചുവച്ച മെഴുകുതി നാളമാണ് വരയന്‍ എന്ന സിനിമ. ഇന്ത്യന്‍ റുപ്പി എന്ന സിനിമയില്‍ പൃഥിരാജ് തിലകനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. സാര്‍, നിങ്ങള്‍ ഇതുവരെ എവിടെയായിരുന്നു? നീണ്ട കാലമായി മാധ്യമരംഗത്തുണ്ടായിരുന്നിട്ടും സിനിമ സംവിധാനം ചെയ്യാന്‍ ജിജോ എന്തുകൊണ്ടാണ് വൈകിയതെന്നൊരു സാധാരണ പ്രേക്ഷകന്റെ ചോദ്യം മാത്രമാണ് ഇപ്പോള്‍ എന്റെ മനസിലും. പറ്റുമെങ്കില്‍ നിങ്ങളുടെ മക്കളെയോ പ്രിയപ്പെട്ട കുട്ടികളെയോ ഈ സിനിമ കാണിക്കണമെന്നൊരു അഭ്യര്‍ത്ഥനയുണ്ട്. അവരുടെ മനസില്‍ നന്മയുടെ വിത്തുകള്‍ വിതയ്ക്കാന്‍ ഇതിലും നല്ലൊവസരം ഒരുപക്ഷേ ഇനി ലഭിച്ചെന്നുവരില്ല. ഹൃദയത്തില്‍ നന്മയുടെ വിത്തുകള്‍ വിതറിയതിന് ജിജോ ഒരിക്കല്‍ക്കൂടി നന്ദി.

ജോസഫ് മൈക്കിള്‍

പള്ളീലച്ചനാകുമെന്ന് എല്ലാരും കരുതി….ഒടുവിൽ സിനിമയിലച്ചനായി…